പറവൂർ
നൂറ് തൊഴിൽദിനങ്ങളെന്ന നേട്ടം കൈവരിച്ച തൊഴിലുറപ്പ് തൊഴിലാളികൾക്കായി വിനോദയാത്ര ഒരുക്കി വടക്കേക്കര പഞ്ചായത്ത്. ജനപ്രതിനിധികളോടൊപ്പം നടത്തിയ യാത്ര ഏവർക്കും വേറിട്ട അനുഭവമായി. 350 പേർ ഏഴ് ബസുകളിലായി വാഗമണ്ണിലേക്കാണ് യാത്ര പോയത്.
ആദ്യ വിനോദയാത്ര ആസ്വദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഹൈറേഞ്ചിന്റെ തണുപ്പും കാപ്പിത്തോട്ടങ്ങളുമെല്ലാം കണ്ടതോടെ എല്ലാവർക്കും ആവേശമായി. എല്ലാവരും ചേർന്നാണ് യാത്രയ്ക്കുള്ള തുക സമാഹരിച്ചത്. രാവിലെ ആറിന് ജില്ലാപഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ ഫ്ലാഗ്‌ഓഫ് ചെയ്‌തു. ഭരണങ്ങാനം പള്ളി, പൈൻവാലി, വാഗമൺ മെഡോസ് എന്നിവ സന്ദർശിച്ചു. വാഗമൺ മെഡോസിൽ സംഘം കലാപരിപാടികൾ അവതരിപ്പിച്ചു. രാത്രി പതിനൊന്നോടെ തിരിച്ചെത്തി. വടക്കേക്കര പഞ്ചായത്തിലെ 700 തൊഴിലുറപ്പ് തൊഴിലാളികൾ എല്ലാവരും 100 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയവരാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..