23 December Monday

ഇരട്ടയാര്‍ അണക്കെട്ടില്‍ ഒഴുക്കില്‍പ്പെട്ട് പന്ത്രണ്ടുകാരന്‍ മരിച്ചു ; ഒരാളെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024


കട്ടപ്പന
ഇരട്ടയാർ അണക്കെട്ടിലിറങ്ങിയ കുട്ടികളിലൊരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. മാതൃസഹോദരന്റെ മകനെ കാണാതായി. കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പൻ–-- രജിത ദമ്പതികളുടെ മകൻ അതുൽ ഹർഷ് (അമ്പാടി,- 12) ആണ് മരിച്ചത്. രജിതയുടെ സഹോദരൻ ഉപ്പുതറ വളകോട് മൈലാടുംപാറ എം ആർ രതീഷ്‌കുമാറിന്റെയും സൗമ്യയുടെയും മകൻ എം ആർ അസൗരേഷിനെ (അക്കു–- 12) കാണാതായി. രജിതയുടെയും രതീഷ്‌കുമാറിന്റെയും അച്ഛൻ ഇരട്ടയാർ ചേലയ്ക്കൽക്കവല മൈലാടുംപാറ രവീന്ദ്രന്റെ വീട്ടിൽ ഓണാവധിക്ക്‌ എത്തിയതായിരുന്നു കുട്ടികൾ. വ്യാഴം രാവിലെ പത്തോടെയാണ് അപകടം.

അതുലും ജ്യേഷ്ഠൻ അനു ഹർഷും അസൗരേഷും ജ്യേഷ്ഠൻ ആദിത്യനും ഇരട്ടയാർ അണക്കെട്ടിന്റെ തീരത്തെ ഗ്രൗണ്ടിൽ കളിക്കാനെത്തിയിരുന്നു. ഇതിനിടെ ഗ്രൗണ്ടിനോടുചേർന്ന് ഇരട്ടയാർ അണക്കെട്ടിൽനിന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തുരങ്കത്തിനുസമീപം കനാൽപോലുള്ള ഭാഗത്ത് കുട്ടികൾ ഇറങ്ങി. കൈകോർത്തുപിടിച്ച് വെള്ളത്തിലിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു. കരയിൽനിന്ന അനു ഹർഷിന്റെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിക്കൂടി തിരച്ചിൽ ആരംഭിച്ചു. തുരങ്കമുഖത്തെ കോൺക്രീറ്റ് ഗ്രില്ലിൽ തങ്ങിനിന്ന അതുലിനെ 15 മിനിറ്റിനുള്ളിൽ നാട്ടുകാർ പുറത്തെടുത്തെങ്കിലും മരിച്ചു.

കാണാതായ അസൗരേഷിനായി അഗ്‌നിരക്ഷാസേന മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് 5.5 കിലോമീറ്റർ അകലെ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയിലെ തുരങ്കമുഖത്ത് വടംകെട്ടി അഗ്‌നിരക്ഷാസേനയുടെ കട്ടപ്പന, ഇടുക്കി, നെടുങ്കണ്ടം യൂണിറ്റുകൾ ഒരുമണിക്കൂറിലേറെ തിരച്ചിൽ നടത്തി. രക്ഷാപ്രവർത്തകർ ഇവിടേക്ക്‌ എത്തുംമുമ്പ് കുട്ടി ഒഴുകിയെത്തിയിട്ടുണ്ടെങ്കിൽ ഇടുക്കി ഡാമിൽ പതിക്കാൻ സാധ്യതയുണ്ട്. ഇതോടെ തൊടുപുഴയിൽ നിന്ന് മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സ്‌കൂബാസംഘം അഞ്ചുരുളിയിലെത്തി ഇടുക്കി ഡാമിൽ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുരങ്കത്തിനുള്ളിൽ തടസങ്ങളുണ്ടോയെന്ന് കണ്ടെത്താൻ ഇരട്ടയാറിൽ നിന്ന് അഞ്ചുരുളിയിലേക്ക് ജാറുകൾ ഒഴുക്കിവിട്ടുള്ള ഡമ്മി പരീക്ഷണങ്ങളും നടത്തി. കുട്ടി തുരങ്കത്തിൽ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാൻ നൈറ്റ് വിഷൻ ക്യാമറകളുള്ള ഡ്രോണുകൾ എത്തിച്ച്‌ തുരങ്കത്തിന്റെ ഇരുവശങ്ങളിൽ നിന്നും കടത്തിവിട്ടുള്ള തിരച്ചിൽ വെളളിയാഴ്‌ച ആരംഭിക്കും. അതുലിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top