ആലപ്പുഴ
ഓരോതവണ അന്വേഷണം വഴിതെറ്റിക്കാൻ ജയചന്ദ്രൻ ശ്രമിക്കുമ്പോഴും പൊലീസ് ഡിജിറ്റൽ തെളിവുകൾ നിരത്തി അതെല്ലാം പൊളിച്ചു. ഒടുവിൽ കൊലപാതകത്തിന്റെ വിവരങ്ങൾ ഗത്യന്തരമില്ലാതെ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു പ്രതി.
ഞായറാഴ്‌ച കസ്‌റ്റഡിയിലായ ഇയാളിൽനിന്ന് ദുരൂഹതയുടെ ചുരുളഴിച്ച പൊലീസ് അന്നുതന്നെ കൊലപാതകസ്ഥലത്തെത്തി. വീടും പരിസരവുമടക്കം പരിശോധിച്ച് സാഹചര്യത്തെളിവുകൾ ശേഖരിച്ചു. തിങ്കളാഴ്‌ചയും ഇവിടെയെത്തിയ പൊലീസ് മൃതദേഹം അടുത്തപുരയിടത്തിൽ ഉള്ളതായി സ്ഥിരീകരിച്ചു. 13നാണ് വിജയലക്ഷ്‌മിയെ കാണാനില്ലെന്ന പരാതി കരുനാഗപ്പള്ളി പൊലീസിന് ലഭിക്കുന്നത്. ഒമ്പതുമുതൽ കാണാനില്ലെന്നായിരുന്നു സഹോദരി തഴവ കൊച്ചയ്യത്തുവീട്ടിൽ ഗീത(43)യുടെ പരാതി. എന്നാൽ തിരോധാനം ആറുമുതലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അയൽവാസികളിൽ നിന്നാണ് ഈ വിവരങ്ങൾ ശേഖരിച്ചത്. വിജയലക്ഷ്‌മി എറണാകുളത്തുണ്ടെന്നാണ് ആദ്യം പ്രതി പറഞ്ഞത്. പിന്നീട് മറ്റെവിടേക്കോ പോയെന്നായി. ഇവരുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനടക്കം നടത്തിയ ശ്രമങ്ങളെല്ലാം തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിൽ നിഷ്‌പ്രഭമായി.
കരുനാഗപ്പള്ളി സ്വദേശിനിയായ വിജയലക്ഷ്മിയെ ഇടുക്കിയിലാണ് വിവാഹം കഴിച്ചയച്ചത്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്. എന്നാൽ അവരുമായി അകന്ന ഇവർ കരുനാഗപ്പള്ളിയിൽ തിരിച്ചെത്തി കുലശേഖരപുരം കൊച്ചുമാമ്മൂട് ലീലാഭവനത്തിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. ഇതിനിടെയാണ് തുറമുഖത്ത് മീൻപിടിത്ത ബോട്ടിൽ തൊഴിലാളിയായ ജയചന്ദ്രനുമായി സൗഹൃദത്തിലായത്. സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായാണ് വിവരം. ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്.
മൃതദേഹം ആഴംകുറഞ്ഞ കുഴിയിൽ
ആറിന് അമ്പലപ്പുഴയിലെത്തിയ വിജയലക്ഷ്‌മിയും ജയചന്ദ്രനും സന്ധ്യയോടെ ഓട്ടോറിക്ഷയിൽ ജയചന്ദ്രന്റെ കരൂരുള്ള വീട്ടിലെത്തി. ഹോം നഴ്സായ ഭാര്യ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. മാസത്തിൽ ഏതാനും ദിവസമേ ഇവർ വീട്ടിലുണ്ടാകാറുള്ളൂവെന്ന് അയൽവാസികൾ പറഞ്ഞു. മകനും വീട്ടിലില്ലായിരുന്നു. മലയാലപ്പുഴ ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞാണ് കരുനാഗപ്പള്ളിയിൽനിന്ന് വിജയലക്ഷ്മിയെ കരൂരിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വിജയലക്ഷ്മിയുടെ മൂന്നര പവൻ ആഭരണങ്ങൾ കണ്ടെടുത്തിട്ടില്ല.
അധികം ആഴമില്ലാത്ത കുഴിയിലാണ് മൃതദേഹം മറവുചെയ്‌തത്. സിമന്റ് ലായനിയും ഒഴിച്ചു. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. പോസ്‌റ്റുമോർട്ടത്തിന് ശേഷം ഏറ്റുവാങ്ങി. സംസ്‌കാരം വ്യാഴം രാവിലെ കരുനാഗപ്പള്ളിയിൽ.
