കട്ടപ്പന
മോഷ്ടാക്കൾ വീട്ടിൽ കയറി മുളകുപൊടി എറിഞ്ഞ് അലമാരയിൽ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ കവർന്നെന്ന യുവതിയുടെ പരാതി പൊലീസ് അന്വേഷണത്തിൽ വ്യാജമെന്ന് കണ്ടെത്തി. ഓണച്ചിട്ടിയിൽ നിക്ഷേപിച്ച പണം ആളുകൾക്ക് തിരികെനൽകാൻ കഴിയാതെവന്നതോടെയാണ് നെടുങ്കണ്ടം കോമ്പയാർ സ്വദേശിനി കള്ളക്കഥ മെനഞ്ഞത്.
കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തിങ്കൾ പകൽ രണ്ടോടെ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടുപേർ മുഖത്തും വീടിനകത്തും മുളകുപൊടി എറിഞ്ഞ് പണം മോഷ്ടിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
പൊലീസ് അന്വേഷണം തുടങ്ങി മൂന്നു മണിക്കൂറിനുള്ളിൽ പരാതി വ്യാജമാണെന്ന് വ്യക്തമായി. യുവതി നടത്തിയ ഓണച്ചിട്ടിയിൽ 156പേർ പണം നിക്ഷേപിച്ചിരുന്നു. ഇവർക്ക് കൃത്യസമയത്ത് തുക തിരികെ നൽകാൻ കഴിയാതെവന്നതോടെയാണ് കള്ളക്കഥ മെനഞ്ഞ് പരാതി നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നിരവധിപേരെ ചോദ്യം ചെയ്തു. പലർക്കും ചിട്ടിപ്പണം തിരികെ നൽകാനുള്ളതായി വിവരം ലഭിച്ചു. ഒടുവിൽ പരാതി വ്യാജമാണെന്നും മുളകുപൊടി സ്വയം വിതറിയതാണെന്നും യുവതി സമ്മതിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..