തിരുവനന്തപുരം
സംസ്ഥാനത്ത് നഗരനയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കമീഷന്റെ ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സമ്പൂർണ നഗരനയ റിപ്പോർട്ട് 2025 മാർച്ചിൽ സർക്കാരിന് സമർപ്പിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം നഗരനയം രൂപീകരിക്കാൻ കമീഷനെ നിയോഗിക്കുന്നത്. മന്ത്രി എം ബി രാജേഷിന്റെ സാന്നിധ്യത്തിൽ നഗര നയകമീഷൻ ചെയർ ഡോ. എം സതീഷ് കുമാറാണ് കരട് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയത്.
കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ കേരളത്തിൽ നഗരനയം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര-, സംസ്ഥാന ഏജൻസികളുടെ കണക്കുകൾ പ്രകാരം സെൻസസ് ഡാറ്റ അനുസരിച്ച് 2035 ഓടെ കേരളത്തിലെ 90 ശതമാനം പ്രദേശങ്ങളും നഗരവൽക്കരിക്കപ്പെടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിനായി നഗരനയം രൂപീകരിക്കാൻ തീരുമാനിച്ചത്. തുടർന്ന് 2023 ഡിസംബറിൽ നഗരനയ കമീഷൻ രൂപീകരിച്ചു. അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും ഉള്ള വിദഗ്ധരെ ഉൾപ്പെടുത്തിയാണ് കമീഷൻ രൂപീകരിച്ചത്. വരുന്ന 25 വർഷത്തെ കേരളത്തിലെ നഗരങ്ങളുടെ വളർച്ചയെ അടിസ്ഥാനമാക്കി, സമസ്ത മേഖലകളിലെയും വികസന കാഴ്ചപ്പാടിനെ രൂപീകരിക്കുകയെന്നതാണ് നഗരനയം രൂപീകരിക്കുന്നതിന് പിന്നിലെ അടിസ്ഥാനം. കാലാവസ്ഥാ വ്യതിയാനത്തെ ഉൾക്കൊണ്ടുള്ള നഗരവികസനമാണ് കമീഷൻ വിഭാവനം ചെയ്യുന്നത്.
ചടങ്ങിൽ കമീഷനംഗങ്ങളായ ഡോ. ഇ നാരായണൻ, അഡ്വ. എം അനിൽ കുമാർ, ഡോ. ഷർമ്മിളാ മേരി ജോസഫ്, ഡോ. വി വൈ എൻ കൃഷ്ണമൂർത്തി, വി സുരേഷ്, ഡോ. കെ എസ് ജെയിംസ്, ഹിതേഷ് വൈദ്യ, ടിക്കന്തർ സിങ് പൻവാർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..