05 November Tuesday

നിപാ: പ്രതിരോധക്കോട്ട തീർത്ത്‌ മലപ്പുറം

സ്വന്തം ലേഖകര്‍Updated: Monday Jul 22, 2024

മലപ്പുറം > ജില്ലയില്‍ നിപാ ബാധ സ്ഥിരീകരിച്ചതോടെ ഒറ്റക്കെട്ടായി പ്രതിരോധക്കോട്ട കെട്ടി നാട്. തികഞ്ഞ ജാ​ഗ്രതയിൽ ആരോഗ്യവകുപ്പ്, ജില്ലാ ഭരണസംവിധാനം, സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്ഥാപനങ്ങള്‍  എന്നിവയ്ക്കൊപ്പം ജനങ്ങളും അണിനിരന്നു. ഭീതിയിൽ തളരാതെ നിര്‍ദേശങ്ങള്‍ പാലിച്ചും നിയന്ത്രണങ്ങള്‍ സ്വയം ഏറ്റെടുത്തുമാണ് ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലുള്ളവര്‍ പെരുമാറിയത്. സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ച ജനങ്ങളോട് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. മന്ത്രി നേരിട്ടാണ്‌ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ  ഏകോപിപ്പിക്കുന്നത്‌. ശനിയാഴ്‌ച ജില്ലയിലെത്തിയ മന്ത്രി സ്ഥിതി​ഗതി​കള്‍ നിരന്തരം വിശകലനംചെയ്യുന്നുണ്ട്. കലക്ടർ വി ആർ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ് ശശിധരൻ, ആരോഗ്യ ഡയറക്ടർ ഡോ. കെ ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍   ആര്‍ രേണുക, ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, ടാസ്‌ക് ഫോഴ്‌സ് ചുമതലയുള്ള ഉദ്യോഗസ്ഥർ,- ദുരന്തനിവാരണ ഉദ്യോഗസ്ഥർ  എന്നിവരും യോഗങ്ങളില്‍ പങ്കെടുക്കുന്നു.

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിപാ ബാധിച്ച് മരിച്ച പതിനാലുകാരനുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തുകയാണ് ആദ്യലക്ഷ്യം. ജില്ലയിലെ എല്ലാ ജനങ്ങളും മാസ്‌ക്‌ ധരിക്കണമെന്ന്‌ കർശന നിർദേശമുണ്ട്‌.
വിദ്യാര്‍ഥിക്ക് വൈറസ് ബാധയേല്‍ക്കാനിടയായ സാഹചര്യവും കണ്ടെത്തും. ഞായറാഴ്ച ഉച്ചയോടെ മലപ്പുറത്ത് മന്ത്രി വീണാ ജോർജ് തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോ​ഗം വിളിച്ചുചേർത്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ആശുപത്രി പ്രതിനിധികളുമായി ചർച്ച

ഐഎംഎ പ്രതിനിധികളുമായും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായും മന്ത്രി വീണാ ജോർജ്‌ ഓണ്‍ലൈനില്‍ ചർച്ച നടത്തി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്നവരില്‍ ലക്ഷണം കണ്ടാല്‍ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഇവര്‍ പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്.
നിപാ നിയന്ത്രണത്തിനായുള്ള സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജിയർ (എസ്ഒപി) അനുസരിച്ചുള്ള കമ്മിറ്റികൾ ശനിയാഴ്ചതന്നെ പ്രവർത്തനമാരംഭിച്ചിരുന്നു. സർവൈലൻസ്, സാമ്പിൾ ടെസ്റ്റ്, സമ്പർക്ക പട്ടിക തയ്യാറാക്കൽ  എന്നിവയ്ക്കായി 25 കമ്മിറ്റികളാണ്‌ രൂപീകരിച്ചത്‌.
 

ഉറവിടം അമ്പഴങ്ങയെന്ന്‌ സംശയം

പാണ്ടിക്കാട് നിപാ ബാധിച്ച് മരിച്ച പതിനാലുകാരന് എങ്ങനെ വൈറസ് ബാധയേറ്റെന്നത് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോ​ഗ്യവകുപ്പ്. ഈ മാസം പത്തിനാണ് കുട്ടിക്ക് പനി ബാധിച്ചത്. അതിനാൽ ജൂൺ അവസാനവും ജൂലൈയിലെ ആദ്യവുമാകാം വൈറസ് ബാധയേറ്റതെന്നാണ് പ്രാഥമിക നി​ഗമനം. ഈ കാലയളവിൽ കുട്ടി സഞ്ചരിച്ചയിടങ്ങളാണ് ആരോ​ഗ്യവകുപ്പ് അന്വേഷിക്കുന്നത്. കുട്ടിയുടെ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും വിവരങ്ങൾ ശേഖരിക്കും. കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം യാത്രപോയ സമയം അമ്പഴങ്ങ കഴിച്ചതായും വിവരമുണ്ട്. ഇക്കാര്യം ആരോ​ഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. സൂചനയുടെ അടിസ്ഥാനത്തില്‍ ആരോ​ഗ്യവകുപ്പ് അധികൃതര്‍ അമ്പഴങ്ങ ലഭിച്ചെന്ന് കരുതുന്ന സ്ഥലത്ത്  പരിശോധന നടത്തി. ഇവിടെ വവ്വാലുകളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനക്കുശേഷം വരുംദിവസം കൃത്യമായ ഉറവിടം കണ്ടെത്തുമെന്നാണ് പ്രതീക്ഷ.

