27 December Friday
മലയാളസിനിമ കുതിക്കും, പുതിയ ഉയരങ്ങളിലേക്ക്‌

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ; ആദ്യം തടഞ്ഞത്‌ 
വിവരാവകാശ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024


തിരുവനന്തപുരം
സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവിടുന്നത്‌ തടഞ്ഞത്‌ വിവരാവകാശ കമീഷൻ.  തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷയിൽ തീർപ്പുകൽപ്പിച്ചാണ്‌ കമീഷൻ ചെയർമാൻ വിൻസൻ എം പോൾ റിപ്പോർട്ട്‌ പുറത്തുവിടുന്നത്‌ 2020ൽ തടഞ്ഞത്‌. റിപ്പോർട്ടിൽ സ്വകാര്യ വിവരങ്ങളുള്ളതിനാൽ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഈ നിലപാട്‌ സ്വീകരിച്ചത്‌.

2020 ജനുവരി 11നാണ്‌ മാധ്യമപ്രവർത്തകൻ വിവരാവകാശ പ്രകാരം റിപ്പോർട്ടിനായി അപേക്ഷ നൽകിയത്‌. പകർപ്പ്‌ നൽകാനാകില്ലെന്ന്‌ ജനുവരി 22ന്‌ മറുപടി ലഭിച്ചു. തുടർന്ന്‌ ഫെബ്രുവരി മൂന്നിന്‌ ആദ്യ അപ്പീലും ഫെബ്രുവരി 14ന്‌ രണ്ടാം അപ്പീലും നൽകി. ജൂൺ ആറിന്‌ ഹിയറിങ്‌ നടത്തിയ ശേഷമാണ്‌ റിപ്പോർട്ട്‌ വിവരാവകാശ പ്രകാരം നൽകേണ്ടതില്ലെന്ന്‌ ഉത്തരവിട്ടത്‌.തുടർന്ന്‌ അധികാരമേറ്റ കമീഷൻ ചെയർമാൻ അബ്ദുൾ ഹക്കീം 2020ലെ ഉത്തരവ്‌ തള്ളി, റിപ്പോർട്ട്‌ പരസ്യപ്പെടുത്താൻ സർക്കാരിന്‌ നിർദേശം നൽകുകയായിരുന്നു.

പുറത്താകാതിരിക്കാൻ 
ജാഗ്രത പുലർത്തി
രണ്ടുവർഷം കൊണ്ടാണ്‌ സിനിമാമേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.  സെറ്റ്‌ കാണുന്നതിന്റെ ഭാഗമായി ജസ്‌റ്റിസ്‌ ഹേമ ‘ലൂസിഫർ ’സിനിമയുടെ സെറ്റിൽ സന്ദർശനം നടത്തി. ചിത്രാഞ്‌ജലിയിൽ എത്തി പോസ്‌റ്റ്‌ പ്രൊഡക്‌ഷൻ ജോലികൾ വിലയിരുത്തി.
സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന 30 വിഭാഗങ്ങളിലുള്ളവരെ കണ്ട്‌ പരാതികളും അനുഭവങ്ങളും കേട്ടു. വീഡിയോ, ഓഡിയോ, സ്‌ക്രീൻഷോട്ട്‌, ചാറ്റ്‌, മെസേജുകൾ എന്നിവ ശേഖരിച്ചു. പരാതികൾ വീഡിയോയിൽ ഷൂട്ട്‌ ചെയ്‌തിരുന്നു.

സിനിമയിലെ താരങ്ങൾക്കെതിരെ പരാതികൾ ഉണ്ടായിരുന്നതിനാൽ റിപ്പോർട്ട്‌ തയ്യാറാക്കാൻ പുറത്തുള്ളവരുടെ സഹായം തേടിയില്ല. ജസ്‌റ്റിസ്‌ ഹേമയും അംഗങ്ങളുമാണ്‌ റിപ്പോർട്ട്‌ ടൈപ്പ്‌ ചെയ്‌തത്‌. റിപ്പോർട്ടുകൾ ഒരുതരത്തിലും പുറത്തുപോകാതിരിക്കാൻ കടുത്ത ജാഗ്രത പുലർത്തി. ഒരുതരത്തിലും മൊഴികൾ പരസ്യപ്പെടുത്തില്ലെന്ന്‌ ബന്ധപ്പെട്ടവർക്ക്‌ ഉറപ്പുനൽകി. ഡബ്ല്യുസിസിയിൽ അംഗമായ 31പേർ കമ്മിറ്റിയോട്‌ പൂർണമായി സഹകരിച്ചു.

