കൊച്ചി
കാപ്പ കുറ്റവാളിയും പോക്സോ കേസ് പ്രതിയുമായ കോഴിക്കോട് സ്വദേശിക്കൊപ്പം താമസിച്ചിരുന്ന പത്തൊമ്പതുകാരിയെ മാതാപിതാക്കൾക്കൊപ്പം പോകാൻ അനുവദിച്ച് ഹൈക്കോടതി. പെൺകുട്ടിയുടെ അച്ഛൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.
പെൺകുട്ടി നൽകിയ പോക്സോ കേസിൽ ഇരുപത്തഞ്ചുകാരനായ പ്രതി 35 ദിവസം ജയിലിലായിരുന്നു. പിന്നീട് പെൺകുട്ടിയെ വിവാഹം ചെയ്ത് കൂടെ താമസിപ്പിക്കുകയായിരുന്നു. കോഴിക്കോടുവച്ച് വിവാഹിതരായെന്നും യുവാവിനൊപ്പം കഴിയാനാണ് താൽപ്പര്യമെന്നും ആദ്യം ഹൈക്കോടതിയിൽ ഹാജരായപ്പോൾ പെൺകുട്ടി അറിയിച്ചിരുന്നു. എന്നാൽ, യുവാവിനെതിരായ കുറ്റങ്ങൾ ഗുരുതരമാണെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതോടെ യുവാവിന്റെ പശ്ചാത്തലം പരിശോധിക്കാൻ കോടതി നിർദേശിച്ചു. അന്ന് പെൺകുട്ടിയെ തൽക്കാലത്തേക്ക് വീട്ടുകാർക്കൊപ്പം വിട്ടിരുന്നു.
യുവാവിനെതിരെ ജ്വല്ലറി കവർച്ചയടക്കം ഗുരുതരമായ നാലു കേസുകളുണ്ടെന്ന് സർക്കാർ റിപ്പോർട്ട് നൽകി. കാപ്പ പ്രതിയായി നാടുകടത്തിയ സമയത്ത് ഇയാൾ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ച് വിവാഹം നടത്തിയെന്ന് പറയുന്നത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും അറിയിച്ചു. വിവാഹം നടത്തിയെന്ന വാദം പോക്സോ കേസിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളും ആരോപിച്ചു. യുവാവിനെതിരായ കേസുകൾ ഇത്ര ഗുരുതരമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ പെൺകുട്ടി ഒടുവിൽ സ്വന്തം വീട്ടിലേക്ക് പോകാൻ സമ്മതം അറിയിച്ചു. പെൺകുട്ടിയുടെ സർട്ടിഫിക്കറ്റുകളും വിലപിടിപ്പുള്ള വസ്തുക്കളും ഒരാഴ്ചയ്‌ക്കകം തിരികെ നൽകാനും കോടതി നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..