22 December Sunday

കൈവിടില്ല, ഒപ്പമുണ്ട്‌ ; സ്നേഹിതയ്‌ക്ക്‌ 11 വർഷം

എസ് ശ്രീലക്ഷ്മിUpdated: Tuesday Aug 20, 2024


കൊച്ചി
ഭർതൃപീഡനം താങ്ങാനാകാതെയാണ് തിരുവനന്തപുരം സ്വദേശിയായ യുവതി കുടുംബശ്രീയുടെ ജെൻഡർ ഹെൽപ്പ്‌ ഡെസ്കായ ‘സ്നേഹിത'യിലേക്ക് വിളിക്കുന്നത്. എറണാകുളത്തേക്ക്‌ വിവാഹംകഴിച്ച്‌ കൊണ്ടുവന്നതുമുതൽ തുടങ്ങിയതാണ്‌ പ്രശ്നം. സ്നേഹിതയുടെ കമ്യൂണിറ്റി കൗൺസിലർമാർ വിഷയത്തിൽ ഇടപെട്ടു. യുവതിയുടെ അച്ഛനും അമ്മയും നേരത്തേ മരിച്ചതാണ്‌. വിവാഹം കഴിപ്പിച്ച് ഒഴിവാക്കിയതുപോലെയായിരുന്നു ബന്ധുക്കളുടെ സമീപനം. ഭർത്താവിന്റെ കുടുംബവുമായും സ്നേഹിത കൗൺസിലർമാർ സംസാരിച്ചു. ഇതെല്ലാം യുവതി സഹിക്കണമെന്നായി അവർ. ശാരീരികോപദ്രവം സഹിച്ച്  മുന്നോട്ടുപോകാനാകില്ലെന്ന്‌ യുവതിയും. യുവതിക്ക്‌ സംരക്ഷണവും നിയമസഹായവും സ്‌നേഹിത ഉറപ്പാക്കി. ഇന്ന് സ്വന്തമായി ജോലിനേടി അഭിമാനത്തോടെ ജീവിക്കുന്നു. ഇങ്ങനെ പ്രതിസന്ധിയിലായ നിരവധി സ്ത്രീകൾക്ക് അഭയവും കരുത്തുമായ സ്നേഹിത 11 വർഷം പിന്നിടുകയാണ്.

2013 ആഗസ്തിലാണ് സ്നേഹിത പ്രവർത്തനം ആരംഭിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും താൽക്കാലിക അഭയവും നൽകുന്ന കേന്ദ്രമായിരുന്നു ലക്ഷ്യം. ഗാർഹികപീഡന കേസുകളാണ് സ്നേഹിതയിലേക്ക് അധികവും എത്തുന്നതെന്ന് കൗൺസിലർ കവിത ഗോവിന്ദ് പറയുന്നു. ജില്ലയിൽ 2023 ഏപ്രിൽമുതൽ 2024 ജൂലൈവരെ 995 പരാതികളാണ് ലഭിച്ചത്. 633 പരാതികൾ ഫോൺവഴിയും 362 എണ്ണം നേരിട്ടും. 300 പരാതികൾ ഗാർഹികപീഡനത്തെക്കുറിച്ചാണ്‌. മറ്റ് അതിക്രമങ്ങളിൽ 23ഉം ഭർത്താവിന്റെ മദ്യപാനമുണ്ടാക്കുന്ന പ്രശ്നങ്ങളിൽ 167 കേസുമുണ്ട്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, മറ്റു കുടുംബപ്രശ്നങ്ങൾ എന്നിവയിലും പരാതിയുണ്ട്. പ്രാദേശികമായി കമ്യൂണിറ്റി കൗൺസിലർമാർവഴിയാണ്‌ ബോധവൽക്കരണം നടത്തുന്നത്‌. 1800 4255 5678, 85940 34255 നമ്പറുകളിൽ സ്നേഹിതയിലേക്ക് വിളിക്കാം.

ബ്ലൂമിങ് ബഡ്സ്
ഗോത്രമേഖലയിലെ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് പിന്തുണ ഉറപ്പാക്കാൻ സ്നേഹിത ഈവർഷം ആരംഭിച്ച പദ്ധതിയാണ് ബ്ലൂമിങ് ബഡ്സ്. കീഴ്മാടും പിണവൂർക്കുടിയിലുമുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകൾവഴിയാണ് പദ്ധതി. ക്ലാസുകൾ ഈമാസം ആരംഭിക്കും.

കൂടുതൽ പേർക്ക്‌ സഹായം
"പ്രശ്നങ്ങൾ തുറന്നുപറയാൻ കൂടുതൽ സ്ത്രീകൾ തയ്യാറാകുന്നത് സ്നേഹിത ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്നു. കൂടുതൽപേരിലേക്ക് സഹായവും പിന്തുണയും എത്തിക്കും’–-  ടി എം റജീന (കുടുംബശ്രീ ജില്ലാ മിഷൻ കോ-–-ഓർഡിനേറ്റർ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top