08 September Sunday

ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയെ ആർഎസ്‌എസ്‌ പിൻവലിച്ചു

പ്രത്യേക ലേഖകൻUpdated: Saturday Jul 20, 2024


കോഴിക്കോട്‌
ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി കെ സുഭാഷിനെ മാറ്റി. ഇദ്ദേഹത്തെ ഉത്തരമേഖലാ സഹസമ്പർക്ക്‌ പ്രമുഖായി ആർഎസ്‌എസ്‌ നിയോഗിച്ചു. നാലുവർഷം മുമ്പാണ്‌ സുഭാഷിനെ ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയാക്കിയത്‌. ഈ പദത്തിൽ ആർഎസ്‌എസ്‌ നേതാക്കളെയാണ്‌ പതിവായി നിയോഗിക്കാറ്‌. ബിജെപി– -ആർഎസ്‌എസ്‌ സംസ്ഥാന നേതൃത്വങ്ങൾക്കിടയിലുള്ള അതൃപ്‌തിയാണ്‌ സുഭാഷിനെ മാറ്റാൻ കാരണമെന്നാണ്‌ സൂചന. പകരക്കാരനെ നിയോഗിക്കാതെയാണ്‌ പിൻവലിച്ചത്‌.  

ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും വി മുരളീധരനും നയിക്കുന്ന ഗ്രൂപ്പുമായി ആർഎസ്‌എസിലെ പ്രബല വിഭാഗം അകൽച്ചയിലാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർടി നേതൃത്വത്തിന്റെ ശൈലിയിലും എതിർപ്പുണ്ടായിരുന്നു. തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലെ പ്രവർത്തനത്തെച്ചൊല്ലിയും ഭിന്നതയുണ്ടായി. സുരേന്ദ്രനെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറ്റണമെന്ന നിലപാടാണ്‌ പ്രമുഖ ആർഎസ്‌എസ്‌ നേതാക്കൾക്കുള്ളത്‌. 

തെരഞ്ഞെടുപ്പിന്‌ പിന്നാലെ സംഘടനാ ജനറൽ സെക്രട്ടറിയെ മാറ്റിയത്‌ ഇതിനുള്ള സമ്മർദമാണെന്നാണ്‌ വിവരം. അതേസമയം മാറ്റം സ്വാഭാവിക സംഘടനാരീതിയെന്നാണ്‌  ബിജെപി നേതൃത്വം അവകാശപ്പെടുന്നത്‌. കൊടകര കുഴൽപ്പണക്കേസിലടക്കം വിവാദത്തിൽ കുരുങ്ങിയ സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശനെ മാറ്റി  2020ലാണ്‌ സുഭാഷിന്‌ ചുമതല നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top