19 December Thursday

കൊച്ചി കപ്പല്‍ശാലയില്‍ 
അന്തര്‍വാഹിനി പ്രതിരോധ കപ്പലിന് കീലിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024


കൊച്ചി
കൊച്ചി കപ്പൽശാല ഇന്ത്യൻ നാവികസേനയ്ക്കുവേണ്ടി നിർമിക്കുന്ന എട്ട് അന്തർവാഹിനി പ്രതിരോധ കപ്പലുകളിൽ (എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി) ആറാമത്തേതിനും കീലിട്ടു. കപ്പൽശാലയിൽ നടന്ന ചടങ്ങിൽ ദക്ഷിണ നാവികസേന ചീഫ് സ്റ്റാഫ് ഓഫീസർ ( ട്രെയ്നിങ്)  റിയർ അഡ്മിറൽ സതീഷ് ഷേണായി,  കൊച്ചി കപ്പൽശാല ഡയറക്ടർ (ഓപ്പറേഷൻസ്) ശ്രീജിത്ത് കെ നാരായണൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് ഗോപാലകൃഷ്ണൻ, എസ് ഹരികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ബിവൈ 528, മ​ഗ്ദല എന്ന ഈ കപ്പലിലെ പ്രധാന ഉപകരണങ്ങൾ തദ്ദേശീയ നിർമാതാക്കളിൽനിന്നുള്ളതായിരിക്കും. തീരക്കടലിൽ അന്തർവാഹിനി പ്രതിരോധ പ്രവർത്തനം നടത്തുന്ന ഇതിൽ ജലത്തിനടിയിലെ നിരീക്ഷണങ്ങൾക്കുള്ള അത്യാധുനിക  സെൻസറുകളും  മൈൻ സ്ഥാപിക്കാനും കണ്ടെത്താനുമുള്ള ഉപകരണങ്ങളുമുണ്ടാകും.

ഈ പരമ്പരയിലെ  മൂന്ന് കപ്പലുകൾ കഴിഞ്ഞ ഡിസംബറിലും രണ്ടെണ്ണം ഈ വർഷം സെപ്തംബറിലും നീറ്റിലിറക്കി.  2019 ഏപ്രിൽ 30നാണ്  അന്തർവാഹിനി പ്രതിരോധ കപ്പലുകളുടെ നിർമാണത്തിന്  പ്രതിരോധ മന്ത്രാലയവും കപ്പൽശാലയും തമ്മിൽ കരാർ ഒപ്പുവച്ചത്. ആദ്യകപ്പൽ 2025ൽ കൈമാറാണ് ലക്ഷ്യമിടുന്നതെന്നും കപ്പൽശാല വാർത്താക്കുറിപ്പിൽ അറിയിച്ചു.

നാവികസേനയ്ക്കുള്ള അടുത്ത തലമുറ മിസൈൽ യാനങ്ങളുടെ  (എൻജിഎംവി) ഉരുക്കുമുറിക്കൽ ചടങ്ങും കഴിഞ്ഞദിവസം നടന്നു.  യുദ്ധക്കപ്പൽ നിർമാണവിഭാ​ഗം സൂപ്രണ്ട് കമ്മഡോർ എസ് പാർത്ഥിബൻ ഉദ്ഘാടനം ചെയ്തു. ആറുയാനങ്ങളാണ് നിർമിക്കുന്നത്. ഉപരിതല മിസൈൽ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, എയർ സർവൈലൻസ്, ഫയർ കൺട്രോൾ റഡാറുകൾ തുടങ്ങിയ ആയുധങ്ങളും സെൻസറുകളുമുള്ള അതിവേഗ കപ്പലുകളായാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top