20 December Friday

ഭരണസമിതിയിൽ 
യുവജനങ്ങൾക്ക്‌ 25% സംവരണം ; നഗരനയ കമീഷൻ ഇടക്കാല റിപ്പോർട്ട് നൽകി

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024


തിരുവനന്തപുരം
തദ്ദേശ ഭരണസമിതികളിൽ യുവജനങ്ങൾക്ക്‌ 25 ശതമാനം സംവരണം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള നിർദേശങ്ങളുമായി നഗരനയ കമീഷന്റെ ഇടക്കാല റിപ്പോർട്ട്. നഗര, ​ഗ്രാമഭേദമില്ലാതെ സംസ്ഥാനത്തെ ഒറ്റന​ഗരമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ന​ഗരനയം നടപ്പാക്കുന്നതെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിൽ പ്രൊഫഷണലുകളെ നിയമിക്കുക, സംരംഭകരെ കൈപിടിച്ചുയർത്താൻ  സംരംഭക വികസന കൗൺസിൽ രൂപീകരിക്കുക, സ്വന്തം നിലയിൽ ധനസമാഹരണത്തിന്‌ കോർപറേഷനുകളിലെ ക്രെഡിറ്റ് റേറ്റിങ്ങ് പുതുക്കുക എന്നിവയുൾപ്പെടെ 48 നിർദേശമാണ് ഇടക്കാല റിപ്പോർട്ടിലുള്ളത്. മുനിസിപ്പൽ ബോണ്ടുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ക്രെഡിറ്റ്‌ റേറ്റിങ്‌ പുതുക്കൽ.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളുടെ സമ​ഗ്ര വികസനത്തിനായി മെട്രോ പൊളിറ്റൻ ആസൂത്രണസമിതി രൂപീകരിക്കണമെന്നും പത്തുവർഷത്തിനുള്ളിൽ കൊല്ലം, തൃശൂർ, കണ്ണൂർ ന​ഗരങ്ങളിലും നടപ്പാക്കണമെന്നും നിർദേശത്തിലുണ്ട്.   അടിയന്തര, ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങളാണ് കമീഷൻ ശുപാർശകളായി സമർപ്പിച്ചിട്ടുള്ളത്. കമീഷന്റെ അന്തിമ റിപ്പോർട്ട് മാർച്ച് 31 ന് സമർപ്പിക്കും–- മന്ത്രി പറഞ്ഞു.

മറ്റ് പ്രധാന നിർദേശം
● സംരംഭങ്ങളെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധപ്പെടുത്താൻ  ജില്ലാ മാപ്പിങ്
●കിലയുടെ സഹായത്തോടെ കോഴിക്കോട് എൻഐടി, കുസാറ്റ് തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങളെ ചേർത്ത് സമഗ്ര വിവര 
വിശകലനം  
●എല്ലാനഗരങ്ങളിലും നഗരനിരീക്ഷണ കേന്ദ്രം
● ഉന്നത നിലവാരമുള്ള സ്ഥലവികസന പദ്ധതികൾ
● സ്‌മാർട്ട് കാലാവസ്ഥാ മുന്നറിപ്പ്
● വരൾച്ചാമേഖലയിൽ സംയോജിത നീർത്തടാധിഷ്ഠിത പദ്ധതി
● അതീവ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top