19 December Thursday

ആ ചതിക്ക് "മാപ്പ്' ഇല്ല ; ഗൂഗിൾമാപ്പും വഴിതെറ്റിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024

ഇന്നിപ്പോൾ വാഹനത്തിൽ ഇന്ധനമില്ലെങ്കിലും 
ഗൂഗിൾമാപ്പുണ്ടല്ലോ എന്ന ആശ്വാസത്തിലാണ്‌ 
യാത്രികർ. സോളോ യാത്രികർ മുതൽ ദീർഘദൂര കണ്ടയ്‌നർ ലോറി ഡ്രൈവർവരെ ഉപയോഗിക്കുന്ന സഹായിയാണ്‌ ഗൂഗിൾമാപ്പ്‌. പക്ഷേ ഗൂഗിൾമാപ്പും വഴിതെറ്റിക്കുന്നുവെന്നതാണ്‌ സമീപകാല അനുഭവങ്ങൾ

തയ്യാറാക്കിയത്‌
ശ്രീരാജ്‌ ഓണക്കൂർ 
/ ഹർഷാദ്‌ മാളിയേക്കൽ 
/ എസ്‌ കിരൺബാബു
സങ്കലനം
മിഥുൻ കൃഷ്ണ 

മുൻപൊക്കെ അപരിചിത ദേശങ്ങളിലേക്കുള്ള യാത്രയ്‌ക്ക്‌ വഴിതെറ്റാതിരിക്കാൻ "ചോയിച്ച്‌, ചോയിച്ച്‌' പോകേണ്ടിയിരുന്നു. ഇന്ന്‌ ഫോണിൽ ഗൂഗിൾമാപ്പ്‌ വഴികാട്ടും. എത്തിക്കേണ്ടിടത്ത്‌ കൃത്യമായി എത്തിക്കും. 2006ലാണ്‌ ആഗോളതലത്തിൽ മൊബൈൽ ഫോണിൽ ഗൂഗിൾ മാപ്പിന്റെ സഹായം ലഭ്യമായത്‌. 2013 ആകുമ്പോഴേക്കും ഇന്ത്യയിലുമെത്തി.  സോളോ യാത്രികർ മുതൽ ദീർഘദൂര കണ്ടെയ്‌നർ ലോറി ഡ്രൈവർക്കുവരെ വഴികാട്ടുമത്‌. പക്ഷേ ഈ വഴികാട്ടി വഴിതെറ്റിക്കുന്ന അനുഭവങ്ങളും നിരവധി.

വിരൽചൂണ്ടിയത്‌ 
മരണത്തിലേക്ക്‌  
2023 ഒക്ടോബർ ഒന്നിന്‌ പെരിയാറിന്റെ കൈവഴിയായ ​ഗോതുരുത്ത് കടൽവാതുരുത്തിൽ അ‍ഞ്ചം​ഗ സംഞ്ചരിച്ച കാർ വീണ് രണ്ട് യുവ ഡോക്ടർമാർ മരിക്കാനിടയായ സംഭവത്തിൽ വില്ലനായത്‌ ഗൂഗിൾ മാപ്പായിരുന്നു. എറണാകുളത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായംതേടി. കൊടുങ്ങല്ലൂർ മതിലകം പാമ്പിനേഴത്ത് അജ്മൽ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തറത്തുണ്ടിയിൽ എം എസ് അദ്വൈത് എന്നിവരുടെ മരണത്തിലേക്കാണ്‌ ഗൂഗിൾമാപ്പ്‌ വഴികാട്ടിയത്‌.

