21 December Saturday

മുനമ്പം ഭൂമി പ്രശ്‌നം ; എല്ലാവശങ്ങളും 
പരിശോധിച്ച്‌ തീരുമാനം : പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024


കൊച്ചി
മുനമ്പം ഭൂമി പ്രശ്‌നത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുള്ള ശാശ്വത പരിഹാരത്തിനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ മന്ത്രി പി രാജീവ്‌. റീസർവേ വാർത്ത ഓരോരുത്തരുടെയും ധാരണയും ഭാവനയും അനുസരിച്ച്‌ പ്രചരിപ്പിക്കുകയാണ്‌. മുനമ്പത്തെ താമസക്കാരെ ഒരുകാരണവശാലും കുടിയൊഴിപ്പിക്കരുത്‌. 
 

ഇതുവരെയുള്ള കേസും കോടതിവിധികളും മറ്റു നടപടികളുമെല്ലാം പരിശോധിച്ചുള്ള ചർച്ചയും തീരുമാനവുമാണ്‌ 22ലെ യോഗത്തിൽ ഉണ്ടാകുക. എല്ലാവർക്കും അറിവുള്ളതുപോലെ കെപിസിസി സെക്രട്ടറിയായിരുന്ന എം വി പോളാണ്‌ അവിടെ ഭൂമി മുഴുവൻ വിറ്റത്‌. ഫാറൂഖ്‌ കോളേജിൽനിന്ന്‌ പവർ ഓഫ്‌ അറ്റോർണി നേടിയാണ്‌ അത്‌ ചെയ്‌തത്‌. പാണക്കാട്‌ റഷീദലി തങ്ങൾ ചെയർമാനായിരിക്കെയാണ്‌ ബോർഡ്‌ ഭൂമി മുഴുവൻ വഖഫ്‌ സ്വത്തായി രജിസ്‌റ്റർ ചെയ്‌തത്‌. ഭൂവുടമകൾക്ക്‌ നോട്ടീസും അയച്ചു. 
 2022നുശേഷം അവിടെയാർക്കും നോട്ടീസ്‌ നൽകിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.

സന്ദീപ്‌ വാര്യരുടെ നേതാവ്‌ ഇപ്പോഴും മോദി
ബിജെപിവിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരുടെ അഖിലേന്ത്യാ നേതാവ് നരേന്ദ്ര മോദിയാണെന്നും കേരളത്തിൽ ബിജെപിയായാലും കോൺഗ്രസായാലും ദേശീയതലത്തിൽ ബിജെപിക്ക്‌ പ്രശ്‌നമില്ലെന്നും മന്ത്രി പി രാജീവ്. വയനാട് തെരഞ്ഞെടുപ്പുവരെ ആ മാറ്റം ഉണ്ടായില്ലെന്നതാണ് ശ്രദ്ധിക്കേണ്ടത്. കാരണം നരേന്ദ്ര മോദിയാണ് തന്റെ നേതാവെന്ന് സന്ദീപ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ കെ സുരേന്ദ്രൻ നയിക്കുന്ന പാർടിയോ കെ സുധാകരൻ നയിക്കുന്ന പാർടിയോ ആകാമെന്നതാണ്‌ നിലപാട്‌–- മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top