വീടിന് കല്ലിട്ട സ്ഥലത്ത് മൃതദേഹം; ഞെട്ടൽ മാറാതെ കൃപ
വീടിന് കല്ലിട്ട സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ടെന്ന വിവരം അറിഞ്ഞ് ഞെട്ടൽ മാറാതെ കൃപ. മത്സ്യത്തൊഴിലാളിയായ പുറക്കാട് അഴിക്കകത്ത് വീട്ടിൽ മനു–--കൃപ ദമ്പതികൾ വാങ്ങിയ സ്ഥലത്താണ് കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്‌മി(48)യുടെ മൃതദേഹം കുഴിച്ചിട്ടത്.
ഏറെക്കാലത്തെ പ്രതീക്ഷയ്‌ക്കൊടുവിൽ ഒരു സംഘടനയാണ് ഇവർക്ക് വീട് നിർമിച്ചുനൽകാമെന്നറിയിച്ചത്. എട്ടിനാണ് കല്ലിട്ടത്. അപ്പോഴും അറിഞ്ഞില്ല, പുരയിടത്തിന്റെ ഒരു കോണിൽ മണ്ണിനടിയിൽ മൃതദേഹമുണ്ടെന്ന്. ചൊവ്വ രാവിലെ നാട്ടുകാരാണ് കൃപയെ വിവരമറിയിച്ചത്. മനു മാലിദ്വീപിലാണ്. പിതൃസഹോദരൻ രാജീവനൊപ്പമാണ് സ്ഥലത്തെത്തിയത്. ഇനി എന്ന് വീട് നിർമിക്കാനാകുമെന്ന ആശങ്കയിലാണ് കൃപ.
സാമ്പത്തിക പ്രതിസന്ധിയിൽ വീട് വിറ്റശേഷം മനുവും ഭാര്യ കൃപയും രണ്ട് മക്കളുമാെന്നിച്ച് വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. മീൻപിടിത്തത്തിലൂടെ കിട്ടുന്ന വരുമാനത്തിൽനിന്ന് മിച്ചംപിടിച്ചും സ്വർണം പണയം വച്ചും ബന്ധുക്കളുടെ സഹായത്താലുമാണ് പുറക്കാട് മൂന്നാം വാർഡ് ഐവാട്ടുശേരിയിൽ 4.5 സെന്റ് സ്ഥലം എട്ടുവർഷം മുമ്പ് വാങ്ങിയത്. കേസും തുടരന്വേഷണവും മൂലം ഇനി എന്ന് വീടു നിർമിക്കാനാകുമെന്ന ആശങ്കയിലാണ് ഇവർ.
നിർണായകമായത് കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ച ഫോൺ
ആലപ്പുഴയിൽ യുവതിയെ തലയ്‌ക്കടിച്ചുകൊന്ന് കുഴിച്ചുമൂടിയ കേസിൽ നിർണായകമായത് പ്രതി കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ച മൊബൈൽ ഫോൺ. ദൃശ്യം സിനിമയിലേതുപോലെ കൊല്ലപ്പെട്ടയാളുടെ ഫോൺ ഉപേക്ഷിക്കുന്നതിനുപകരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിൽകൊണ്ടിട്ട് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു പ്രതി ജയചന്ദ്രന്റെ ശ്രമം.
കൊലപാതകശേഷം കൊച്ചിയിലെത്തിയ ഇയാൾ കണ്ണൂരിലേക്ക് പോയ കെഎസ്ആർടിസി ബസിൽ വിജയലക്ഷ്‌മിയുടെ ഫോൺ ഉപേക്ഷിച്ചു. എന്നാൽ, ബസിൽനിന്ന് ഫോൺ ലഭിച്ചയാൾ രണ്ടാഴ്‌ചമുമ്പ് എറണാകുളം സെൻട്രൽ പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോൺ ദീർഘനേരം അമ്പലപ്പുഴയിൽ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. സെൻട്രൽ പൊലീസ് അമ്പലപ്പുഴ പൊലീസിന് ഈ ഫോൺ കൈമാറി. കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്‌മിയുടേതാണ് ഫോണെന്ന് പൊലീസ് കണ്ടെത്തി. വിജയലക്ഷ്‌മിയെ കാണാനില്ലെന്ന് കരുനാഗപ്പള്ളി പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതകം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..