21 December Saturday
കരുവന്നൂർ: ഹൈക്കോടതി വിധി 
കള്ളപ്രചാരണങ്ങളെ തുറന്നുകാട്ടി

അംബേദ്‌കറെ അപമാനിച്ച അമിത്‌ ഷായ്‌ക്ക്‌ തുടരാൻ 
അർഹതയില്ല : എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻUpdated: Saturday Dec 21, 2024


തിരുവനന്തപുരം
ഭരണഘടന ശിൽപ്പി ബി ആർ അംബേദ്‌കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്ക്‌ മന്ത്രിസ്ഥാനത്ത്‌ തുടരാൻ അർഹതയില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമിത്‌ ഷായുടെ പരാമർശങ്ങൾ വാക്കുപിഴയോ വ്യക്തിയുടെ പോരായ്‌മയോ അല്ല. സംഘപരിവാറിന്റെ രാഷ്ട്രീയ സമീപനമാണത്‌. ചാതുർവർണ്യ സമീപനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെ വീക്ഷിക്കുന്ന പ്രസ്ഥാനത്തിന്‌ അംബേദ്‌കറെയും അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകളെയും അംഗീകരിക്കാനാകില്ല. സംഘപരിവാറിന്റെ ഈ പ്രത്യയശാസ്‌ത്രത്തിന്റെ ഭാഗമാണ്‌ അമിത്‌ ഷായുടെ പരിഹാസം.

ചാതുർവർണ്യത്തിന്റെ ദാർശനിക ചിന്തകനായ ഗോൾവാൾക്കറുടെ ജന്മശതാബ്ദി പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്‌തതും ഇതുമായി കൂട്ടിവായിക്കണം. മുസ്ലിങ്ങളും ക്രിസ്‌ത്യാനികളും കമ്യൂണിസ്‌റ്റുകാരും രാജ്യത്തിന്‌ പുറത്തുപോകണമെന്ന്‌ പറഞ്ഞ ഗോൾവാൾക്കറുടെ കാഴ്‌ചപ്പാടുകളെ പാടിപ്പുകഴ്‌ത്തുന്നവരായി കേരളത്തിലെ കോൺഗ്രസുകാർ മാറി–- എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മന്ത്രിസഭ 
പുനഃസംഘടനയില്ല
എൻസിപിയുടെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട്‌ സിപിഐ എം ചർച്ച ചെയ്യേണ്ടതില്ലെന്ന്‌ എം വി ഗോവിന്ദൻ പറഞ്ഞു. എൻസിപി എൽഡിഎഫ്‌ വിടുമെന്നത്‌ മാധ്യമങ്ങളുടെ ആഗ്രഹം മാത്രമാണ്‌. മന്ത്രിസഭാ പുനഃസംഘടന ആലോചനയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂർ: ഹൈക്കോടതി വിധി 
കള്ളപ്രചാരണങ്ങളെ തുറന്നുകാട്ടി
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട്‌ ബിജെപിയും കോൺഗ്രസും നടത്തിയ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഹൈക്കോടതി വിധിയെന്ന്‌ എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗമായ പി ആർ അരവിന്ദാക്ഷനെ 15 മാസമാണ്‌ ഇഡി പ്രതിയാക്കി ജയിലിലിട്ടത്‌. ജയിലിലടയ്‌ക്കാൻ മതിയായ കാരണമില്ലെന്നും തെറ്റായ രീതിയിലാണ്‌ കേസെടുത്തതെന്നും കോടതി വ്യക്തമാക്കി. സഹകരണ മേഖലയിലെ പോരായ്‌മകൾ തിരുത്തി മുന്നോട്ടു പോകണമെന്ന നിലപാടാണ്‌ പാർടിയും സംസ്ഥാന സർക്കാരും സ്വീകരിച്ചത്‌.

കരുവന്നൂർ കേസുമായി ബന്ധപ്പെട്ട്‌ കേന്ദ്ര ഏജൻസി നൽകിയ തെറ്റായ വാർത്തകൾ മാധ്യമങ്ങൾ പൊടിപ്പുംതൊങ്ങലുമിട്ട്‌ പ്രസിദ്ധീകരിച്ചു. എ സി മൊയ്‌തീന്റെ വീട്ടിൽനിന്ന്‌ കോടികൾ കണ്ടുകെട്ടിയെന്നു പോലും വാർത്തയുണ്ടായി. വസ്‌തുതയുമായി ഇതിന്‌ ബന്ധമില്ല. രാഷ്ട്രീയ പകപോക്കലാണ്‌ ഇഡിയുടെ ഭാഗത്തുനിന്നുണ്ടായത്‌. കള്ളക്കേസെടുക്കാൻ ഓടിനടക്കുന്ന ഇഡിക്ക്‌ കൊടകര കുഴൽപ്പണക്കേസിൽ അനക്കമുണ്ടായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top