തിരുവനന്തപുരം
സർവീസിൽനിന്ന് അനധികൃതമായി വിട്ടുനിൽക്കുന്ന 324 ഡോക്ടർമാരെക്കൂടി പിരിച്ചുവിടാനുള്ള നടപടികൾ വേഗത്തിലാക്കി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്. പ്രൊബേഷൻ കാലയളവ് പൂർത്തിയാക്കാത്തവരാണ് ഇവർ. കഴിഞ്ഞദിവസങ്ങളിൽ വിവിധഘട്ടങ്ങളായി ജോലിക്ക് ഹാജരാകാത്ത 33 ഡോക്ടർമാരെ പിരിച്ചുവിട്ടിരുന്നു. മെഡിക്കൽ വിദ്യാഭ്യാസവകുപ്പും സമാന നടപടിയിലൂടെ മൂന്നു ഡോക്ടർമാരെ പുറത്താക്കി.
സർവീസിൽനിന്ന് 2008മുതൽ വിട്ടുനിൽക്കുന്നവർക്കെതിരെയാണ് നടപടി. ആരോഗ്യവകുപ്പിൽ അനധികൃത അവധിയിലുള്ള 600 പേരിൽ പ്രെബേഷൻ പൂർത്തിയാക്കാത്ത 276 പേരുണ്ട്. ഡോക്ടർമാർ അടക്കം 337പേരാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള മെഡിക്കൽ കോളേജുകളിൽനിന്ന് വിട്ടുനിൽക്കുന്നത്. 291 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള 15 ദിവസത്തെ സമയം അവസാനിച്ചാലുടൻ പുറത്താക്കൽ ഉത്തരവിറങ്ങും.
ഇത്തരക്കാരെ പുറത്താക്കിയാലേ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ ജനറൽ ആശുപത്രികൾവരെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മെഡിക്കൽ കോളേജുകളിലും പുതിയ നിയമം സാധ്യമാകൂ. അനധികൃതമായി വിട്ടുനിൽക്കുന്നവരിലധികവും കാരണം കാണിക്കൽ നോട്ടീസിനോട് പ്രതികരിച്ചിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..