22 December Sunday

സന്ദീപിന്റെ മരണം സ്ഥിരീകരിച്ച്‌ റഷ്യ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024


തൃശൂർ
യുദ്ധത്തിൽ റഷ്യൻ സൈനികൻ തൃശൂർ സ്വദേശി സന്ദീപിന്റെ മരണം സ്ഥിരീകരിച്ച്‌ റഷ്യൻ സർക്കാർ. തിങ്കളാഴ്ച റഷ്യയിലെ മലയാളി അസോസിയേഷൻ അംഗങ്ങൾ, മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി കൊല്ലപ്പെട്ടത്‌ സന്ദീപ്‌ തന്നെയെന്ന്‌ ഉറപ്പാക്കി. തുടർന്ന്‌ റഷ്യൻ അധികൃതർ ഇന്ത്യൻ എംബസിയെ മരണവിവരം ഔദ്യോഗികമായി അറിയിച്ചു.

ശനി, ഞായർ ദിവസങ്ങളിൽ എംബസി അവധിയായതിനാൽ നടപടി വൈകുകയായിരുന്നു. മോസ്കോയിൽ ഹോട്ടൽ ജോലിക്കായി ഏപ്രിൽ രണ്ടിനാണ്‌ സന്ദീപ്‌ പോയത്‌. എന്നാൽ സൈനിക കാന്റീനിലായിരുന്നു ജോലി. തുടർന്ന്‌ സൈന്യത്തിന്റെ ഭാഗമാകുകയായിരുന്നു. മൃതദേഹം ഉടൻ നാട്ടിൽ എത്തിക്കണമെന്ന്‌ ബന്ധുക്കൾ അഭ്യർഥിച്ചു. റഷ്യൻ പൗരത്വം സ്വീകരിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ നിരവധി കടമ്പ വേണ്ടിവരും. റഷ്യൻ സേനയിൽ അംഗമാണെന്നതും തടസ്സമാണ്‌. കല്ലൂർ നായരങ്ങാടി കാങ്കിൽ ചന്ദ്രന്റെയും വത്സലയുടെയും മകനാണ്‌ സന്ദീപ്‌. സഹോദരങ്ങൾ: സംഗീത്‌, സങ്കീർത്തന. ചാലക്കുടിയിലെ ഏജൻസി വഴിയാണ്‌ സന്ദീപ്‌ റഷ്യയിലേക്ക്‌ പോയത്‌. 

കഴിഞ്ഞ ദിവസമാണ്‌ ഉക്രയ്‌ൻ ഷെല്ലാക്രമണത്തിൽ സന്ദീപടക്കം 12  റഷ്യൻ സൈനികർ റൊസ്‌തോവിൽ പട്രോളിങ്ങിനിടെ കൊല്ലപ്പെട്ടത്‌. സേനയിൽ ചേർന്നശേഷം പരിശീലനത്തിലായതിനാൽ വീട്ടിലേക്ക്‌ 15 ദിവസം കൂടുമ്പോഴാണ്‌ വിളിച്ചിരുന്നതെന്ന്‌ അച്ഛൻ ചന്ദ്രൻ പറഞ്ഞു. ഒന്നോ രണ്ടോ മിനിറ്റുമാത്രമാണ്‌ സംസാരിച്ചത്‌. ഈ മാസം രണ്ടിന്‌ അവസാനം വിളിച്ചപ്പോഴും പ്രശ്‌നങ്ങളുണ്ടെന്ന്‌ പറഞ്ഞിരുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top