21 December Saturday

എസ്‌ സുരേഷും അജിത്‌കുമാറും ഡിജിപിമാരാകും ; പരിശോധനാ സമിതിയുടെ ശുപാർയ്‌ക്ക്‌ മന്ത്രിസഭ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024

എസ്‌ സുരേഷ്‌, എം ആർ അജിത്‌കുമാർ


തിരുവനന്തപുരം
എഡിജിപിമാരായ എസ്‌ സുരേഷ്‌, എം ആർ അജിത്‌കുമാർ എന്നിവർക്ക്‌ ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള പരിശോധനാ സമിതിയുടെ ശുപാർയ്‌ക്ക്‌ മന്ത്രിസഭ അംഗീകാരം നൽകി. അടുത്ത ഒഴിവുവരുന്ന മുറയ്‌ക്ക്‌ ഇരുവരും ഡിജിപി പദവിയിലെത്തും. കഴിഞ്ഞതവണ സ്ഥാനക്കയറ്റത്തിന്‌ ശുപാർശ നൽകിയ മനോജ്‌ എബ്രഹാമിന്‌ ശേഷമാകും ഇവർ ഡിജിപി റാങ്കിലെത്തുക.

സംസ്ഥാനത്ത്‌ നാലുപേർക്കാണ്‌ ഡിജിപി റാങ്കിന്‌ അനുമതി. കേന്ദ്ര ഡെപ്യൂട്ടേഷനിൽനിന്ന്‌ മടങ്ങിയെത്തിയ നിതിൻ അഗർവാൾ പ്രത്യേക അനുമതിയിൽ ഡിജിപി റാങ്കിലുണ്ട്‌. ഡിസംബർ 31ന്‌ സഞ്ജീവ്‌കുമാർ പട്‌ജോഷി വിരമിക്കുന്നതോടെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം നാലാകും. 2025 മേയിൽ കെ പത്മകുമാർ വിരമിക്കുന്ന ഒഴിവിൽ 1994 ബാച്ച്‌ ഉദ്യോഗസ്ഥനായ മനോജ്‌ എബ്രഹാം ഡിജിപിയാകും. ജൂലൈയിൽ പൊലീസ്‌ മേധാവി ഡോ. ദർവേഷ്‌ സാഹിബ്‌ വിരമിക്കുമ്പോൾ എസ്‌ സുരേഷോ എം ആർ അജിത്‌കുമാറോ ഡിജിപിയാകും. കേന്ദ്ര ഡെപ്യൂട്ടേഷനിൽ എസ്‌പിജി എഡിജിപിയായ എസ്‌ സുരേഷാണ്‌ പട്ടികയിൽ ഒന്നാമത്‌. സുരേഷ്‌ തിരികെയെത്തിയില്ലെങ്കിൽ അജിത്‌കുമാറിന്‌ ഡിജിപിയാകാം. അല്ലെങ്കിൽ 2026ൽ നിതിൻ അഗർവാൾ വിരമിക്കുന്നതുവരെ കാത്തിരിക്കണം.

എഡിജിപി പദവിയിലേക്ക്‌ തരുൺകുമാറിനെയും ഐജി പദവിയിലേക്ക്‌ ദേബേഷ്‌കുമാർ ബഹ്റ, ഉമ, രാജ്‌പാൽ മീണ, ജെ ജയനാഥ്‌, ഡിഐജി പദവിയിലേക്ക്‌ യതീഷ്‌ ചന്ദ്ര, ഹരിശങ്കർ, കെ കാർത്തിക്, പ്രതീഷ്‌കുമാർ, ടി നാരായൺ എന്നിവർക്ക്‌ സ്ഥാനക്കയറ്റം നൽകാനുള്ള ശുപാർശയും മന്ത്രിസഭ അംഗീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top