20 December Friday

നാടിന്റെ നീറ്റലായി അല്ലി; 
കൈവീശി ചിരിച്ച്‌ പ്രദീപ്‌

കെ പി അനിൽകുമാർUpdated: Friday Dec 20, 2024

വെണ്ണലയിൽ വീട്ടുമുറ്റത്ത് വീട്ടമ്മയുടെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടതിനെ 
തുടർന്ന് പൊലീസ് പരിശോധന നടത്തുന്നു


കൊച്ചി
‘‘അമ്മ പുലർച്ചെ മരിച്ചു. ഞാൻ മുറ്റത്ത് കുഴിച്ചിട്ടു’’–-വീട്ടിലെത്തിയവരോട്‌ ദേഷ്യത്തോടെ പ്രദീപ്‌ പറഞ്ഞു. പൊലീസ്‌ കസ്‌റ്റഡിയിൽ എടുക്കുമ്പോഴും ഭാവഭേദങ്ങളില്ലായിരുന്നു. ചാനൽ കാമറകൾക്കും അയൽവാസികൾക്കും നേരെ കൈവീശി ചിരിച്ചു. ‘‘സംഗതി ഇവിടെയൊന്നും നിൽക്കില്ല’’ എന്നുപറഞ്ഞ്‌ ഇടയ്‌ക്ക്‌ പൊലീസുകാരോട്‌ പിടിവിടാൻ പറഞ്ഞ്‌ തട്ടിക്കയറി.

അല്ലി മരിച്ചതും മകൻ മുറ്റത്ത്‌ കുഴിച്ചിട്ടതും വാട്‌സാപ്‌ ഗ്രൂപ്പ്‌ വഴിയാണ്‌ സമീപവാസികൾ അറിയുന്നത്‌. പൊലീസെത്തുമ്പോൾ മുറിയിൽ ഇരിക്കുകയായിരുന്നു പ്രദീപ്‌. സ്ഥിരം മദ്യപിച്ച്‌ ബഹളമുണ്ടാക്കുന്ന വ്യക്തിയാണെന്നും ആരുമായും അടുപ്പം പുലർത്തിയിരുന്നില്ലെന്നും അയൽവാസികൾ പറഞ്ഞു. ‘‘എന്റെ കഷ്ടകാലം മാറിയില്ല മോളെ... ഇപ്പോൾ മറ്റേ കാലിലുംകൂടി പഴുപ്പായി. കാല് മുറിച്ചുകളയണമെന്നാണ് ഡോക്ടർ പറഞ്ഞത്. ഒന്നുകൂടി ഡോക്ടറെ കാണാൻ പോകുകയാണ്‌’’ എന്ന്‌ അവസാനമായി കണ്ടപ്പോൾ അല്ലി പറഞ്ഞത്‌ -അയൽക്കാരിലൊരാൾ സങ്കടത്തോടെ ഓർത്തെടുത്തു. ‘‘പലപ്രാവശ്യം പ്രദീപ്‌ ഡി അഡിക്‌ഷൻ സെന്ററിൽ ചികിത്സതേടിയിട്ടുണ്ട്. തിരിച്ചെത്തി വീണ്ടും മദ്യപാനം തുടങ്ങും. ഒരിക്കൽ ഭാര്യയുമായി വഴക്കിട്ട പ്രദീപ് വിരലിലെ സ്വർണമോതിരം കാട്ടിലേക്ക് വലിച്ചെറിഞ്ഞു’’–- റസിഡന്റ്‌സ്‌ അസോസിയേഷൻ ഭാരവാഹി പറഞ്ഞു. പ്രദീപിന്റെ ഇളയമകനും അല്ലിയുമാണ്‌ ഇവിടെ താമസിച്ചിരുന്നത്‌. ഇയാളുടെ അമിത മദ്യപാനംകാരണം ഭാര്യയും മൂത്തമകനും ഇവിടെനിന്ന്‌ പോയി. സംഭവം നടക്കുന്ന ദിവസം ഇളയമകൻ വീട്ടിൽ ഉണ്ടായിരുന്നില്ല. വെണ്ണലയിൽ പ്രദീപിന്‌ ടയർ കടയുണ്ട്‌. ഒരുമാസമായി ഇത്‌ തുറക്കുന്നുണ്ടായിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top