05 November Tuesday

ടിയാനക്ക്‌ നീതി കിട്ടി; ഓടിത്തോൽപ്പിച്ച വിജയം ; മുഖ്യമന്ത്രിക്ക്‌ നന്ദി

പി അനൂപ്‌Updated: Saturday Jul 20, 2024


റാന്നി
സഹഓട്ടക്കാരിൽ നിന്ന്‌ ബാറ്റൺ വാങ്ങി ലക്ഷ്യത്തിലേക്ക്‌ കുതിച്ച അത്‌ലറ്റിക്ക്‌ ട്രാക്കിലെ അതേ മാനസികാവസ്ഥയിലാണ്‌ ടിയാന ഇപ്പോൾ. വിജയവര കടക്കാൻ വേഗത്തിൽ പലപ്പോഴും കഴിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ നേട്ടം  പോരാടി തന്നെ നേടിയതാണ്‌. പതിമൂന്ന്‌ വർഷത്തെ  കാത്തിരിപ്പിനു ശേഷം നീതി കിട്ടിയ ആശ്വാസത്തിലാണ് അത്‌ലിറ്റ് ടിയാന മേരി തോമസ്. നിയമ യുദ്ധത്തിനൊടുവിൽ ടിയാനയെ കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനിൽ ജൂനിയർ സ്പോർട്സ് ഓർഗനൈസറായാണ് നിയമിക്കുന്നത്. 

4 x 400 മീറ്റർ റിലേയിൽ  സാഫ് ഗെയിംസ് മെഡൽ ജേതാവായ ടിയാന ഏഷ്യൻ കോമൺവെൽത്ത് ഗെയിംസുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.  നിയമനം ലഭിച്ചതിൽ മുഖ്യമന്ത്രിയോടും മന്ത്രിസഭയോടും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയോടുമുള്ള നന്ദി  കുടുംബം അറിയിച്ചു.

വെച്ചൂച്ചിറ കൊല്ലമുള കാളിയനിൽ തോമസിന്റെയും ലിസിയുടെയും മകളാണ്‌ ടിയാന. കട്ടപ്പന സന്യാസിയോട കൂട്ടിനാൽ റിന്റോയാണ്‌ ഭർത്താവ്‌. ആദലും അന്നയുമാണ്‌ മക്കൾ. ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന്‌ ആരോപിച്ച്‌ 2011ൽ  ടിയാന ഉൾപ്പെടെ ആറ്‌ പേരെ രണ്ടു വർഷത്തേക്ക് വിലക്കിയിയിരുന്നു. ഉത്തേജക മരുന്ന്‌ ഉപയോഗത്തിന്റെ പേരിൽ ശിക്ഷ നടപടിക്ക് വിധേയരായ കായിക താരങ്ങൾക്ക് സ്പോർട്സ് ക്വോട്ടയിൽ നിയമനത്തിന് അർഹതയില്ലെന്ന വ്യവസ്ഥയാണ് ഇതുവരെ  ജോലി ലഭിക്കാൻ തടസ്സമായിരുന്നത്.  നിയമപേരാട്ടത്തിന്‌ ഒടുവിൽ ആറുപേരും കുറ്റക്കാരല്ലെന്ന് പിന്നീട്‌ കണ്ടെത്തിയതോടെയാണ്‌ ടിയാനയ്‌ക്ക്‌ നിയമനത്തിന്‌ വഴിതുറന്നത്‌. രണ്ടുപേർക്ക് നേരത്തെ ജോലിയുണ്ടായിരുന്നു.  ബാക്കി മൂന്നുപേർക്കും പിന്നീട് ജോലി കിട്ടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top