പത്തനംതിട്ട>കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം പാർടി ഒറ്റക്കെട്ടായുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നവീന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയിലെയും കണ്ണൂരിലെയും കേരളത്തിലെയും പാർടിക്ക് ഒരേ നിലപാടാണ്. ഇക്കാര്യത്തിൽ മാധ്യമങ്ങൾ കള്ളപ്രചാരവേലയ്‌ക്ക് ശ്രമിക്കുകയാണ്.
നവീന്റെ അപ്രതീക്ഷിത മരണം കുടുംബത്തെ മാത്രമല്ല അദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവനാളുകളെയും ദുഃഖത്തിലാഴ്‌ത്തി. പൊളിറ്റ്‌ബ്യൂറോ യോഗം നടക്കുന്നതിനിടെയാണ് സംഭവമറിഞ്ഞത്. അന്നുതന്നെ ബന്ധപ്പെട്ടവരോട് നടപടി എടുക്കാൻ നിർദേശിച്ചു. പാർടി ആ നിമിഷം മുതൽ ഇന്നുവരെ ഒറ്റക്കെട്ടാണ്. നിയമപരമായ എല്ലാ പരിരക്ഷയും ലഭ്യമാക്കണമെന്നും ഉത്തരവാദികൾ ആരാണെങ്കിലും അവരെ ശിക്ഷിക്കണം എന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ പാർടി രണ്ടു തട്ടിലാണെന്ന പ്രചാരണം വ്യാജമാണ്. സംഘടനാ നടപടി പാർടിയുടെ ആഭ്യന്തര പ്രശ്നമാണ്. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ളത്. അതിന് അപ്പോൾ തന്നെ നടപടിയെടുത്തു. ഒട്ടും താമസിയാതെ സംസ്ഥാന കമ്മിറ്റി അതിന് അംഗീകാരവും നൽകി. എം വി ജയരാജൻ കണ്ണൂരിൽനിന്ന് മൃതദേഹത്തിനൊപ്പം പത്തനംതിട്ടയിൽ എത്തിയത് ഇക്കാര്യത്തിൽ പാർടിയെടുത്ത ഉറച്ച നിലപാടിന്റെ ഭാഗമാണ്–- എം വി ഗോവിന്ദൻ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ എന്നിവരും ഒപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..