21 December Saturday

എളമരം കരീമിനെ ആക്രമിക്കാൻ ആഹ്വാനം ; വിനു വി ജോണിന്റെ 
ഹർജിയിൽ സ്റ്റേ ഇല്ല

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024


കൊച്ചി
ഏഷ്യാനെറ്റ്‌ ചാനൽ ചർച്ചയ്‌ക്കിടെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന്റെ മുഖത്തടിക്കാൻ ആഹ്വാനം ചെയ്‌തതിന്‌ അവതാരകൻ വിനു വി ജോണിനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹെെക്കോടതി സ്റ്റേ നൽകിയില്ല. എളമരം കരീമിന്റെ പരാതിയിൽ എടുത്ത കേസിൽ തിരുവനന്തപുരം മജിസ്ട്രേട്ട്‌ കോടതിയിലെ നടപടികൾ റദ്ദാക്കണമെന്നായിരുന്നു വിനുവിന്റെ ആവശ്യം. വിചാരണക്കോടതിയിൽ വിനു വി ജോൺ ജനുവരി 20 വരെ നേരിട്ട് ഹാജരാകുന്നതിൽ ജസ്റ്റിസ് വി ജി അരുൺ ഇളവ് അനുവദിച്ചു. ഹർജിയിൽ എളമരം കരീമിന് നോട്ടീസും അയച്ചു.

2022 മാർച്ച് 28ന് സംയുക്ത ട്രേഡ്‌ യൂണിയൻ നടത്തിയ ദേശീയ പണിമുടക്ക്‌ ദിവസത്തെ ചാനൽ ചർച്ചയിലായിരുന്നു വിനുവിന്റെ അക്രമാഹ്വാനം. ‘എളമരം കരീം പോകുന്ന വണ്ടിയൊന്ന്‌ അടിച്ചുപൊട്ടിക്കണമായിരുന്നു. എന്നിട്ട്‌ അതിലുള്ള ആളുകളെ, എളമരം കരീം കുടുംബസമേതമാണെങ്കിൽ അവരെയൊക്കെ ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ വണ്ടിയുടെ കാറ്റഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച്‌ മൂക്കിൽനിന്ന്‌ ചോര വരുത്തണമായിരുന്നു’ എന്നായിരുന്നു ആഹ്വാനം. വിനുവിന്റെ പരാമർശങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയോ മാധ്യമ പ്രവർത്തനത്തിന്റെയോ ഭാഗമായി കാണാൻ കഴിയില്ലെന്ന നിഗമനത്തിലാണ്‌ പൊലീസ് കേസെടുത്തിരുന്നത്. ഹർജി ജനുവരി 20ന് പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top