23 December Monday

മെട്രോ കാക്കനാട്‌ പാത ; ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024


കൊച്ചി
മെട്രോ കാക്കനാട്‌ പാത നിർമാണത്തിന്റെ ഭാഗമായുള്ള ഗതാഗതപ്രശ്‌നങ്ങളും യാത്രികർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പരിഹരിക്കാനുള്ള അടിയന്തര നടപടികൾക്ക്‌ നിർദേശം നൽകി മന്ത്രി പി രാജീവ്‌. മെട്രോനിർമാണം നടക്കുന്ന ചെമ്പുമുക്ക്‌ ഭാഗത്ത്‌ സന്ദർശനം നടത്തിയശേഷം ചേർന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ്‌ മന്ത്രി നിർദേശങ്ങൾ നൽകിയത്‌.

പാലാരിവട്ടം–-കാക്കനാട് റൂട്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശേഷിക്കുന്ന ഭാഗത്തെ വീതികൂട്ടൽ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രി നിർദേശിച്ചു. ചെമ്പുമുക്ക്- കുന്നുംപുറം റോഡ്, സീ പോർട്ട്- എയർപോർട്ട് റോഡിൽ ഡിഎൽഎഫിനുമുന്നിലെ റോഡ്, പാർക്ക് ഹോട്ടലിനുമുന്നിലെ തകർന്ന റോഡ്‌ എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണി എന്നിവ രണ്ടാഴ്ചയ്‌ക്കകം പൂർത്തിയാക്കും. സീ പോർട്ട്- എയർപോർട്ട് റോഡിലെ രണ്ടരക്കിലോമീറ്റർ ഭാഗം ഒക്ടോബർ 15 നകം പൂർത്തിയാക്കും.

ഡിഎൽഎഫ് ഫ്ലാറ്റിനുമുന്നിലുള്ള റോഡ് ടാർ ചെയ്ത് രണ്ടാഴ്ചയ്ക്കകം തുറന്നുകൊടുക്കും. പ്രിയം മാർട്ടിനുമുന്നിലുള്ള തടസ്സവും രണ്ടാഴ്ചയ്ക്കകം നീക്കും. കൈയേറ്റങ്ങളും അനധികൃത പാർക്കിങ്ങും ഒഴിവാക്കാൻ ആർടിഒ, നഗരസഭ, റവന്യു വകുപ്പ് എന്നിവയുടെ സംയുക്തപരിശോധന നടത്തണം. ഗതാഗതക്കുരുക്ക്‌ പരിഹരിക്കാൻ  ഇടറോഡുകളും സർവീസ് റോഡുകളും ഉപയോഗിക്കുന്ന കാര്യം പരിശോധിക്കും. ഇടറോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ തൃക്കാക്കര നഗരസഭയും മുൻകൈയെടുക്കണം.
ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ നിർമാണജോലികൾ നടത്തണം. സ്ഥലസൗകര്യം കുടുതലുള്ള വശത്ത് അധിക നിർമാണജോലികൾ കൂടുതലായി നടത്താൻ ശ്രമിക്കണമെന്നും മന്ത്രി നിർദേശിച്ചു.

ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്റ, തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള, കലക്ടർ എൻ എസ്‌ കെ ഉമേഷ്, എ ജി ഉദയകുമാർ, ഉദ്യോഗസ്ഥർ, കൗൺസിലർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അടിയന്തര പരിഹാരങ്ങൾക്ക്‌ സംയുക്ത കമ്മിറ്റിയായി
മെട്രോ കാക്കനാട് പാത നിർമാണത്തിന്റെ ഭാഗമായുണ്ടാകാവുന്ന തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി  ഏഴ് വകുപ്പുകളുടെ സംയുക്ത കമ്മിറ്റിക്ക് രൂപം നൽകി. മന്ത്രി പി രാജീവ്‌  അധ്യക്ഷനായി കലക്ടറേറ്റ്  ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഗതാഗതക്കുരുക്ക്, കേബിൾനീക്കൽ, വൈദ്യുതി വിതരണ ക്രമീകരണം, റോഡിന് വീതികൂട്ടൽ തുടങ്ങിയവ മൂന്നുദിവസം കൂടുമ്പോൾ കമ്മിറ്റി യോഗം ചേർന്ന് പരിശോധിക്കും. ആദ്യ യോഗം 22ന്‌ ചേരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top