ആലത്തൂർ
മരിച്ചയാളുടെ പേരിലുള്ള രണ്ടരലക്ഷം രൂപയുടെ ത്രിഫ്‌റ്റ് നിക്ഷേപം വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത കെപിസിസി അംഗത്തിനെതിരെ കേസെടുത്തു. കോൺഗ്രസ് ഭരിക്കുന്ന ആലത്തൂർ ഗവ. എംപ്ലോയീസ് സഹകരണ സംഘത്തിലാണ് തട്ടിപ്പ് നടന്നത്. എം ജി പ്രകാശന്റെ പേരിലുള്ള നിക്ഷേപമാണ് കോൺഗ്രസ് നേതാവും സഹകരണ സംഘം സെക്രട്ടറിയുടെ ചുമതലയുമുള്ള എസ് സുദർശൻ തട്ടിയെടുത്തത്.
കാഷ്യർ റിനില, പ്യൂൺ പ്രസീത എന്നിവരാണ് കൂട്ടുപ്രതികൾ. ഇവർക്കെതിരെയും കേസെടുത്തു. സഹകരണ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ജീവനക്കാരെ നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. 2020 നവംബർ 20ന് മരിച്ച പ്രകാശന്റെ പേരിലുള്ള 2.5 ലക്ഷം രൂപയുടെ എംഎംബിഎസ് ചിട്ടി നിക്ഷേപം 2022 ഡിസംബർ 13ന് പ്രത്യേക എസ്‌ബി അക്കൗണ്ട് തുറന്ന് അതിലേക്കുമാറ്റി. ശേഷം വ്യാജ ഒപ്പിട്ട് തട്ടിയെടുക്കുകയായിരുന്നു. പരിശോധനയിൽ കൂടുതൽ ക്രമക്കേടും കണ്ടെത്തി. നിർജീവമായതും മരണപ്പെടുകയും ചെയ്‌ത അംഗങ്ങളുടെ പേരിലുള്ള 5.80 ലക്ഷം രൂപ വിവിധ ഘട്ടങ്ങളിൽ തട്ടിയെടുത്തെന്നും പൊലീസിന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. എരിമയൂർ സ്വദേശിയായ എസ് സുദർശനന് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണ ചുമതലയുമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..