വൈപ്പിൻ
കുഴുപ്പിള്ളിയിൽ റോഡിന്റെ ഉയരവ്യത്യാസം അപകടത്തിന് കാരണമാകുന്നതായി പരാതി. മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിക്ക് വടക്കുവശമുള്ള പാലത്തിന്റെ വടക്കേ ഇറക്കത്തിൽ കിഴക്കുവശം ഇത്തരമൊരു ഉയരവ്യത്യാസം നിലനിൽക്കുകയാണ്.
സംസ്ഥാനപാത സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നടക്കുന്ന നിർമാണം ഈ ഭാഗത്ത് എത്തിയിട്ടില്ല. പഴയപാലം പുതുക്കിപ്പണിതപ്പോൾ സ്ഥാപിച്ച സിഗ്നൽ ലൈറ്റിന്റെ പോസ്റ്റ് പാലംപണി കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും നീക്കിയിട്ടില്ല. ഈ പോസ്റ്റിന് ചുറ്റും കാടുപിടിച്ചു. പലതവണ ബൈക്ക് യാത്രികർ കുഴിയിൽ വീണിട്ടുണ്ട്. സമീപം കിഴക്കുവശം റേഷൻകട ഉൾപ്പെടെയുണ്ട്. ഇവിടേക്ക് വരുന്നവരും റോഡിന്റെ ഉയരവ്യത്യാസംമൂലം പ്രധാന റോഡിലേക്ക് കയറുമ്പോൾ അപകടത്തിൽപ്പെടുന്നു.
പഴയ സിഗ്നൽ ലൈറ്റ് നീക്കി, റോഡ് സൗന്ദര്യവൽക്കരണം നടത്തി ഉയരവ്യത്യാസം ക്രമപ്പെടുത്തുകയും സൈഡ് ഭിത്തികെട്ടി ബലപ്പെടുത്തുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..