20 December Friday

സ്വകാര്യ വാഹനം വാടകയ്‌ക്ക്‌ നൽകിയാൽ 
രജിസ്‌ട്രേഷൻ റദ്ദാക്കും ; നിയമം കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024



തിരുവനന്തപുരം
സ്വകാര്യ വാഹനം വാടകയ്ക്ക് നൽകിയാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന്‌ ട്രാൻസ്‌പോർട്ട്‌ കമീഷണർ. ഉടമയുടെ കുടുംബാംഗങ്ങൾ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെ ബന്ധുക്കൾക്കോ  സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ പ്രതിഫലംകൂടാതെ വാഹനം ഉപയോഗിക്കാൻ നൽകുന്നതിലും നടപടിയുണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടുനൽകുന്നതും വ്യക്തികളെ വിമാനത്താവളം,  റെയിൽവേ സ്റ്റേഷൻ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരമായി കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുന്നതും മാധ്യമങ്ങൾ വഴിയോ,  സോഷ്യൽ മീഡിയ വഴിയോ പരസ്യം നൽകി മറ്റുള്ളവരുടെ ഉപയോഗത്തിന് വാടകയ്ക്ക് നൽകുന്നതും കുറ്റകരമാണ്‌.

പരിശോധന 
കർശനമാക്കും
എട്ട്‌  സീറ്റിൽ കൂടുതൽ ഘടിപ്പിച്ച വാഹനങ്ങൾ, വാഹന ഉടമയുടെയും കുടുംബാംഗങ്ങളുടെയും മാത്രം ഉപയോഗത്തിന് വേണ്ടിയുള്ളതാണ് എന്ന് സത്യവാങ്മൂലം  നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്ത്‌ നൽകുന്നത്. ഇത്തരം വാഹനങ്ങൾ മറ്റുള്ളവരുടെ ഉപയോഗത്തിന് വിട്ടു നൽകുന്നത് നിയമവിരുദ്ധമാണ്.

മോട്ടോർ വാഹന നിയമപ്രകാരം റെന്റ് എ ക്യാബ്  എന്ന പേരിൽ   വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ അനുമതിയുണ്ട്. ഇത്തരത്തിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിനായിലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തികൾക്കോ,  സ്ഥാപനങ്ങൾക്കോ, അമ്പതിൽ കുറയാത്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങളും ( മോട്ടോർ ക്യാബ്‌) മറ്റ് അനുബന്ധ സൗകര്യങ്ങളും ആവശ്യമാണ്. മോട്ടോർസൈക്കിളുകൾ വാടകയ്ക്ക് നൽകുന്നതിനായി റെന്റ് എ മോട്ടോർസൈക്കിൾ എന്ന സ്കീം പ്രകാരമുള്ള ലൈസൻസും വേണം .

റെന്റ് എ മോട്ടോർസൈക്കിൾ സ്കീമിൽ ലൈസൻസിന് അപേക്ഷിക്കുന്നതിനായി ചുരുങ്ങിയത് അഞ്ച്‌ മോട്ടോർസൈക്കിൾ ട്രാൻസ്പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്തിരിക്കണം. ഇത്തരം വാഹനങ്ങളിൽ കറുത്ത പ്രതലത്തിൽ മഞ്ഞനിറത്തിലുള്ള അക്ഷരങ്ങളിലാണ് രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നത്. റെന്റ് എ ക്യാബ് സ്കീമിൽ ഉൾപ്പെട്ട ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പച്ച പ്രതലത്തിൽ കറുത്ത അക്ഷരത്തിലാണ്‌ പ്രദർശിപ്പിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top