18 December Wednesday

നായ മുതൽ റീൽസ്‌ വരെ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024

കോഴിക്കോട് താമരശേരിയിൽ ടൂറിസ്റ്റ് 
ബസിന്‌ മുകളിൽനിന്നെടുത്ത റീൽ

തയ്യാറാക്കിയത്‌
ശ്രീരാജ്‌ ഓണക്കൂർ 
, ഹർഷാദ്‌ മാളിയേക്കൽ 
, എസ്‌ കിരൺബാബു

കേരളത്തിലെ ആദ്യ വാഹനാപകട മരണത്തിന്‌ കാരണമായത്‌ ഒരു നായയാണ്‌. 110 വർഷം മുൻപ്‌, 1914 സെപ്‌തംബർ 20ന്‌ കായംകുളത്തിനടുത്തായിരുന്നു അപകടം. മരിച്ചത്‌ കേരളവർമ വലിയ കോയിത്തമ്പുരാൻ. വൈക്കം ക്ഷേത്രദർശനം കഴിഞ്ഞ്‌ തിരുവനന്തപുരം കൊട്ടാരത്തിലേക്ക്‌ മടങ്ങവേ കായംകുളം കുറ്റിത്തെരുവ്‌ ജങ്‌ഷനിൽ കാറിന്‌ കുറുകെ നായ ചാടി. ഡ്രൈവർ വെട്ടിച്ചപ്പോൾ കാർ മറിഞ്ഞു. ഇന്നിപ്പോൾ അപകടങ്ങൾ പലവിധം. ഏറ്റവുമൊടുവിൽ നടുറോഡിൽ റീൽസെടുക്കുമ്പോൾ വരെയായി അപകടവും മരണവും. സമൂഹ മാധ്യമങ്ങളിൽ ലൈക്കും ഷെയറും ഫോളോവർമാരെയും കിട്ടാൻ "മരിക്കാൻവരെ’ തയ്യാർ. ആളൊഴിഞ്ഞ റോഡുകളിൽ മാത്രം ഒതുങ്ങിയിരുന്ന ‘അഭ്യാസങ്ങൾ’ തിരക്കുള്ള റോഡുകളിലേക്കും വ്യാപിച്ചു.

നിരത്തുകളിൽ ഒരു ചിത്രീകരണത്തിനും അനുമതിയില്ലെന്നിരിക്കെയാണ് ‘999 ഓട്ടോമോട്ടീവ്’ സ്ഥാപനത്തിന് വേണ്ടി ബെൻസ് ജി ക്ലാസ്, ലാൻഡ് റോവർ ഡിഫൻഡർ എന്നിവയുടെ ചേസിങ്ങ് വീഡിയോ പകർത്തിയതും യുവാവിന്റെ ജീവൻ നഷ്ടമായതും. കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപം കഴിഞ്ഞ 11നായിരുന്നു ചിത്രീകരണം. അമിതവേ​ഗത്തിലെത്തിയ ജി ക്ലാസ് ഇടിച്ചാണ് വടകര കടമേരി തച്ചിലേരി താഴെകുനി ആൽവിൻ (20) മരിച്ചത്. വാഹനങ്ങൾ ഓടിച്ച കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഇടശേരി മുഹമ്മദ് റബീസ് (32), മലപ്പുറം മഞ്ചേരി സ്വദേശി കരുവമ്പ്രം കല്ലിങ്ങൽ വീട്ടിൽ സാബിത്ത് റഹ്മാൻ (28) എന്നിവരെ അറസ്റ്റ്ചെയ്തു.

പതിനെട്ട്‌ വയസ്സ്‌ മുതൽ 23 വരെയുള്ള ചെറുപ്പക്കാരാണ്‌ കാൽനടയാത്രക്കാർക്കും മറ്റ്‌ വാഹനങ്ങൾക്കും ഭീഷണിയായി ബൈക്ക്‌ സ്റ്റണ്ടും റേസുമായി റോഡിൽ മരണപാച്ചിൽ നടത്തുന്നത്‌. കോഴിക്കോട് താമരശേരി ചുരം, മലപ്പുറം നിലമ്പൂർ കനോലിപോട്ട്, നാടുകാണിച്ചുരം, എറണാകുളം ഗോശ്രീ പാലത്തിന്‌ സമീപം ചാത്യാത്ത്‌ റോഡ്‌, ഇൻഫോപാർക്ക്‌ റോഡ്‌, പനമ്പിള്ളി നഗർ, മേനക ജങ്‌ഷൻ, ആലുവ നഗരം, കളമശ്ശേരി എച്ച്‌എംടി കോളനിയിലെ സീപോർട്ട്‌–എയർപോർട്ട്‌ റോഡ്‌, തിരുവനന്തപുരം കവടിയാർ, വിഴിഞ്ഞം തുടങ്ങിയവ ബൈക്ക്‌ സ്റ്റണ്ടുകാരുടെ "മരണപാത’കൾ.  

