22 December Sunday

ആശംസയുമായി കേരളം; നൂറ്റിയൊന്നാം പിറന്നാളാഘോഷിച്ച്‌ വി എസ്‌

സ്വന്തം ലേഖകൻUpdated: Monday Oct 21, 2024

തിരുവനന്തപുരം> തലമുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്‌ പിറന്നാളാശംസകൾ നേർന്ന്‌ കേരളം. നൂറ്റിയൊന്നാം പിറന്നാൾ ദിനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആശംസയുമായി വി എസിന്റെ വീട്ടിലെത്തി.

തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന വിഎസ്‌ പിറന്നാൾ ദിനത്തിൽ വെള്ളമുണ്ടും ജുബ്ബയുമണിഞ്ഞു. അസുഖബാധിതനായ ശേഷം  പ്രിയവേഷമായ ജുബ്ബയ്‌ക്ക്‌ പകരം ടീഷർട്ടാണ്‌ വി എസ്‌ ധരിക്കാറ്‌. പിറന്നാളാണെന്ന്‌ അറിയിച്ചപ്പോൾ മുഖത്ത്‌ സന്തോഷം. രാവിലെ കുടുംബാംഗങ്ങൾ വിഎസിനൊപ്പം കേക്ക്‌ മുറിച്ചു. ആശംസയുമായെത്തിയവർക്ക്‌ പായസവും കേക്കും വിതരണം ചെയ്‌തു.

സന്ദർശക നിയന്ത്രമുള്ളതിനാൽ വന്നവരാരും വീടിനകത്ത്‌ കയറിയില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും രാവിലെ മുതൽ ആശംസകളുമായി ആളുകളെത്തിയിരുന്നു. കേക്കും ലഡുവുമായി അവർ പ്രിയ നേതാവിന്റെ പിറന്നാൾ ആഘോഷിച്ചു.  പ്രദേശവാസികൾ പായസവിതരണവും നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ആശംസ നേർന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള, പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, ജി ആർ അനിൽ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, ഗോവ ഗവർണർ പി എസ്‌ ശ്രീധരൻപിള്ള, എം വിജയകുമാർ തുടങ്ങിയവർ വീട്ടിലെത്തി പിറന്നാളാശംസിച്ചു.

മുൻ മുഖ്യമന്ത്രി എ കെ ആന്റണി, മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, പന്ന്യൻ രവീന്ദ്രൻ, മന്ത്രിമാരായ പി രാജീവ്‌, കെ കൃഷ്‌ണൻകുട്ടി, കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി, ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ, പി കെ കൃഷ്‌ണദാസ്‌,മുതിർന്ന സിപിഐ എം നേതാവ്‌ പി കെ ഗുരുദാസൻ, ശാന്തിഗിരിമഠം ഓർഗനൈസിങ്  സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, ജസ്‌റ്റിസ്‌ വി കെ മോഹനൻ  എന്നിവർ ഫോണിൽ ആശംസയറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top