എൺപത് ലക്ഷത്തിലധികം ആളുകളെ കോവിഡ് ബാധിച്ചേക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്പ്രിങ്ക്‌ളർ കമ്പനിയുടെ സോഫ്റ്റ് വെയർ ഉപയോഗിച്ചതെന്ന് വിവര സാങ്കേതിക വകുപ്പ് ജോയിന്റ് സെക്രട്ടറി ഹൈക്കോടതിയിൽ സമർപ്പിച്ച വിശദമായ എതിർസത്യവാങ്‌മൂലത്തിൽ പറഞ്ഞു. കമ്പനിയുടെ തലപ്പത്ത് മലയാളിയാണ്. കേരളത്തിലേക്ക് നിക്ഷേപങ്ങൾ സ്വാഗതം ചെയ്യുന്നതിന് വിവിധ പ്രവർത്തനങ്ങൾ 2018 മുതൽ സംഘടിപ്പിച്ചിരുന്നു.
ഇത്തരം പരിപാടികളിൽ പങ്കെടുത്ത കമ്പനിയുമായി നേരത്തെ സർക്കാർ ബന്ധം പുലർത്തിയിരുന്നു. ബിഗ് ഡാറ്റ വിശകലനം ചെയ്യുന്നതിന് കമ്പനിയുടെ സഹായം ആവശ്യമായിവന്നു. കോവിഡ് പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചുവരുന്ന കമ്പനിയെ വിശദമായ പരിശോധനയ്‌ക്കു ശേഷമാണ് നിശ്ചയിച്ചത്. വിവര സാങ്കേതിക വകുപ്പ് വിവിധ തലങ്ങളിൽ ചർച്ച ചെയ്താണ് തീരുമാനമെടുത്തത്.
റേഷൻ കാർഡിലെ വിവരങ്ങൾ ശേഖരിക്കുന്നുവെന്നത് ശരിയല്ല. ന്യൂയോർക്കിൽ കേസ് ഫയൽ ചെയ്യണമെന്നത് സാധാരണ കരാർ വ്യവസ്ഥ മാത്രമാണ്. വ്യവസ്ഥകൾ ലംഘിച്ചാൽ കമ്പനിക്കെതിരെ ഇന്ത്യയിൽ കേസ് നിലനിൽക്കും. സോഫ്റ്റ് വെയർ നിർമിച്ച്നൽകാൻ കേന്ദ്രസർക്കാരിനും നാഷണൽ ഇൻഫർമാറ്റിക് സെന്ററിനും സംസ്ഥാന സർക്കാർ മൂന്ന് കത്ത് നൽകിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കെ സുരേന്ദ്രന്റെ ഹർജി ചട്ടപ്രകാരമല്ല. രമേശ് ചെന്നിത്തല സമർപ്പിച്ച സത്യവാങ്‌മൂലം വാസ്‌തവവിരുദ്ധമാണ്. അദ്ദേഹം രണ്ടു ഹർജികൾ നൽകുകയും ഓരോന്നിലും മറ്റ് ഹർജി നൽകിയിട്ടില്ലെന്ന് പറയുകയും ചെയ്‌തിരുന്നുവെന്നും സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി.
അന്നും ഇന്നും പറഞ്ഞതൊന്ന്
സ്‌പ്രിങ്ക്‌ളർ സോഫ്‌റ്റ്‌വെയർ സംബന്ധിച്ച് ഹൈക്കോടതിൽ സമർപ്പിച്ച വിശദമായ എതിർ സത്യവാങ്‌മൂലത്തിൽ സംസ്ഥാന സർക്കാർ മലക്കംമറിഞ്ഞെന്ന തരത്തിലുള്ള പ്രചാരണം വസ്‌തുതാവിരുദ്ധം. നേരത്തെ കേസ് പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകനാണ് വിശദീകരണ പത്രിക ഹൈക്കോടതയിൽ നൽകിയത്. ഇത് കൂടുതൽ വിശദമാക്കി സർക്കാർ സത്യവാങ്‌മൂലം സമർപ്പിക്കുകമാത്രമാണ് ചെയ്തത്.
ഡാറ്റ സി ഡിറ്റിന്റെ അധീനതയിലുള്ള ആമസോൺ വെബ് ക്ലൗഡിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു. ഇതുതന്നെയാണ് നേരത്തെയും പറഞ്ഞത്. സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്യുന്നതുപോലുള്ള കാര്യങ്ങൾക്കു മാത്രമാണ് സ്‌പ്രിങ്ക്‌ളർ സഹായം വേണ്ടിവരികയെന്നും സർക്കാർ വ്യക്തമാക്കുന്നു. മുംബൈയിലെ ക്ലൗഡിലുള്ള ഡാറ്റ സ്‌പ്രിങ്ക്‌ളറിന്റെ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാണ് വിവരവിശകലനം നടത്തുന്നത്. ഹൈക്കോടതിയുടെ ഏപ്രിൽ 24ന്റെ ഇടക്കാല വിധിക്കുമുമ്പും അതങ്ങനെ തന്നെയാണ്.
സോഫ്റ്റ്‌വെയർ സ്വന്തമായി കൈകാര്യം ചെയ്യാൻ സി ഡിറ്റ് ഇതിനകം പ്രാപ്തി നേടി. സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് എന്തെങ്കിലും സാങ്കേതികമാറ്റം വരുത്താനുള്ള ശേഷിയും സി ഡിറ്റ് നേടിയിട്ടുണ്ട്. സോഫ്റ്റ്‌വെയറിന് പുതിയ പതിപ്പ് ഇറക്കുന്നതുപോലുള്ളതിനേ സ്‌പ്രിങ്ക്‌ളറിനെ ആശ്രയിക്കേണ്ടതുള്ളൂ. അതും ആവശ്യമെങ്കിൽ മാത്രം. ഇക്കാര്യവും നേരത്തെ വ്യക്തമാക്കിയതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..