20 December Friday
നാട്ടാന പരിപാലന നിയമത്തിന് വിരുദ്ധം , നിയമ നിർമാണാധികാരം ഹൈക്കോടതിക്കില്ല

ആന എഴുന്നള്ളിപ്പ് : ഹെെക്കോടതി വിധിക്ക് സ്റ്റേ , നിയന്ത്രണങ്ങൾ 
അപ്രായോഗികം

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024


ന്യൂഡൽഹി
ആന ഏഴുന്നള്ളിപ്പിന്‌ കേരള ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക്‌ സുപ്രീംകോടതിയുടെ സ്റ്റേ. 2012ലെ നാട്ടാന പരിപാലന നിയമത്തിലെ വ്യവസ്ഥകൾക്ക്‌ വിരുദ്ധമാണ്‌ നിയന്ത്രണങ്ങളെന്ന്‌ ജസ്റ്റിസുമാരായ ബി വി നാഗരത്നയും എൻ കെ സിങ്ങും  ഉത്തരവിൽ വ്യക്തമാക്കി. നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്നും നിയമനിർമാണാധികാരം ഹൈക്കോടതിക്ക്‌ ഏറ്റെടുക്കാനാവില്ലെന്നും ബെഞ്ച്‌ വാക്കാൽ നിരീക്ഷിച്ചു.

തൃശൂർപൂരം നടത്തിപ്പുകാരായ പാറമേക്കാവ്‌, തിരുവമ്പാടി ദേവസ്വങ്ങളാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. ജനുവരി അഞ്ചിന് ഉത്സവമാണെന്നും ദേവസ്വങ്ങൾ അറിയിച്ചു. നാട്ടാന പരിപാലന നിയമത്തിലെ വ്യവസ്ഥ പാലിച്ച്‌ ആനകളെ ഏഴുന്നള്ളിക്കാൻ അനുമതി നൽകിയ കോടതി ഏഴുന്നള്ളിപ്പിനിടെ അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ദേവസ്വങ്ങൾക്കാണെന്ന് ഓർമിപ്പിച്ചു. സംസ്ഥാന സർക്കാരിനും കേന്ദ്രത്തിനും ദേവസ്വങ്ങൾക്കും നോട്ടീസയച്ചു.

ആനകൾ തമ്മിൽ കുറഞ്ഞത്‌ മൂന്നുമീറ്റർ അകലം വേണം, ആനകളും ജനങ്ങളും തമ്മിൽ എട്ടുമീറ്റർ അകലവും. ആനയും വെടിക്കെട്ട്‌ നടക്കുന്ന സ്ഥലവും തമ്മിൽ നൂറുമീറ്റർ അകലം വേണം, പകൽ ഒമ്പതുമുതൽ വൈകിട്ട്‌ അഞ്ചുവരെ എഴുന്നള്ളിപ്പ്‌ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ്‌ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നത്‌. ക്ഷേത്രങ്ങളിലെ ആചാര അനുഷ്‌ഠാനങ്ങളുടെ ഭാഗമായ ചടങ്ങുകളെ മൃഗാവകാശങ്ങളുടെ പേരിൽ നിയന്ത്രിക്കുന്നത്‌ ശരിയല്ലെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ സന്തുലിതാവസ്ഥ വേണം. അവ നിയമങ്ങൾ പാലിച്ചാവണം. ശൂന്യതയിൽനിന്ന് ചട്ടങ്ങളുണ്ടാക്കാനാവില്ല. ചട്ടങ്ങളിൽ പോരായ്‌മയുണ്ടെങ്കിൽ ചൂണ്ടിക്കാട്ടുകയാണ്‌ കോടതി ചെയ്യേണ്ടത്‌–- ബെഞ്ച്‌ നിരീക്ഷിച്ചു.

വ്യവസ്ഥകളെല്ലാം പാലിച്ചാണ്‌ പൂരമടക്കമുള്ള ഉത്സവങ്ങൾ നടക്കുന്നതെന്ന്‌ ദേവസ്വങ്ങൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.
പലയിടങ്ങളിലും ഏഴുന്നള്ളിപ്പിനിടെ ആന വിരണ്ട് ഓടിയിട്ടുണ്ടെന്ന് മൃഗസ്‌നേഹികളുടെ സംഘടനയ്‌ക്കുവേണ്ടി അഭിഭാഷകരായ ശ്യാം ദിവാൻ, സിദ്ധാർഥ് ലൂത്ര എന്നിവർ പറഞ്ഞു. പൂരത്തിൽ അത്തരമൊരുസംഭവം ഉണ്ടായിട്ടില്ലെന്ന്‌ സിബൽ പറഞ്ഞു. അഭിഭാഷകരായ എം ആർ അഭിലാഷ്, മഹേഷ് സഹസ്രനാമൻ എന്നിവരും ദേവസ്വങ്ങൾക്കുവേണ്ടി ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top