21 September Saturday

സഹകരണ സംഘങ്ങളിലെ പ്രതിസന്ധി ; സ്ഥിരനിക്ഷേപം തിരികെ കിട്ടാൻ ആർബിട്രേഷൻ മാർഗം തേടാം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024


കൊച്ചി
സ്ഥിരനിക്ഷേപങ്ങൾ തിരികെ നൽകാത്ത സഹകരണ സംഘങ്ങൾക്കെതിരെ നിക്ഷേപകർക്ക്‌ സഹകരണവകുപ്പ്‌ ഉദ്യോഗസ്ഥർക്കുമുമ്പാകെ നടത്തുന്ന ആർബിട്രേഷൻ കേസുകളിലൂടെ ഉത്തരവ് സമ്പാദിക്കാവുന്നതാണെന്ന് ഹൈക്കോടതി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ള സംഘങ്ങൾക്ക് സഹകരണ പുനരുദ്ധാരണ നിധിയോ നിക്ഷേപക ഗ്യാരന്റി പദ്ധതിയോ ആശ്രയിക്കാമെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. സഹകരണ സംഘങ്ങൾക്കെതിരായ ഉദ്ദേശം 160 കേസുകൾ തീർപ്പാക്കിയാണ് ഉത്തരവ്‌.

സാമ്പത്തികപ്രതിസന്ധിമൂലം നിക്ഷേപങ്ങൾ തിരികെ നൽകാൻ കഴിയുന്നില്ലെന്ന് സഹകരണ സംഘങ്ങൾ കോടതിയെ അറിയിച്ചിരുന്നു. സഹകരണ നിയമഭേദഗതിയുടെ വെളിച്ചത്തിൽ സഹകരണ പുനരുദ്ധാരണ പദ്ധതി നിലവിൽവന്നതായി സർക്കാരിനുവേണ്ടി സ്പെഷ്യൽ ഗവൺമെന്റ്‌ പ്ലീഡർ പി പി താജുദീൻ ബോധിപ്പിച്ചു. സഹകരണ നിക്ഷേപ ഗ്യാരന്റി പദ്ധതിയുടെ വ്യവസ്ഥകളും ഭേദഗതി ചെയ്തതായി അറിയിച്ചു. സംഘങ്ങൾക്ക് സ്വയം പുനരുദ്ധാരണ പദ്ധതി തയ്യാറാക്കി രജിസ്ട്രാർ മുഖേന ഉന്നതതല മേൽനോട്ടസമിതിക്ക് സമർപ്പിക്കാം. സമിതിയുടെ പരിശോധനയ്ക്കുശേഷം ഫണ്ട് അനുവദിക്കും. നിക്ഷേപക ഗ്യാരന്റി പദ്ധതി സർക്കാർ ഭേദഗതി ചെയ്‌ത സാഹചര്യത്തിൽ ഫണ്ടിൽനിന്ന്‌ നിക്ഷേപങ്ങൾ തിരികെ നൽകാൻ വായ്പ അനുവദിക്കാനുള്ള വ്യവസ്ഥകൾ നിലവിൽവന്നിട്ടുണ്ട്‌. ഇതിന് പ്രത്യേക പാക്കേജ് തയ്യാറാക്കി സഹകരണ സംഘങ്ങൾ രജിസ്ട്രാറുടെ ശുപാർശയോടെ നിക്ഷേപക ഗ്യാരന്റി ബോർഡിന് സമർപ്പിക്കണമെന്നും സർക്കാർ വിശദീകരിച്ചു.

നിക്ഷേപങ്ങൾ നൽകാൻ കഴിയാത്ത സംഘങ്ങൾക്ക് സർക്കാർ ഭേദഗതി വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സാമ്പത്തികസഹായം തേടാവുന്നതാണെന്ന് കോടതി നിർദേശിച്ചു. ഇതിനായി സഹകരണ സംഘങ്ങൾ ഒരുമാസത്തിനകം അപേക്ഷ സമർപ്പിക്കണം. ലഭിക്കുന്ന അപേക്ഷകളിൽ 45 ദിവസത്തിനകം ഉന്നതതല മേൽനോട്ടസമിതി പരിശോധന നടത്തി നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.

പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസം വരുമെന്നും അതിനാൽ പണം തിരികെ നൽകാൻ പ്രത്യേക നിർദേശം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. ആനുകൂല്യങ്ങൾ ലഭിക്കാൻ അപേക്ഷ നിലനിൽക്കുമ്പോഴും സംഘങ്ങൾക്ക് നിക്ഷേപങ്ങൾ തിരികെ നൽകാൻ തടസ്സമില്ലെന്ന്‌ കോടതി വ്യക്തമാക്കി. നിക്ഷേപങ്ങൾ തിരികെ നൽകുന്നതിൽ വീഴ്ചവരുത്തിയ സംഘങ്ങൾക്കെതിരെ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top