26 December Thursday

പായേണ്ട ബസേ... പണി പാളും ; നഗരത്തിലെ സ്വകാര്യബസുകളിൽ പരിശോധന

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

പൊലീസും എംവിഡി ഉദ്യോഗസ്ഥരും ചേര്‍ന്ന് ഹൈക്കോടതി ജങ്ഷനിൽ പരിശോധന നടത്തിയപ്പോൾ വാഹനത്തില്‍ ഘടിപ്പിച്ച എയർ ഹോൺ നീക്കം ചെയ്യുന്നു ഫോട്ടോ: മനു വിശ്വനാഥ്


കൊച്ചി
എല്ലാവരോടും ടിക്കറ്റ്‌ ചോദിക്കുന്ന സ്വകാര്യബസ്‌ കണ്ടക്ടർമാരോട്‌ പൊലീസ്‌–-മോട്ടോർ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥർ വെള്ളിയാഴ്‌ച ചോദിച്ചത്‌ ‘ലൈസൻസ്‌ ഉണ്ടോ?’. കണ്ടക്ടർമാരിൽ ലൈസൻസില്ലാത്തവർക്കെതിരെ ഉടനടി നടപടിയെത്തി. കണ്ടക്ടർ ലൈസൻസ്‌ ഇല്ലാത്തവരുടെ ഫോട്ടോ എടുത്ത ഉദ്യോഗസ്ഥർ വിവരങ്ങൾ രേഖപ്പെടുത്തി.

നഗരത്തിലോടുന്ന സ്വകാര്യബസുകളിൽ മോട്ടോർ വാഹനവകുപ്പ്‌ നടത്തിയ പരിശോധനയിൽ 17 കണ്ടക്ടർമാർക്കാണ്‌ ലൈസൻസില്ലെന്ന്‌ കണ്ടെത്തിയത്‌. എറണാകുളം നഗരത്തിലോടുന്ന സ്വകാര്യബസുകളുടെ നിയമലംഘനം തടയാൻ മോട്ടോർ വാഹനവകുപ്പും പൊലീസും വെള്ളിയാഴ്‌ച നടത്തിയ കർശന പരിശോധനയുടെ ഭാഗമായാണ്‌ നിയമലംഘനങ്ങൾ പിടികൂടിയത്‌. 130 ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ പെറ്റി കേസുകളും അപകടകരമായവിധം വാഹനം ഓടിച്ച 14 ഡ്രൈവര്‍മാര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. 524 സ്വകാര്യബസുകളാണ്‌ പരിശോധിച്ചത്‌.

അനധികൃത എയർഹോൺ ഉപയോഗിച്ചതിനും അപകടരമായ ഡ്രൈവിങ്ങിനും ഓവർടേക്കിങ്ങിനും കേസെടുത്തു. ഡ്രൈവറുടെ കാഴ്‌ച മറയ്‌ക്കുംവിധം ബസ്‌ അലങ്കരിച്ചതിനും കേസുണ്ട്‌. ഓട്ടോമാറ്റിക്‌ ഡോർ സംവിധാനം കൃത്യമായി പ്രവർത്തിക്കാത്ത നിരവധി ബസുകൾക്കെതിരെ നടപടിയെടുത്തു. എല്ലാ ടയറുകളും ഉപയോഗശൂന്യമായതായി കണ്ടെത്തിയ ബസിന്‌ കാരണം കാണിക്കൽ നോട്ടീസ്‌ നൽകി.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ യാത്രക്കാർക്ക്‌ ബന്ധപ്പെടാൻ സിറ്റി പൊലീസിന്റെ നമ്പറുള്ള പോസ്‌റ്ററുകളും ബസിൽ പതിപ്പിച്ചു. മുന്നിലും പിന്നിലും ബസിനകത്തുമാണ്‌ പോസ്‌റ്ററുകൾ പതിപ്പിച്ചത്‌. സ്വകാര്യബസുകൾ നിരന്തരം അപകടം സൃഷ്ടിക്കുന്നത്‌ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ്‌ പരിശോധന ആരംഭിച്ചത്‌. സ്വകാര്യബസുകളുടെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ വരുംദിവസങ്ങളിലും പരിശോധന തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top