19 December Thursday

ലക്ഷദ്വീപുകാരുടെ 
യാത്രാസൗകര്യം വെട്ടിക്കുറച്ചു ; സമ്മതിച്ച്‌ കേന്ദ്രസർക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024


ന്യൂഡൽഹി
ലക്ഷദ്വീപിലേക്കുള്ള യാത്രാ സൗകര്യങ്ങളുടെ അഭാവത്തെപ്പറ്റി നിരന്തരം പരാതികളുയരുമ്പോഴും, ലഭ്യമായ സൗകര്യങ്ങൾകൂടി വെട്ടിക്കുറക്കുകയാണെന്ന്‌ സമ്മതിച്ച്‌ കേന്ദ്രസർക്കാർ. രാജ്യസഭയിൽ വി ശിവദാസന്‌ നൽകിയ മറുപടിയിലാണ്‌ ഷിപ്പിങ്‌  മന്ത്രി സർബാനന്ദ സോനോവാൾ ഇക്കാര്യം സമ്മതിച്ചത്‌.

എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന ‘ഓൾ വെതർ പാസഞ്ചർ ഷിപ്പ്‌’  അഞ്ചെണ്ണം മാത്രമാണ് മൂന്ന് വർഷമായി സർവീസ് നടത്തുന്നത്. 2022 വരെ സർവീസ്‌ നടത്തിവന്ന രണ്ട്‌ ഫെയർ വെതർ ഷിപ്‌  പൂർണമായും നിർത്തി. ഹൈ സ്‌പീഡ് ക്രാഫ്റ്റ്സ് എട്ടെണ്ണം ഉണ്ടായിരുന്നത് ആറായി കുറച്ചു.

ദ്വീപിലേക്കും തിരിച്ച്‌ കേരളത്തിലേക്കും ആഴ്ചകളോളം ടിക്കറ്റ് കിട്ടാത്ത സാഹചര്യമാണ്‌. ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങൾക്ക് ദ്വീപിലെ ജനതയ്‌ക്ക്‌ നിരന്തരം പുറത്തേയ്‌ക്ക് യാത്ര ചെയ്യണം. കടുത്ത മനുഷ്യാവകാശ ലംഘനമാണ്‌ ലക്ഷദ്വീപ്‌വാസികൾ നേരിടുന്നതെന്നു വി ശിവദാസൻ പ്രതികരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top