അങ്കോള
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുൾപ്പെടെ മൂന്നുപേർക്കായി തിരച്ചിൽ വെള്ളിയാഴ്ച തുടങ്ങും. ഗോവയിൽനിന്ന് കൂറ്റൻ ഡ്രഡ്ജർ ഷിരൂരിന് അടുത്തെത്തി. 40 കിലോമീറ്റർ അകലെ കാർവാർ തുറമുഖത്തുനിന്ന് വ്യാഴം പുലർച്ചെ പുറപ്പെട്ട ഡ്രഡ്‌ജർ മഞ്ജുഗുനി അഴിമുഖത്തിലൂടെ ഗംഗാവാലി പുഴയിലേക്കിറക്കി.
പാലത്തിന് ഉയരം കുറവായതിനാൽ വൈകിട്ടത്തെ വേലിയിറക്കംവരെ കാത്തു. 4.30ന് പാലം മറികടന്നു. ഷിരൂരിനടുത്ത കൊങ്കൺ റെയിൽപ്പാലംകൂടി മറികടന്ന് രാത്രി വൈകി മണ്ണിടിഞ്ഞ സ്ഥലത്തെത്തി. വെള്ളി പകൽ തിരച്ചിൽ തുടങ്ങുമെന്നാണ് പ്രതീക്ഷ.
നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് അടിഞ്ഞുകൂടിയ കല്ലും മണ്ണും മരങ്ങളും ആദ്യഘട്ടം നീക്കും. ഇത് എത്രയെന്ന് അറിഞ്ഞശേഷമേ തുടർനടപടി തീരുമാനിക്കു. പത്തുദിവസത്തെ തിരച്ചിലാണ് ഉദ്ദേശിക്കുന്നത്. നിലവിൽ കാലാവസ്ഥ അനുകൂലമാണ്. കോഴിക്കോടുനിന്നും അർജുന്റെ ബന്ധുക്കളും സ്ഥലത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..