കൊച്ചി
ജില്ലയിലെ മുസ്ലിംലീഗിൽ വി കെ ഇബ്രാഹിംകുഞ്ഞ് നയിക്കുന്ന ഔദ്യോഗിക വിഭാഗവും ടി എ അഹമ്മദ് കബീർ വിഭാഗവും തമ്മിൽ തുടരുന്ന ഗ്രൂപ്പുപോര് പരസ്യപോരാട്ടത്തിലേക്ക്. സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയുടെ ശുപാർശപ്രകാരം സംസ്ഥാന കമ്മിറ്റി നോമിനേറ്റ് ചെയ്‌ത വിവിധ കമ്മിറ്റി ഭാരവാഹികളെ പരസ്യമായി നേരിടാനാണ് കബീർ വിഭാഗത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം കോതമംഗലം ഓഫീസിൽ യോഗം ചേരാനെത്തിയ പുതിയ മണ്ഡലം ഭാരവാഹികളെ കബീർ വിഭാഗത്തിലെ നൂറുകണക്കിന് പ്രവർത്തകർ ചേർന്നാണ് ഓഫീസിൽ കയറ്റാതെ ഉപരോധിച്ചത്. ജില്ലയിലെ വിവിധ കമ്മിറ്റികളിലേക്ക് സംസ്ഥാനസമിതി നിയോഗിച്ച മുഴുവൻപേരെയും ഇത്തരത്തിൽ നേരിടാനാണ് കബീർ വിഭാഗത്തിന്റെ നീക്കം.
വി കെ ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തിൽ അഹമ്മദ് കബീർ വിഭാഗത്തിനെതിരെ നടക്കുന്ന നീക്കങ്ങളുടെ ഭാഗമായാണ് കോതമംഗലം മണ്ഡലത്തിൽ ഉൾപ്പെടെ വിവിധ കമ്മിറ്റികളിലേക്ക് കൂടിയാലോചനയില്ലാതെ പുതിയ ഭാരവാഹികളെ നിയോഗിച്ചത്. ഇവരിൽ പലരും പോക്‌സോ കേസിൽ ഉൾപ്പെടെ പ്രതികളാണ്. ഏതുവിധേനയും കബീർ വിഭാഗത്തിന് ഭൂരിപക്ഷമുള്ള കമ്മിറ്റികൾ പിടിക്കലാണ് ഇബ്രാഹിംകുഞ്ഞിന്റെ ലക്ഷ്യം. അതുവഴി ജില്ലാ കൗൺസിലിൽ നഷ്ടമായ ഭൂരിപക്ഷം നേടാം. ജില്ലാ കമ്മിറ്റിയെയും പക്ഷത്താക്കാം.
കളമശേരിയിൽ മകൻ അബ്ദുൾ ഗഫൂറിന്റെ തോൽവിയോടെയാണ് കബീർ പക്ഷത്തിനെതിരെ ഇബ്രാഹിംകുഞ്ഞ് തുറന്നപോരാട്ടം തുടങ്ങിയത്. കബീർ വിഭാഗത്തിന് സ്വാധീനമുള്ള കമ്മിറ്റികളിൽ തെരഞ്ഞെടുപ്പ് നടത്താതെ ജില്ലാ കൗൺസിൽ വിളിച്ചെങ്കിലും അലങ്കോലപ്പെട്ടതിനാൽ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നില്ല. സംസ്ഥാന നേതൃത്വത്തെ സ്വാധീനിച്ച് ഗഫൂറിനെ ജനറൽ സെക്രട്ടറിയാക്കി അഡ്‌ഹോക് കമ്മിറ്റി ഉണ്ടാക്കി. പ്രസിഡന്റ് സ്ഥാനം കബീർ പക്ഷത്തെ ഹംസ പറക്കാട്ടിന് നൽകിയെങ്കിലും വൈകാതെ ചില ആരോപണങ്ങൾ ഉയർത്തി സസ്‌പെൻഡ് ചെയ്യിച്ചു. ഹംസ പിന്നീട് ലീഗിൽനിന്ന് രാജിവച്ചുപോയി. കോതമംഗലം മണ്ഡലം കമ്മിറ്റി ഉൾപ്പെടെ കബീർ പക്ഷത്തിന് സ്വാധീനമുള്ള കമ്മിറ്റികളിലെല്ലാം ഭാരവാഹികളെ നിയോഗിച്ചതാണ് ഒടുവിലത്തെ നീക്കം. തന്റെ വിശ്വസ്‌തരെയാണ് നിയോഗിച്ചതെങ്കിലും അതിൽ 10 പേർ പോക്‌സോ കേസുകളിൽ ഉൾപ്പെടെ പ്രതികളായത് ഇബ്രാഹിംകുഞ്ഞിന് തിരിച്ചടിയായി. അത് ആയുധമാക്കാനാണ് കബീർ വിഭാഗത്തിന്റെ തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..