""കൈയും കാലും 
തല്ലിയൊടിക്കും''
‘ഈ റോഡിൽ ഇരുചക്ര വാഹനത്തിൽ റീൽസ് എടുക്കുന്നവന്റെ കൈയും കാലും തല്ലിയൊടിക്കും.’ എന്ന്‌  എഴുതി ഫ്‌ളക്‌സ്‌ വയ്‌ക്കേണ്ടിവന്നു തിരുവല്ലക്കാർക്ക്‌. കിഴക്കൻ മുത്തൂർ– മനയ്‌ക്കച്ചിറ റോഡിലെ നാട്ടുകടവിലാണിത്‌. പാലത്തിനടുത്ത്‌ നാല്‌ കൗമാരക്കാർ നടത്തിയ റീൽസ് ചിത്രീകരണത്തിനിടെ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച്ഓട്ടോറിക്ഷ ഡ്രൈവർ സണ്ണിക്ക്‌ പരിക്കേറ്റതോടെയാണ്‌ ഫ്ളക്‌സ്‌ പ്രത്യക്ഷപ്പെട്ടത്‌.

പെർമിറ്റ്‌ റദ്ദാക്കിയാലെന്താ 
റീൽസ്‌ ട്രെൻഡിങ്ങാണ്‌
കാളവണ്ടി മുതൽ ടൂറിസ്റ്റ്‌ ബസ്സിൽവരെ റീൽസെടുക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്‌ ചിലർ. 2023 ഏപ്രിൽ 25ന്‌ കോഴിക്കോട് താമരശേരിയിൽ ടൂറിസ്റ്റ് ബസിന്‌ മുകളിലും സൈഡ് വിൻഡോയിൽ തൂങ്ങി നിന്ന്‌ റീൽസെടുത്തത്‌ സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡിങ്ങായിരുന്നു. ബസ്സിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്  റദ്ദാക്കിയാലെന്താ റീൽസ്‌ ട്രൻഡ്‌ ആയല്ലോ എന്ന സന്തോഷത്തിലായിരുന്നു യുവാക്കൾ. കാസർകോട് കുമ്പളയിൽ റീൽസ് എടുക്കുന്നതിനിടെ ഥാർ ജീപ്പിന് തീപിടിച്ചത്‌ കഴിഞ്ഞ 12ന്‌. 

"ഓനൊന്ന്‌ വണ്ടീമ്മന്‌ താഴെയിറങ്ങട്ടെ. എന്നിട്ടുവേണം രണ്ടു പൊട്ടിക്കാൻ'' എന്നായിരുന്നു കോഴിക്കോട്‌ പയ്യോളിയിൽ ബൈക്ക്‌ സ്റ്റണ്ടിന്‌ പോകുന്ന പയ്യനെക്കുറിച്ച്‌ നാട്ടുകാരുടെ പ്രതികരണം. ആളുകളെ തൊട്ടും തലോടിയും റോഡിലൂടെ ന്യൂജെൻ ബൈക്കുമായി പോകുന്ന പയ്യൻ ഒടുവിൽ വീണ്‌ എല്ലും പല്ലും പൊട്ടിയപ്പോൾ ആശുപത്രിയിൽ എത്തിച്ചതും ഇതേ നാട്ടുകാർതന്നെ.  

ഷാനിനെ കേൾക്കാം
പതിനാലാം വയസ്സിൽ സഹോദരനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ റോഡിലെ കല്ലിൽ തട്ടി വീണതാണ് ചെമ്പഴന്തി സ്വദേശി മുഹമ്മദ് ഷാൻ. 2013ലെ ആ അപകടത്തിന് ശേഷം നട്ടെല്ലിന്‌ പരിക്കേറ്റ്‌ വീൽചെയറിലാണ്  ജീവിതം. ചികിത്സക്കൊപ്പം പഠനം തുടർന്നു. ബിരുദം പൂർത്തിയാക്കി. ഇപ്പോൾ സിനിമാ സംവിധായകനാകാനുള്ള തയ്യാറെടുപ്പിടാണ്. 

