കോതമംഗലം
കോതമംഗലത്ത് പട്ടയം സ്പെഷ്യൽ ഓഫീസില്‍നിന്നുള്ള ഒന്നാംഘട്ട പട്ടയവിതരണം ഓണത്തിനുമുമ്പ് സംഘടിപ്പിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ പട്ടയ അസംബ്ലി എംഎൽഎയുടെ അധ്യക്ഷതയില്‍ നടന്നു. ഒന്നാംഘട്ടത്തിൽ ആയിരത്തോളം പട്ടയം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോതമംഗലം നിയോജകമണ്ഡലത്തിലെ പട്ടയപ്രശ്നങ്ങളും കഴിഞ്ഞ പട്ടയ അസംബ്ലിയുടെ ഭാഗമായുള്ള പട്ടയപ്രശ്നങ്ങളുടെ പുരോഗതിയും ചര്‍ച്ച ചെയ്തു. തഹസില്‍ദാര്‍ എ എൻ ഗോപകുമാര്‍, നഗരസഭാ ചെയര്‍മാന്‍ കെ കെ ടോമി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ ചന്ദ്രശേഖരൻനായർ, ജെസ്സി സാജു, മിനി ഗോപി, സിബി മാത്യു എന്നിവർ സംസാരിച്ചു.
കോതമംഗലം താലൂക്കിൽ 5000ത്തിലധികം പട്ടയം നല്‍കുന്നതിനുള്ള നടപടി നടന്നുവരുന്നെന്നും താലൂക്കിലെ പ്രധാന പട്ടയപ്രശ്നങ്ങളായ ജണ്ടയ്ക്കു വെളിയിലെ കൈവശം, കല്ലേലിമേട്, മണികണ്ഠന്‍ചാല്‍ ഹില്‍മെന്‍ സെറ്റില്‍മെന്റ് എന്നിവ പരിഹരിക്കുന്നതിനുവേണ്ടിയാണ് പുതിയ ഭൂമിപതിവ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കണ്ടെത്തുമെന്നും എംഎല്‍എ അറിയിച്ചു. വടാട്ടുപാറ, മാമലക്കണ്ടം പ്രദേശങ്ങളില്‍ സര്‍വേ നടപടികള്‍ ആരംഭിച്ചതായും നേര്യമംഗലത്ത് സര്‍വേ ആരംഭിക്കുമെന്നും സ്പെഷ്യല്‍ തഹസില്‍ദാര്‍ ആർ സജീവ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..