18 November Monday

ഡിജെ ഷോയിലെ ഫോൺ കവർച്ച; ഡൽഹി, മുംബൈ 
മോഷണ സംഘങ്ങളിലെ 
4 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

കൊച്ചി>  ബോൾഗാട്ടി പാലസിൽ അലൻ വാക്കർ ഡിജെ ഷോയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച ഡൽഹി, മുംബൈ മോഷണസംഘങ്ങളിലെ നാലുപേർ അറസ്റ്റിൽ. ഡൽഹി സ്വദേശികളായ വസീം അഹമ്മദ് (32), ആതിഖ്‌ ഉർ റഹ്മാൻ (38), മുംബൈ താനെ സ്വദേശി സണ്ണി ഭോല യാദവ്‌ (27), യുപി രാംപൂർ ഖുഷിനഗർ സ്വദേശി ശ്യാം ബരൺവാൾ (32) എന്നിവരാണ് അറസ്റ്റിലായത്‌. മോഷണം നടന്ന്‌ രണ്ടാഴ്‌ച തികയുംമുമ്പാണ്‌ കൊച്ചി സിറ്റി പൊലീസ്‌ പ്രതികളെ പിടികൂടിയത്‌.

രണ്ടു കവർച്ചസംഘങ്ങളും തമ്മിൽ ബന്ധമില്ലെന്ന്‌ കമീഷണർ പുട്ട വിമലാദിത്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സണ്ണി ഭോല യാദവിനെയും ശ്യാം ബെൻവാലയെയും തിങ്കളാഴ്‌ച കേരളത്തിലെത്തിക്കും. ഇരുവരും നാല്‌ കേസുകളിൽ പ്രതികളാണ്‌.
നാലുപേരടങ്ങുന്ന മുംബൈ, ഡൽഹി സംഘങ്ങളാണ്‌ ആറിന്‌ കൊച്ചിയിലെത്തി മോഷണം നടത്തിയത്‌. ഇരുസംഘങ്ങളിലുമായി പിടിയിലാകാനുള്ള നാലുപേർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആതിഖ്‌ ഉർ റഹ്മാൻ ഡൽഹിയിലെ വിവിധ സ്റ്റേഷനുകളിൽ വഞ്ചന, അടിപിടി, കവർച്ചയടക്കം എട്ട് കേസുകളിൽ പ്രതിയാണ്. നാല് മോഷണക്കേസിൽ വസീം അഹമ്മദ് അറസ്റ്റിലായിട്ടുണ്ട്. ബംഗളൂരു ഫീനിക്‌സ്‌ മാർക്കറ്റ്‌ സിറ്റി മാളിൽ 2022ൽ നടന്ന ഡിജെ ഷോയ്‌ക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലും പ്രതിയാണ്‌ വസീം അഹമ്മദ്‌. ബംഗളൂരു മഹാദേവപുര പൊലീസാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. മറ്റു മൂന്ന്‌ കേസുകൾ ഡൽഹിയിലാണ്‌. കൊച്ചി ബോൾഗാട്ടി പാലസിൽ ആറിന്‌ പതിനായിരത്തോളംപേർ പങ്കെടുത്ത മെഗാ ഡിജെ ഷോയ്ക്കിടെയായിരുന്നു മോഷണം. ഷോയിൽ വിഐപി ടിക്കറ്റ് എടുത്ത്‌ മുൻനിരയിലിരുന്നവരുടെ ഫോണുകളാണ് കവർന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top