"പല വലിയ അപകടങ്ങളുടെയും യഥാർത്ഥ കാരണം ചെറിയൊരു അശ്രദ്ധയാണ്‌' മുഹമ്മദ് ഷാൻ പറയുന്നു. "റോഡ് നിർമാണത്തിനായി റോഡ് വക്കിൽ അലക്ഷ്യമായി ഇട്ടിരുന്ന കരിങ്കല്ലുകളാണ് തന്റെ ജീവിതം മാറ്റിമറിച്ചത്. എത്രയൊക്കെ ശ്രദ്ധിച്ചാലും ഹെൽമെറ്റ് ധരിച്ചാലും തലവരയാണ് ആയുസ്സ് നിശ്ചയിക്കുന്നതെന്ന് ചിലർ പറയാറുണ്ട്. തലവരയല്ല ഹെൽമെറ്റും സീറ്റ് ബെൽറ്റും പോലുള്ള സുരക്ഷാ സംവിധാനങ്ങളാണ് നമ്മുടെ ആയുസ്സ് നിശ്ചയിക്കുന്നതെന്ന്  മനസ്സിലാക്കണം. നിരത്തുകളിൽ ഇനിയും ചോരവീഴാതിരിക്കാൻ സർക്കാർ സംവിധാനങ്ങൾ മാത്രം ജാ​ഗ്രതപാലിച്ചാൽ പോരാ. നമ്മൾ ഓരോരുത്തരും തുനിഞ്ഞിറങ്ങണം. അൽപം ശ്രദ്ധ, സംയമനം, ​ഗതാ​ഗത നിയമം പാലിക്കുമെന്നുള്ള സ്വയം ഉറപ്പ്.’’ മുഹമ്മദ്‌ ഷാൻ പറയുന്നു.

 

ജീവിതം 
തിരികെ 
പിടിച്ച്‌ 
എഐ 
കാമറ
എഐ കാമറകൾ കൺതുറന്നപ്പോൾ  അപകടമരണങ്ങൾ ഗണ്യമായി കുറഞ്ഞു. ഇവ പ്രവർത്തനക്ഷമമായത്‌ 2023 ജൂൺ ഒന്നുമുതൽ. 2023 ജൂൺ മുതൽ 2024 വരെയുള്ള കണക്ക്‌ പ്രകാരം 49,069 അപകടങ്ങൾ സംസ്ഥാനത്തുണ്ടായി. പൊലിഞ്ഞത്‌ 3915 ജീവൻ.  എന്നാൽ, കാമറകളില്ലാതിരുന്ന 2022 ജൂൺ മുതൽ 2023 മെയ്‌ വരെ  സംസ്ഥാനത്ത്‌ 46,130 റോഡപകടങ്ങളിൽ മരണം 4283. മുൻവർഷത്തെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ 386 മരണം കുറഞ്ഞു. റോഡപകടങ്ങൾ കുറയ്‌ക്കാൻ ലക്ഷ്യമിട്ട്‌ ‘സേ‌ഫ്‌ കേരള’ പദ്ധതിയിൽപ്പെടുത്തി സ്ഥാപിച്ച എഐ കാമറ സംവിധാനം മാതൃകയാക്കാൻ  മഹാരാഷ്‌ട്ര, തമിഴ്‌നാട്‌, കർണാടക സംസ്ഥാനങ്ങളും താൽപ്പര്യമറിയിച്ചു.  
പ്രതിപക്ഷത്തിന്‌ പബ്ലിസിറ്റി ഇന്ററസ്‌റ്റ്‌

എഐ കാമറ എന്നു കേട്ടപ്പോൾ ഹാലിളകിയത്‌ പ്രതിപക്ഷത്തിനായിരുന്നു. കൊച്ചി മറൈൻഡ്രൈവിൽ സ്ഥാപിച്ച എഐ കാമറ യൂത്ത്‌ ലീഗുകാർ കുട്ട വച്ച്‌ മറച്ചു.  വിവിധയിടങ്ങളിൽ സ്ഥാപിച്ച കാമറകളിൽ യുഡിഎഫുകാർ മാസ്‌കിട്ടു, കരിങ്കൊടി കെട്ടി. എന്നാൽ  മരണ, അപകടനിരക്ക്‌ കുറഞ്ഞതോടെ മിണ്ടാട്ടംമുട്ടി. എഐ കാമറയ്‌ക്കെതിരെ ഹർജിയുമായി ചെന്ന പ്രതിപക്ഷ നേതാവിനെ പബ്ലിക്‌ഇന്ററസ്‌റ്റോ, പബ്ലിസിറ്റി ഇന്ററസ്‌റ്റോ എന്ന്‌ ചോദിച്ച്‌ ഓടിച്ചത്‌ ഹൈക്കോടതിയായിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top