മാധ്യമങ്ങൾക്കേറ്റ 
തിരിച്ചടി
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതുമുതൽ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിച്ച മാധ്യമങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ് ഹൈക്കോടതി ഇടപെടലും റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നതും. കമ്മിറ്റി  റിപ്പോർട്ട് ആവശ്യപ്പെട്ട് നിരവധി വിവരാവകാശ അപേക്ഷകൾ സാംസ്കാരിക വകുപ്പിന് ലഭിച്ചിരുന്നു.
അന്നത്തെ മുഖ്യ വിവരാവകാശ കമീഷണർ വിൻസൺ എം പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വിളിച്ചുവരുത്തുകയും റിപ്പോർട്ട് പൊതു വിവരമാക്കരുതെന്ന് ഉത്തരവിടുകയും ചെയ്തു. തുടർന്നാണ്‌ പിന്നീടുള്ള വിവരാവകാശ അപേക്ഷകൾ സാംസ്കാരിക വകുപ്പ് നിരസിച്ചത്‌.

ഇതു മറച്ചുവച്ച് സർക്കാർ സ്ത്രീസുരക്ഷയ്‌ക്ക് എതിരാണെന്ന് വരുത്തി തീർക്കാനാണ് ഒരുകൂട്ടം മാധ്യമങ്ങൾ ശ്രമിച്ചത്. കൈരളി ടിവി ന്യൂസ് എഡിറ്റർ ലെസ്‌ലി ജോൺ വിവരാവകാശ നിയമത്തിലെ സെക്ഷൻ പത്ത്‌ പ്രകാരം നൽകിയ അപേക്ഷയും തുടർന്ന് നൽകിയ അപ്പീലുമാണ് റിപ്പോർട്ട്‌ പുറത്തുവിടുന്നതിന്‌ ഇടയാക്കിയത്‌. ഒരു വിഷയത്തിൽ അന്തിമ ഉത്തരവിടാനുള്ള അധികാരം സുപ്രീം കോടതിക്കാണെന്നും വിവരാവകാശ നിയമത്തിലെ സെക്ഷൻ 19 പ്രകാരം മുൻ കമീഷന്റെ തീരുമാനം പുനഃപരിശോധിച്ച് മാർഗനിർദേശം നൽകണമെന്നുമുള്ള ലെസ്‌ലി ജോണിന്റെ വാദം അംഗീകരിച്ചാണ് വിവരാവകാശ കമീഷണർ അബ്ദുൾ ഹക്കീം റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടത്. പിന്നാലെ നാലുപേരുടെ അപ്പീൽകൂടി പരിഗണിച്ചു.

‘ദേ, ഇപ്പോ പൊട്ടിക്കും’
‘ദേ ഇപ്പ പൊട്ടിക്കും...അടുത്ത നിമിഷം പൊട്ടും...’ മിഥുനം സിനിമയിലെ ചെമ്പുകുടവും തേങ്ങയുമായിരുന്നു കുറച്ചുനാളുകളായി ​ഹേമ കമ്മിറ്റി റിപ്പോർ‌ട്ട്. മലയാള സിനിമാ മേഖലയിലെ പലരുടെയും മുഖംമൂടി അഴിഞ്ഞുവീഴുന്നത് കാണാൻ കാത്തിരുന്നവരെ ആദ്യം നിരാശരാക്കിയത് വിവരാവകാശ കമീഷൻ. റിപ്പോർട്ടിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന  നിർദേശമായിരുന്നു കാരണം. ഇതോടെ പലരും കഥകൾ മെനഞ്ഞു. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ വച്ചതും നിർദേശങ്ങൾ നടപ്പാക്കാൻ നടപടികളെടുത്തതും സർക്കാരാണെന്നത് മറച്ചുവച്ചായിരുന്നു കഥകൾ.

