09 September Monday

തൃക്കാക്കര നഗരസഭ അടിയന്തര കൗൺസിൽയോഗം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 22, 2023


തൃക്കാക്കര
തൃക്കാക്കര നഗരസഭയിലെ 18 പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകി ആവശ്യപ്പെട്ട അടിയന്തര കൗൺസിൽ യോഗം ബുധൻ പകൽ മൂന്നിന്‌ ചേരും. ഒരുവർഷംമുമ്പ് 39–-ാം വാർഡിൽ പണി പൂർത്തിയാക്കിയ പൈപ്പ് ലൈനിന്റെ പേരിൽ ലക്ഷങ്ങളുടെ ബിൽ മാറി നൽകാൻ മുൻ‌കൂർ അനുമതി നൽകിയ നഗരസഭാധ്യക്ഷയുടെ നടപടി ചട്ടപ്രകാരം ചോദ്യം ചെയ്താണ് എൽഡിഎഫ് അംഗങ്ങൾ നോട്ടീസ്‌ നൽകിയത്‌. സ്വതന്ത്ര കൗൺസിലർ പി സി മനൂപ് ഉൾപ്പെടെ പ്രതിപക്ഷത്തെ 18 പേർ ഒപ്പിട്ടാണ്‌ നോട്ടീസ്‌ നൽകിയത്‌.

2021 ഒക്‌ടോബർ മുപ്പതിനാണ് സ്വതന്ത്ര കൗൺസിലർ ഇ പി കാദർകുഞ്ഞിന്റെ വാർഡിലെ ഇ കെ മുഹമ്മദ് റോഡിൽ കുടിവെള്ളക്കുഴൽ പൊട്ടിയത്. നവംബറിൽ നടപടിക്രമങ്ങൾ പാലിക്കാതെ വാർഡ് കൗൺസിലർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നിർമാണം പൂർത്തിയാക്കി. ഓൺലൈനായും അനുമതി തേടിയില്ല.

അഞ്ചുമാസംമുമ്പ് ഫയൽ സെക്രട്ടറിക്കുമുന്നിൽ വന്നപ്പോൾ വ്യക്തതയില്ലാത്തതിനാൽ വിശദീകരണം ചോദിച്ച്‌ മാറ്റിവച്ചു. സെക്രട്ടറി അവധിയിൽ പോയ ഡിസംബറിൽ ചട്ടങ്ങൾ മറികടന്ന് നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ മുൻകൂർ അനുമതിയിലൂടെ ഈ ഫയലിലെ ബിൽ മാറി നൽകാൻ ഉത്തരവിട്ടു. തൊട്ടടുത്ത ദിവസം ചേർന്ന കൗൺസിൽ യോഗങ്ങളിൽ ഒന്നിലും മുൻ‌കൂർ അനുമതി നൽകിയ വിഷയം അജൻഡയിൽ ഉൾപ്പെടുത്താതെ ഭരണസമിതി ഇത് മറച്ചുവച്ചു. നിർമാണം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞെങ്കിലും അടിയന്തരമായി നിർമാണം പൂർത്തിയാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ്‌ അധ്യക്ഷ 11,88,000 രൂപയുടെ മുൻ‌കൂർ അനുമതി നൽകിയത്‌. വാർഡ് കൗൺസിലർ ഇ പി കാദർകുഞ്ഞ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

അക്കൗണ്ട് ക്ലർക്കിന്റെ ശുപാർശയിൽ സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട്‌ ബിൽ പാസാക്കുകയായിരുന്നു. പാസാക്കിയ ഉദ്യോഗസ്ഥന്റെ പേരും ഒപ്പും സീലും ഇതിൽ പതിച്ചിട്ടില്ല. തയ്യാറാക്കിയ ഫയൽ സൂപ്രണ്ടിനെ കാണിക്കാതെ ചെക്ക് പാസാക്കുകയും ചെയ്തു.ചട്ടവിരുദ്ധമായി 11.88 ലക്ഷം രൂപ നഗരസഭയ്‌ക്ക് നഷ്ടപ്പെടുത്തിയത് തിരിച്ചുപിടിക്കണമെന്നും ഇതിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷം കൗൺസിലിൽ ആവശ്യപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top