22 December Sunday

തൊണ്ടിമുതൽ കേസ്‌ ; നടപടി പുനഃസ്ഥാപിച്ച്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024


ന്യൂഡൽഹി
തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ വിചാരണക്കോടതി മുമ്പാകെയുള്ള നടപടി പുനഃസ്ഥാപിച്ച്‌ സുപ്രീംകോടതി ഉത്തരവ്‌. നെടുമങ്ങാട്‌ ഒന്നാംക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി മുമ്പാകെയുള്ള നടപടി റദ്ദാക്കിയ കേരളാ ഹൈക്കോടതിയുടെ 2023 മാർച്ചിലെ വിധി റദ്ദാക്കി.

കേസിൽ പ്രതിയായ ആന്റണിരാജു എംഎൽഎ ഡിസംബർ 20ന്‌ വിചാരണക്കോടതി മുമ്പാകെ ഹാജരാകണം. ഒരുവർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും ജസ്‌റ്റിസുമാരായ സി ടി രവികുമാർ, സഞ്‌ജയ്‌ കരോൾ എന്നിവരുടെ ബെഞ്ച്‌ ഉത്തരവിട്ടു. കേസിലെ നടപടി റദ്ദാക്കിയെങ്കിലും പ്രതിക്കെതിരെ പുതിയ വിചാരണ ആകാമെന്ന കേരളാഹൈക്കോടതി നിർദേശത്തിന്‌ എതിരെ ആന്റണി രാജു നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ഹൈക്കോടതി നിർദേശത്തിൽ നിയമപരമായ പിശകില്ലെന്നും നിരീക്ഷിച്ചു.

1990 ഏപ്രിൽ നാലിന്‌ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവത്തോറെയുടെ അടിവസ്‌ത്രത്തിന്റെ പോക്കറ്റിൽ നിന്നും ചരസ്‌ പിടിച്ചതുമായി ബന്ധപ്പെട്ടതാണ്‌ കേസ്‌. കോടതിയിൽ ഹാജരാക്കിയ തൊണ്ടിമുതൽ പിന്നീട്‌ പ്രതിയുടെ അപേക്ഷ പ്രകാരം അദ്ദേഹത്തിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജുവിന്‌ തിരിച്ചുകൊടുത്തിരുന്നു. സെഷൻസ്‌ കോടതി ആൻഡ്രുവിനെ 10 വർഷം കഠിനതടവിന്‌ ശിക്ഷിച്ചെങ്കിലും അപ്പീൽ പരിഗണിച്ച കേരളാഹൈക്കോടതി അദ്ദേഹത്തെ വെറുതേവിട്ടു. തൊണ്ടിമുതലായ അടിവസ്‌ത്രം ആൻഡ്രുവിന്‌ പാകമുള്ളതല്ലെന്ന്‌ ചൂണ്ടിക്കാണിച്ച കോടതി കൃത്രിമം നടന്നിരിക്കാമെന്നും ഉത്തരവിൽ നിരീക്ഷിച്ചു. തുടർന്ന്‌ 1994ൽ കേസെടുത്തെങ്കിലും 2006ലാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌. കോടതിയിലെ തൊണ്ടിമുതലുകൾ കൈകാര്യം ചെയ്‌തിരുന്ന ക്ലാർക്ക്‌ ജോസ്‌, അഡ്വ. ആന്റണിരാജു എന്നിവർക്കെതിരെയാണ്‌ കുറ്റപത്രം നൽകിയത്‌. ഇതിൽ 2014ൽ നെടുമങ്ങാട്ടെ കോടതിയിൽ തുടങ്ങിയ നടപടിയാണ്‌ ഹൈക്കോടതി റദ്ദാക്കിയത്‌. ഹൈക്കോടതി നടപടിക്കെതിരെ എം ആർ അജയൻ എന്നയാൾ നൽകിയ ഹർജിയും സുപ്രീംകോടതി പരിഗണിച്ചു.

വിചാരണ നേരിടും: ആന്റണി രാജു
തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടുമെന്ന്‌  ആന്റണി രാജു എംഎൽഎ. നിയമപരമായി ചെയ്യാവുന്ന കാര്യങ്ങളും ചെയ്യും. അപ്പീൽ തള്ളിയതിൽ ആശങ്കയില്ല. വിധി പകർപ്പ് കിട്ടിയശേഷം ആവശ്യമെങ്കിൽ റിവ്യൂവിന് പോകും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് കള്ളക്കേസ് ഉണ്ടാക്കിയത്. അന്തിമവിജയം തനിക്ക് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top