20 September Friday
എംപോക്‌സ്‌ : യുവാവിന്റെ ആരോ​ഗ്യനില 
തൃപ്തികരം

നിപാ തിരിച്ചറിഞ്ഞത്‌ 
ആരോ​ഗ്യപ്രവർത്തകരുടെ 
ജാ​ഗ്രതയില്‍ : വീണാ ജോർജ്

സ്വന്തം ലേഖകന്‍Updated: Thursday Sep 19, 2024


മലപ്പുറം
നിപാരോഗബാധ സ്ഥിരീകരിച്ചത് ആരോ​ഗ്യപ്രവർത്തകരുടെ ജാഗ്രതകൊണ്ടാണെന്ന് മന്ത്രി വീണാ ജോർജ്. തിരുവാലിയിൽ ഇരുപത്തിനാലുകാരൻ നിപാബാധിച്ച് മരിച്ച സംഭവത്തിൽ പ്രതിരോധം ഊർജിതമാക്കിയതും ആരോഗ്യവകുപ്പ്‌ ഇടപെട്ടാണ്.

മരണത്തിൽ സംശയംതോന്നിയ ആരോ​ഗ്യപ്രവർത്തകർ ഫീൽഡ് സർവേയും ഡെത്ത് ഇൻവെസ്റ്റി​ഗേഷനും നടത്തി. ഇത് അസാധാരണ നടപടിയാണ്. മഞ്ഞപ്പിത്തമായും ഡെങ്കിപ്പനിയായും സംശയിക്കാവുന്ന ലക്ഷണങ്ങളായിരുന്നു യുവാവിനുണ്ടായിരുന്നത്. അവശേഷിച്ച രക്തസാമ്പിൾ കോഴിക്കോട്  മെഡിക്കൽ കോളേജിലേക്ക് പരിശോധനയ്ക്ക്‌ അയക്കുകയായിരുന്നു.  ഫലം പോസിറ്റീവായ ഉടൻ‌ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. ഒമ്പതിന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. 

ഉറവിടം കണ്ടെത്തും
രോ​ഗബാധയുടെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്തുമെന്ന് മന്ത്രി അറിയിച്ചു. യുവാവ് വീടിനുസമീപത്തുനിന്ന് പഴങ്ങൾ കഴിച്ചതായി ബന്ധുക്കൾ അറിയിച്ചിരുന്നു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യമുണ്ട്. ഇതാവാം ഉറവിടമെന്നാണ് സംശയിക്കുന്നത്. വൈറസിന്റെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്താൻ പുണെ എൻഐവിയുടെ സഹായം തേടിയിട്ടുണ്ട്.

11 പേർകൂടി നെ​ഗറ്റീവ്‌
യുവാവുമായി സമ്പർക്കത്തിലുണ്ടായിരുന്ന 11 പേരുടെ സ്രവപരിശോധനാഫലം വ്യാഴാഴ്ച നെഗറ്റീവായി. ഇതോടെ  37 പേരാണ് ആകെ നെഗറ്റീവായത്. രണ്ടുപേരെക്കൂടി ഉൾപ്പെടുത്തിയതോടെ  സമ്പർക്കപ്പട്ടികയിൽ 268 പേരായി. 81 പേർ ആരോഗ്യപ്രവർത്തകരാണ്. 177 പേർ പ്രൈമറി കോണ്ടാക്ടും 90 പേർ സെക്കൻഡറി കോണ്ടാക്ടുമാണ്.   പ്രൈമറി പട്ടികയിലെ 134 പേർ ഹൈറിസ്‌ക് വിഭാ​ഗത്തിലാണ്. ലക്ഷണങ്ങളോടെ രണ്ടുപേരെ വ്യാഴാഴ്ച മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരടക്കം ആറുപേർ മഞ്ചേരിയിലും 21 പേർ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.  ഹൈറിസ്ക് വിഭാഗത്തിലുള്ളവർക്ക് പ്രതിരോധമരുന്ന് നൽകും.

എംപോക്‌സ്‌ : യുവാവിന്റെ ആരോ​ഗ്യനില 
തൃപ്തികരം
എംപോക്‌സ്‌ സ്ഥിരീകരിച്ച്‌ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള എടവണ്ണ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം. യുഎയിൽനിന്നെത്തിയ വിമാനത്തിൽ യുവാവിനൊപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. യുവാവ് 13നാണ് നാട്ടിലെത്തിയത്. വിമാനത്തിൽ യുവാവിന്റെ സീറ്റിനുമുന്നിലും പിന്നിലുമായുള്ള മൂന്നുനിരയിലിരുന്ന 43 പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരോട്‌ നിരീക്ഷണത്തിലിരിക്കാൻ നിർദേശം നൽകി.

എം പോക്സ്‌ വകഭേ​ദം തിരിച്ചറിയാൻ സ്രവം പരിശോധനയ്‌ക്ക്‌ അയച്ചു. ഫലം വെള്ളിയാഴ്ച ലഭിക്കും. പത്തനംതിട്ടയിൽ എം പോക്സ്‌ ലക്ഷണങ്ങളുണ്ടായിരുന്ന മൂന്നുപേരുടെ സ്രവ പരിശോധനാഫലം നെ​ഗറ്റീവാണെന്ന്‌ മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top