ഈ വർഷം മെയ് 24ന്‌ ഹൈദരാബാദിൽനിന്നുള്ള വിനോദസഞ്ചാര സംഘത്തെ കോട്ടയം കുറുപ്പംതറ പാലത്തിന് സമീപത്തെ തോട്ടിലേക്ക് വീഴ്‌ത്തിയതും ഗൂഗിൾമാപ്പായിരുന്നു. മൂന്നാർ–- ആലപ്പുഴ യാത്രക്കിടെ പുലർച്ചെ അപകടത്തിൽപ്പെട്ട നാല് പേരെ കടുത്തുരുത്തി പൊലീസും നാട്ടുകാരും രക്ഷിച്ചു. വാഹനം മുങ്ങിപ്പോയി. മെയ് 19ന്‌  മറ്റൊരു കുടുംബം സഞ്ചരിച്ച കാറും ഇവിടെ അപകടത്തിൽപ്പെട്ടു. ആ​ഗസ്‌ത്‌ 17ന്‌ കർണാടക ചിക്മഗളൂരു സ്വദേശികളുടെ കാർ വയനാട് ബാവലിയിൽ തോട്ടിൽ വീണ്‌ ബെനഡിക്ട് (67), ഡിസൂസ (60), ലോറൻസ് (62) എന്നിവർക്ക് പരിക്കേറ്റു. ഗൂഗിൾ മാപ്പിനെ "വിശ്വസിച്ച്‌' പുല്പള്ളി ഭാഗത്തേക്കു പോകാനെത്തിയ ഇവർ  നടക്കാൻമാത്രം വീതിയുള്ള പാലത്തിലേക്ക്  വാഹനം കയറ്റിയതോടെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. സെപ്തംബർ ഒന്നിന്‌  കൊച്ചി–- ഗോവ യാത്രയ്‌ക്ക്‌ ഗൂഗിൾ മാപ്പിനെ ആശ്രയിച്ച കണ്ടെയ്‌നർ ലോറി ഡ്രൈവർ വെങ്ങര ചെമ്പല്ലിക്കുണ്ട്‌ റോഡിൽ കുടുങ്ങി. വൈദ്യുതക്കമ്പിയും തൂണും തകർത്തതിന് 13,848 രൂപ കെഎസ്ഇബി പിഴയീടാക്കി. മുൻപ് ടാങ്കർ ലോറിയും വഴിമാറി മാടായിപ്പാറയിലൂടെ വന്ന് ഇവിടെ കുടുങ്ങി. സെപ്തംബർ 24ന്‌ വയനാട്ടിൽനിന്ന് ആലപ്പുഴയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ വടക്കാഞ്ചേരി പൂങ്ങോടുവളവിനു സമീപം തോട്ടിലേക്ക് മറിഞ്ഞതിലും വഴിതെറ്റിച്ചത്‌ ഗൂഗിൾമാപ്പ്‌.  ഗൂ​ഗിൾ മാപ്പിനെ സഹായ ആപ്ലിക്കേഷൻ എന്നതിലുപരി പൂർണമായും ആശ്രയിക്കുന്നതാണ് അപകട കാരണം. നവംബറിൽ യുപിയിൽ ​ഗൂ​ഗിൾ മാപ്പിനെ ആശ്രയിച്ച കാർ അപകടത്തിൽപ്പെട്ട് മൂന്ന് യുവാക്കൾ മരിച്ചു. ദത്തഗഞ്ചിലെ പാലത്തിൽനിന്ന് വീഴുകയായിരുന്നു. ​ഗൂ​ഗിൾ മാപ്പിനെ പ്രതിചേർത്ത് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. ​ ദുരന്തത്തിന്റെ വ്യാപ്‌തി വർധിക്കുമ്പോൾ മാത്രമാണ്‌ വാർത്തയാകുന്നത്‌.  

രാത്രിക്ക്‌ ലഹരിക്കൂട്ട്‌
എറണാകുളം സ്വദേശിയായ മീൻവണ്ടി ഓടിക്കുന്നയാളെ ഭാര്യയും ബന്ധുക്കളും  മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ അഡിക്‌ഷൻ സെന്ററിലെത്തിച്ചു. വാഹനമോടിക്കുമ്പോൾ ഉറങ്ങാതിരിക്കാൻ ഇയാൾ സ്ഥിരമായി ഉപയോഗിച്ചിരുന്നത്‌ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായിരുന്നു. കൊല്ലം നീണ്ടകരയിൽനിന്ന്‌ മീൻ മിനിലോറിയിൽ കയറ്റി കോയമ്പത്തൂർ,  മംഗലാപുരം എന്നിവിടങ്ങളിലേക്കും ആന്ധ്രപ്രദേശിലേക്കും ഒറ്റ രാത്രി കൊണ്ട്‌ എത്തണം. ഉറങ്ങാതിരിക്കാനാണ്‌ ലഹരി  ഉപയോഗം. നിരന്തര ലഹരി ഉപയോഗം കുടുംബപ്രശ്‌നം സൃഷ്‌ടിച്ചപ്പോഴാണ്‌ വിമുക്തിയിലെത്തിച്ചത്‌. ഇപ്പോൾ ചികിത്സ കഴിഞ്ഞ്‌ പുതിയ ജീവിതത്തിലേക്ക്‌ മടങ്ങി.

