കിഴക്കമ്പലം
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ നെല്ലാട്–-കിഴക്കമ്പലം റോഡ് ബിഎം, ബിസി നിലവാരത്തിൽ ടാറിങ് തുടങ്ങി. കിഴക്കമ്പലം അന്ന ജങ്‌ഷൻ മുതലാണ് ടാറിങ് തുടങ്ങിയത്. ഒരുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനിടയിൽ പലതവണ അറ്റകുറ്റപ്പണി നടത്തിയശേഷം ഒടുവിൽ ആധുനികനിലവാരത്തിൽ റോഡ് പുനർനിർമിക്കുന്നതിന് 10.45 കോടി രൂപ കെആർഎഫ്ബി അനുവദിക്കുകയായിരുന്നു. നേരത്തേ പട്ടിമറ്റംമുതൽ കിഴക്കമ്പലംവരെ അറ്റകുറ്റപ്പണിക്ക് 1.34 കോടിയും നെല്ലാടുമുതൽ പട്ടിമറ്റംവരെ 1.10 കോടിയും അനുവദിച്ചെങ്കിലും തുക തികയാത്തതിനാൽ റോഡ് പൂർണതോതിൽ സഞ്ചാരയോഗ്യമാക്കാനായില്ല. ഇതോടെ വീണ്ടും 1.59 കോടികൂടി അനുവദിച്ചു.
എന്നാൽ, ആദ്യം അനുവദിച്ച തുകകൊണ്ട് പണി പൂർത്തിയായ ഭാഗം മഴ കനത്തതോടെ വീണ്ടും പഴയപടിയായി. റോഡിൽ കാൽനടയാത്രപോലും സാധ്യമാകാതെ വന്നതോടെ തിരുവനന്തപുരത്തുവച്ച് കെആർഎഫ്ബി ഉദ്യോഗസ്ഥരുമായി പി വി ശ്രീനിജിൻ എംഎൽഎ നടത്തിയ ചർച്ചയെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. കെആർഎഫ്ബി, കിഫ്ബി ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് വേഗത്തിൽ പുനർനിർമാണ ടെൻഡർ നടപടികൾ പൂർത്തിയായി നിർമാണം തുടങ്ങിയത്. കാലാവസ്ഥ അനുകൂലമായാൽ എത്രയുംവേഗം ടാറിങ് പൂർത്തിയാക്കുമെന്ന് എംഎൽഎ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..