ഒടുവിൽ റിപ്പോർട്ട് പരസ്യപ്പെടുത്താൻ വിവരാവകാശ കമീഷൻ തയ്യാറായപ്പോൾ പ്രശ്നം കോടതി കയറി. ഹൈക്കോടതിയിൽ ഹർജി. വാദംകേട്ട്‌ ഹർജി തള്ളിയ കോടതി റിപ്പോർട്ട്‌ പുറത്തുവിടാൻ ഒരാഴ്‌ച സമയം നൽകി. അപ്പോഴാണ്‌, താൻ കണ്ടിട്ടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കാവൂ എന്ന ആവശ്യവുമായി നടി രഞ്ജിനിയുടെ രംഗപ്രവേശം.

പിന്നീട് "ഇപ്പോൾ പുറത്തുവിടും' എന്ന് പ്രചരണം മാധ്യമങ്ങൾ‌ ഏറ്റെടുത്ത് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ വീണ്ടും വാർത്തയാക്കി. ഒടുവിൽ തിങ്കളാഴ്ച പകൽ കിഴക്കേകോട്ടയിലെ സാംസ്കാരിക ഡയറക്ടറേറ്റിൽനിന്ന് റിപ്പോർട്ടുമായി ഓടിയെത്തിയ മാധ്യമപ്രവർത്തകനിൽനിന്ന്‌, താളുകൾ ഓരോന്നായി മറിച്ചുകാട്ടിയുള്ള ചാനൽ മാധ്യമ കഥാപ്രസം​ഗംവരെ നീണ്ടു ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചം കാണൽ.

മലയാളസിനിമ കുതിക്കും, പുതിയ ഉയരങ്ങളിലേക്ക്‌
ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിനുപിന്നാലെ മലയാളസിനിമയെ ഇടിച്ചുതാഴ്‌ത്താനും ശ്രമങ്ങൾ. നാലുവർഷംകൂടി കഴിയുമ്പോൾ നൂറുവയസാകുന്ന മലയാളസിനിമയെ, സിനിമാ മേഖലയിലെ ചില പുഴുക്കുത്തുകളെ ചൂണ്ടിക്കാട്ടി താഴ്‌ത്തിക്കെട്ടാനാണ്‌ ശ്രമം നടക്കുന്നത്‌ . ജെ സി ദാനിയേലിന്റെ വിഗതകുമാരൻ 1928ൽ പുറത്തിറങ്ങിയതുമുതൽ ഇന്നുവരെയുള്ള കാലയളവിൽ  മലയാളസിനിമ അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുംവിധം വളർന്നു.

രാമു കാര്യാട്ടും അരവിന്ദനും  ഭരതനും അടൂരും ഷാജി എൻ കരുണും ഉൾപ്പെടെയുള്ളവർ വലിയ സംഭാവനകൾ ഈ മേഖലയ്‌ക്ക്‌ നൽകി. സ്‌ത്രീകളുൾപ്പെടെയുള്ള പുതിയ തലമുറ അതിഗംഭീരമായി ഈ മേഖലയെ മുന്നോട്ടു കൊണ്ടുപോകുകയാണ്‌. രാജ്യത്ത്‌ ആദ്യമായി ചലച്ചിത്ര അക്കാദമി സ്ഥാപിച്ച്‌ ലോകസിനിമയെ മലയാളത്തിന്‌ പരിചയപ്പെടുത്താനും വനിതാസംവിധായകരെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി ആവിഷ്‌കരിക്കാനും ജനകീയ സർക്കാരുകൾ തയ്യാറായി. പുഴുക്കുത്തുകളെ മാറ്റി മലയാളസിനിമ പുതിയ ഉയരങ്ങളിലേക്ക്‌ മുന്നേറുകതന്നെ ചെയ്യും.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top