22 December Sunday

2.75 ലക്ഷം പുതിയ സംരംഭം ; 5.85 ലക്ഷം തൊഴിൽ : പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024


കൊച്ചി
വ്യവസായ വാണിജ്യവകുപ്പിനുകീഴിൽ 2,75,024 പുതിയ സംരംഭവും 5,85,233 തൊഴിലവസരവും സൃഷ്ടിച്ചതായി വ്യവസായമന്ത്രി പി രാജീവ്‌ പറഞ്ഞു. 17693.02 കോടിയുടെ നിക്ഷേപവുമുണ്ടായി. 87,305 പേർ വനിതാ സംരംഭകരാണ്‌. ഉൽപ്പാദനത്തിലേക്ക്‌ എത്തുന്നവയടക്കം 29000 –-30000 കോടിയുടെ നിക്ഷേപം കേരളത്തിനകത്തുണ്ടായി. വിദേശകമ്പനികർ വരെ നിക്ഷേപവുമായെത്തി. റൗണ്ട്‌ ടേബിളിന്റെ ഭാഗമായി ലൈഫ്‌സയൻസ്‌ പാർക്ക്‌ കേന്ദ്രീകരിച്ച്‌ തിരുവനന്തപുരത്ത്‌ സെപ്‌തംബറിൽ ബയോകണക്ട്‌ സംഘടിപ്പിക്കും. 500 കോടിയുടെ നിക്ഷേപമാണ്‌ പ്രതീക്ഷിക്കുന്നത്‌.

സിഎസ്‌ഐആർ അവിടെ 100 കോടിയുടെ നിക്ഷേപവും ടെസ്റ്റിങ്‌ സൗകര്യവും ഏർപ്പെടുത്താൻ സന്നദ്ധമായിട്ടുണ്ട്‌. കൊച്ചിയിൽ നടക്കുന്ന റോബോട്ടിക്‌സ്‌ റൗണ്ട്‌ ടേബിളിൽ സ്റ്റാർട്ടപ്പുകൾക്കും ഐഇഡിസികൾക്കും നൂതനാശയങ്ങളും പ്രവർത്തനമാതൃകകളും പാനലിനുമുമ്പിൽ അവതരിപ്പിച്ച് നിക്ഷേപം ആകർഷിക്കാം. കോൺക്ലേവും റൗണ്ട്‌ ടേബിളുകളും റോഡ്‌ ഷോയും ആഗോള നിക്ഷേപകസംഗമവും കഴിയുമ്പോൾ വ്യവസായരംഗത്ത്‌ വൻ മുന്നേറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

റോബോട്ടിക്സ്‌ റൗണ്ട്‌ ടേബിൾ 
23ന്‌ കൊച്ചിയിൽ
രാജ്യത്തെ പ്രഥമ റോബോട്ടിക്സ്‌ അന്താരാഷ്ട്ര റൗണ്ട്‌ ടേബിൾ 23ന്‌ കൊച്ചിയിൽ നടക്കുമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെഎസ്‌ഐഡിസിയുടെ നേതൃത്വത്തിൽ ഗ്രാൻഡ്‌ ഹയാത്ത്‌ കൺവൻഷൻ സെന്ററിലാണ്‌ സംഘടിപ്പിക്കുന്നത്‌. സർക്കാരും നൂതന സാങ്കേതികവിദ്യാ മേഖലയുമായുള്ള ബന്ധം ശക്തമാക്കുകയും ഈ രംഗത്ത്‌ മികച്ച ആവാസവ്യവസ്ഥ സൃഷ്ടിക്കുകയുമാണ്‌ ലക്ഷ്യം. രാവിലെ ഒമ്പതിന്‌ ആരംഭിക്കുന്ന റൗണ്ട്‌ ടേബിൾ മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. റോബോട്ടിക്‌സ്‌ രംഗത്തെ വിദഗ്‌ധരായ അർമാഡ എഐ വൈസ്‌ പ്രസിഡന്റ്‌ പ്രാഗ്‌ മിശ്ര, ഇൻഡസ്‌ട്രിയൽ എഐ അക്സഞ്ചർ എംഡി ഡെറിക്‌ ജോസ്‌, അൻവി സ്പേസ്‌ സഹസ്ഥാപകൻ എസ്‌ വിവേക്‌ ബൊല്ലം, സ്റ്റാർട്ടപ്‌ മെന്റർ റോബിൻ ടോമി എന്നിവരാണ്‌ പ്രഭാഷകർ.

‘ഭാവിയിലെ നൂതനത്വവും സർക്കാർ വ്യവസായ കൂട്ടായ്മയിലൂടെയുള്ള വാണിജ്യവളർച്ചയും’ വിഷയത്തിൽ ഡിജിറ്റൽ സർവകലാശാല വൈസ്‌ ചാൻസലർ ഡോ. സജി ഗോപിനാഥ്‌, ഇൻകെർ റോബോട്ടിക്സ്‌ സിഇഒ രാഹുൽ ബാലചന്ദ്രൻ, ഐറ സിഇഒ പല്ലവ്‌ ബജ്ജൂരി, കുസാറ്റ്‌ പ്രൊഫ. എം വി ജൂഡി എന്നിവർ സംസാരിക്കും. ജെൻ റോബോട്ടിക്‌സ്‌ സഹസ്ഥാപകൻ എൻ പി നിഖിൽ, അസിമോവ്‌ റോബോട്ടിക്‌സ്‌ സിഇഒ ടി ജയകൃഷ്‌ണൻ, ഗ്രിഡ്‌ബോട്ട്‌ ടെക്‌നോളജീസ്‌ സിടിഒ പുൾകിത്‌ ഗൗർ, ഐറോവ്‌ സഹസ്ഥാപകൻ ജോൺസ്‌ ടി മത്തായി എന്നിവർ അനുഭവങ്ങൾ പങ്കുവയ്‌ക്കും.

മുന്നൂറിലേറെ വ്യക്തികളും 195 കമ്പനികളും സ്റ്റാർട്ടപ്പുകളും പങ്കെടുക്കും. നൂതന റോബോട്ടിക്സ്‌ കണ്ടുപിടിത്തങ്ങളുടെ പ്രദർശനവും ഉണ്ടാകും. രാവിലെ 9.30ന്‌ പ്രദർശനം തുടങ്ങും. 32 സ്റ്റാളുകളാണുള്ളത്‌. ഈ മേഖലയിൽ മികച്ച നിക്ഷേപം കൊണ്ടുവരാൻ റൗണ്ട്‌ ടേബിൾ സഹായിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ്‌, കെഎസ്‌ഐഡിസി എംഡി എസ്‌ ഹരികിഷോർ, എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ആർ ഹരികൃഷ്‌ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top