തിരുവനന്തപുരം
സംസ്ഥാനത്തെ തദ്ദേശ വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനത്തിന്മേൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിശോധിക്കാൻ ഓരോ ജില്ലയിലും ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തും. കലക്‌ടറാകും ഇവരെ നിയോഗിക്കുക. ഡിസംബർ മൂന്നുവരെയാണ് ആക്ഷേപങ്ങൾ അറിയിക്കാനുള്ള സമയം. ഇത് പരിശോധിച്ച് കലക്‌ടറോ, കലക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരോ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കും. നിർദിഷ്ട വാർഡുകളെക്കുറിച്ച് തദ്ദേശസെക്രട്ടറിമാർ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകൾ ബന്ധപ്പെട്ട രേഖകളുമായി ഒത്തുനോക്കി ശരിയാണോയെന്ന് പരിശോധിക്കും. ഓരോ വാർഡിലെയും ജനസംഖ്യ, ശരാശരി ജനസംഖ്യയിൽനിന്ന് വ്യതിചലിച്ചിട്ടുണ്ടെങ്കിൽ അതിന് മതിയായ കാരണങ്ങളുണ്ടെന്ന് ഉറപ്പാക്കണം. 10 ശതമാനംവരെ വ്യത്യാസമാണ് ഡീലിമിറ്റേഷൻ കമീഷൻ അനുവദിച്ചിരിക്കുന്നത്. അതിർത്തികൾ രേഖപ്പെടുത്തിയിട്ടുള്ളത് കൃത്യമാണോയെന്ന് പരിശോധിക്കും. പരാതിയുള്ളപക്ഷം നിർദിഷ്ട വാർഡിന്റെ രൂപരേഖയും അതിർത്തികളും അകാരണമായി വളച്ചൊടിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഉദ്യോഗസ്ഥർക്ക് പരാതിക്കാരിൽനിന്ന് നേരിട്ട് വിവരശേഖരണം നടത്താം. ആക്ഷേപങ്ങൾ കൃത്യമായി പരിശോധിച്ച് വ്യക്തമായ ശുപാർശകളോടുകൂടി വേണം റിപ്പോർട്ട് തയ്യാറാക്കാൻ.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ആവശ്യമെങ്കിൽ കമീഷൻ നേരിട്ട് പരാതിക്കാരെ കാണുകയും തർക്കമുള്ള സ്ഥലങ്ങൾ പരിശോധിക്കുകയും ചെയ്യും. കലക്‌ടർ, ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറി, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാകും കമീഷൻ പരാതിക്കാരെ കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..