ദീർഘദൂര ലോറിയും ബസ്സും ഓടിക്കുന്ന ഒരു വിഭാഗം ഡ്രൈവർമാർക്കിടയിലാണ്‌ കഞ്ചാവിന്റെയും നിരോധിത പുകയില വ്യാപക ഉപയോഗം. അമിതവേഗത്തിൽ വാഹനമോടിക്കാനും ഉറങ്ങാതിരിക്കാനുമാണിത്‌. മദ്യം കഴിച്ചാൽ ബ്രെത്ത്‌ അനലൈസർ പിടിക്കപ്പെടുമെന്നതിനാലാണ്‌ കഞ്ചാവും എംഡിഎംഎയടക്കമുള്ള ലഹരിക്ക്‌ അടിമപ്പെടുന്നത്‌. ഇത്‌ അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്‌.

ജീവന്റെ വെളിച്ചം
റോഡുകളിൽ ആവശ്യത്തിന് വെളിച്ച സംവിധാനമില്ലാത്തതിനാലും അപകടങ്ങൾ നിരവധി. 2023ൽ സംസ്ഥാനത്ത് 61 അപകടങ്ങളിലായി 10 പേര്‍ മരിച്ചു. 54 പേര്‍ക്ക് ​ഗുരുതരമായും 51 പേര്‍ക്ക് സാരമായും പരിക്കേറ്റു. വാഹനങ്ങൾക്ക് തെളിച്ചമുള്ള ലൈറ്റുകൾ പോലെ പ്രധാനമാണ് വഴിയരികിലെയും വെളിച്ച സംവിധാനം. കാൽനടയാത്രക്കാർ, റോ‍‍ഡ് മുറിച്ചു കടക്കുന്നവർ, സൈൻ ബോർഡുകൾ, ഓവർടേക് ചെയ്യുന്ന വാ​ഹനങ്ങൾ തുടങ്ങിയവ വ്യക്തതയോടെ തിരിച്ചറിയാൻ വെളിച്ചം അനിവാര്യമാണ്.

ആംബുലന്‍സും വില്ലൻ
റോഡപകടങ്ങളില്‍പ്പെടുന്നത് ഏറ്റവുധികം ഇരുചക്രവാഹനങ്ങളാണ്. തൊട്ടുപുറകെ കാറുകളും. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ രക്ഷാപ്രവർത്തനം നടത്തുന്ന ആംബുലൻസുകളും അപകടത്തിൽപ്പെടുന്നുണ്ട്.

പൂർണ ഉത്തരവാദിത്വം നമുക്ക്‌ - ആരിഷ് ശശീന്ദ്രൻ
മൊബൈൽ ടവർ ലൊക്കേഷനുകൾ, സാറ്റലൈറ്റ് ചിത്രങ്ങൾ, ജിപിഎസ് എന്നിവയിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ശേഖരിച്ച് ലോക്കലൈസേഷൻ അൽ​ഗോരിതം, പാത് പ്ലാനിങ് അൽ​ഗോരിതം, സ്ലാം അൽ​ഗോരിതം എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒന്നാണ് ​ഗൂ​ഗിൾ മാപ്പ്. ചുരുക്കത്തിൽ പൂർണമായും സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒന്ന്. ഈ സൗജന്യ സേവനം ഉപ​യോ​ഗിക്കണോ വേണ്ടയോ എന്നത് നമ്മുടെ താൽപര്യം.

നാവി​ഗേഷൻ ആപ്പ് എന്ന നിലയ്‌ക്ക്‌ അതുപയോ​ഗിക്കുന്നതിന്റ പൂർണ ഉത്തരവാദിത്വം നമുക്കായിരിക്കും. അപകടത്തിൽപ്പെടുന്നതിന്റെ കാരണം ആപ്പ് ആവണമെന്നില്ല. ഉപയോ​ഗിക്കുന്ന വ്യക്തിയുടെ മാനസിക നിലയുമാകാം. സ്വയം പ്രവർത്തനശേഷിയുള്ള സഹായ ആപ്പായ ​ഗൂ​ഗിൾ മാപ്പിനെ പ്രവർത്തിപ്പിക്കാനുള്ള നമ്മുടെ പരിശീലനമികവും  പ്രധാനം.  
ബംഗളൂ​രു  ബാസ്റ്റ്യൻ സൊലൂഷ്യൻസ് പ്രൈവറ്റ് ലിമിറ്റഡിൽ റോബോട്ടിക്സ് ആൻ എഐ ലീഡാണ് ലേഖകൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top