കൊച്ചി
മത്സ്യമേഖലയ്ക്കുള്ള 20,000 കോടി രൂപയുടെ കേന്ദ്ര സാമ്പത്തിക പാക്കേജ് മീൻപിടിത്ത ബോട്ടുകളുടെ ആധുനികവൽക്കരണത്തിനടക്കം വിനിയോഗിച്ചാൽ മത്സ്യബന്ധന മേഖലയുടെ പ്രതിസന്ധി പരിഹരിക്കാൻ സഹായകമാകുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) വിദഗ്ധർ.
സുരക്ഷ ഉറപ്പാക്കാനും മീൻലഭ്യത അറിയാനുമുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ, കോൾഡ് സ്‌റ്റോറേജ് സൗകര്യം എന്നിവ ബോട്ടുകളിൽ ഘടിപ്പിക്കുക, കടലിൽ ബോട്ടുകളുടെ സ്ഥാനം വേഗം തിരിച്ചറിയുന്നതിന് വിഎംഎഎസ് സംവിധാനം സ്ഥാപിക്കുക, മീനുകളുടെ കയറ്റുമതി സാധ്യതകളിൽ തൊഴിലാളികൾക്ക് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം നൽകുക, കൂടുകൃഷിക്ക് പ്രാധാന്യം നൽകിയുള്ള സമുദ്രകൃഷിരീതികൾ വികസിപ്പിക്കുക തുടങ്ങിയവ നടപ്പാക്കണം. കടൽപ്പായലുകളുടെ കൃഷി, വിത്തുമത്സ്യ ബാങ്കുകളും അനുബന്ധ ഹാച്ചറി സംവിധാനങ്ങളും സ്ഥാപിക്കൽ എന്നീ പദ്ധതികൾ അടിയന്തരമായി ചെയ്യണം. സമുദ്രകൃഷി വികസനത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് വരുന്നവർക്ക് ഇത് പ്രയോജനമാകും. ലാൻഡിങ് സെന്ററുകളിലെ സൗകര്യം ഉയർത്തൽ, മത്സ്യവിപണന കേന്ദ്രങ്ങൾ വികസിപ്പിക്കൽ എന്നിവയ്‌ക്കും മുൻഗണന നൽകണം.
മത്സ്യവിപണന കേന്ദ്രങ്ങളിൽ ലേലമടക്കം ഡിജിറ്റലാക്കണം, തൊഴിലാളികൾക്ക് കിസാൻ ക്രഡിറ്റ് കാർഡ് ലഭ്യമാക്കണം. അപകട ഇൻഷുറൻസും ബോട്ടുകളുടെ ഇൻഷുറൻസും കൂടുതൽ ഫലപ്രദമാക്കണം. കോവിഡ് പശ്ചാത്തലത്തിൽ മീനുകളുടെ ഓൺലൈൻ വിപണനശൃംഖല വികസിപ്പിക്കുന്നതും ഏറെ ഗുണം ചെയ്യും.
ലോക്ക്‌ഡൗൺ മൂലം പ്രതിസന്ധിയിലായ സമുദ്രമത്സ്യ മേഖലയ്ക്ക് ഊർജം നൽകാൻ സാമ്പത്തിക പാക്കേജിന്റെ ഫലപ്രദമായ വിനിയോഗംകൊണ്ട് കഴിയുമെന്നും സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..