24 November Sunday

പരീക്ഷ മാറ്റാൻ കെഎസ്‌യു സമരം; മാറ്റേണ്ടെന്ന്‌ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന ആവശ്യത്തിൽനിന്ന്‌ കോൺഗ്രസ്‌ പിന്മാറി. ഈ ആവശ്യമുന്നയിച്ച്‌ സമരവുമായിറങ്ങിയ കെഎസ്‌യു ഇതോടെ വെട്ടിലായി. കെഎസ്‌യുവിന്റെ ക്ലിഫ്‌ഹൗസ്‌ സമരനാടകത്തിന്‌ പിന്നാലെയാണ്‌ പരീക്ഷ നിശ്‌ചയിച്ചപോലെ നടക്കട്ടേയെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനം വിളിച്ച്‌ അറിയിച്ചത്‌. കോൺഗ്രസിന്റെ നിലപാട്‌ താൻ പ്രഖ്യാപിക്കുന്നതാണെന്നും ആശയവിനിമയത്തിലുണ്ടായ ന്യൂനത കാരണമാണ്‌ കെഎസ്‌യു സമരത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളുടെ ഭാവി മുന്നിൽക്കണ്ട്‌ കൃത്യമായ തയ്യാറെടുപ്പോടെ പരീക്ഷാനടത്തിപ്പിന്‌ സർക്കാർ നടപടിയെടുക്കുമ്പോൾ എതിരുനിൽക്കുന്നത്‌ വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും എതിർപ്പിനിടയാക്കുമെന്ന്‌‌ തിരിച്ചറിഞ്ഞാണ്‌ പ്രതിപക്ഷത്തിന്റെ പിന്മാറ്റം. പരീക്ഷയ്‌ക്കെതിരായ നീക്കത്തിന്‌ പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടാകില്ലെന്ന്‌ രാജീവ്‌ഗാന്ധി അനുസ്‌മരണത്തിന്‌ കെപിസിസി ഓഫീസിൽ ഒത്തുചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ അഭിപ്രായമുയർന്നു. ഈ ആവശ്യമുന്നയിച്ച്‌ പ്രത്യക്ഷസമരം വേണ്ടെന്നും അവസരം വീണുകിട്ടിയാൽ സർക്കാരിനെതിരെ ആയുധമാക്കാമെന്നും യോഗത്തിൽ ധാരണയായി.

വാർത്താസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റിന്റെ ആരോപണങ്ങൾ പലതും സ്വയം കുറ്റസമ്മതമായി മാറി. പരീക്ഷകൾ മാറ്റുന്നത്‌ കുട്ടികളെ പിരിമുറുക്കത്തിലാക്കുമെന്നും രക്ഷിതാക്കൾ ഉൽക്കണ്‌ഠയിലാണെന്നുമാണ്‌ മുല്ലപ്പള്ളി പറഞ്ഞത്‌.  പരീക്ഷ സംബന്ധിച്ച അനിശ്‌ചിതത്വം തുടരുന്നത്‌ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന്‌ കണ്ടാണ്‌ പരീക്ഷ വീണ്ടും മാറ്റിവയ്‌ക്കാതെ നടത്തിത്തീർക്കാൻ സർക്കാർ തീരുമാനിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top