നിലവിൽ മറ്റ് രോ​ഗികളില്ലാത്തതിനാൽ മരിച്ച വിദ്യാർഥിയാണ് വൈറസ് ബാധയുടെ പ്രഥമ കണ്ണിയെന്ന് (ഇൻഡക്സ് കേസ്) കരുതുന്നു. ഇക്കാലയളവില്‍ കുട്ടി മറ്റ് ജില്ലകളില്‍ പോയിട്ടില്ലെന്നാണ് വിവരം. വിദ്യാർഥി 11നാണ് അവസാനമായി സ്കൂളിൽ പോയത്. ഇത്രദിവസം കഴിഞ്ഞിട്ടും കൂടുതൽ ആളുകൾക്ക് രോ​ഗലക്ഷണങ്ങൾ ഇല്ലാത്തത് ആശ്വാസകരമാണെന്ന് മന്ത്രി വീണാ ജോർജ്  പറഞ്ഞു.

ആശ്വാസം, ജാ​ഗ്രത തുടരും

ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം. ഞായറാഴ്ച  പരിശോധിച്ച  ഏഴുപേരുടെ ഫലം നെഗറ്റീവായതിന്റെ ആശ്വാസമുണ്ടെങ്കിലും കനത്ത ജാഗ്രതയിലാണ് നാട്. ആരോ​ഗ്യപ്രവർത്തകരുടെയും തദ്ദേശസ്ഥാപന പ്രതിനിധികളുടെയും നേതൃത്വത്തിൽ ഇരു പഞ്ചായത്തിലെയും വീടുകൾ സന്ദർശിച്ച് പരിശോധനയും ബോധവൽക്കരണവും നടത്തുന്നുണ്ട്. ഞായറാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് ജനം പൂർണമായും സഹകരിച്ചു. ആളുകൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി. മദ്രസകൾക്കും അവധിയായിരുന്നു. വിവാ​ഹം, ​ഗൃ​ഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ ആളുകളെ കുറയ്‌ക്കണമെന്നാണ്‌ ജില്ലാ ഭരണസംവിധാനത്തിന്റെ നിർദേശം. പ്രദേശത്തെ ഒരു വീട്ടിൽ നടത്താനിരുന്ന പിറന്നാൾ ആഘോഷം ഒഴിവാക്കി. കടകൾ രാവിലെ 10മുതൽ വൈകിട്ട് അഞ്ചുവരെമാത്രമാണ് പ്രവർത്തിച്ചത്. ഞായറാഴ്ച നിപാ ബാധിച്ച് മരിച്ച പാണ്ടിക്കാട് സ്വദേശി ആനക്കയം പഞ്ചായത്ത് പരിധിയിലെ സ്‌കൂളിലാണ് പഠിക്കുന്നത്. അതിനാലാണ്‌ ഇവിടെയും നിയന്ത്രണം.

നിപാ: വളർത്തുമൃഗങ്ങളുടെ കണക്കെടുപ്പ്‌ ഇന്നുമുതൽ

നിപാ ബാധിച്ച്‌ മരിച്ച കുട്ടിയുടെ ചെമ്പ്രശേരിയിലെ വീടിന്റെ ഒരുകിലോമീറ്റർ പരിസരത്തെ വളർത്തുമൃഗങ്ങളുടെ കണക്കെടുപ്പ്‌ തിങ്കളാഴ്‌ച ആരംഭിക്കും. ഇതിന്‌ മൃഗസംരക്ഷണ വകുപ്പ്‌ നടപടി തുടങ്ങി. പ്രദേശത്തെ വളർത്തുമൃഗങ്ങളിൽനിന്ന് സാമ്പിൾ ശേഖരിച്ച്‌ പരിശോധനക്ക് അയക്കും. മരിച്ച കുട്ടിയുടെ വീട്ടിൽ കോഴി, കാട എന്നിവമാത്രമാണുള്ളതെന്നാണ്‌ പ്രാഥമികവിവരം. ഇവയുടെ സ്രവവും രക്തവും ശേഖരിച്ച്‌ പരിശോധിക്കും. പ്രദേശത്ത്‌ പക്ഷിയോ മൃഗങ്ങളോ അസ്വാഭാവികമായി ചത്തിട്ടുണ്ടോയെന്നും പരിശോധിക്കും.

വവ്വാലിന്റെ സാന്നിധ്യം

ചെമ്പ്രശേരി പ്രദേശത്ത്‌ വവ്വാലിന്റെ സാന്നിധ്യമുണ്ടോയെന്ന കാര്യവും മൃഗസംരക്ഷണ വകുപ്പ്‌ പരിശോധിക്കും. പ്രദേശത്ത്‌ വവ്വാലിനെ കാണാറുണ്ടെന്നാണ്‌ നാട്ടുകാർ പറയുന്നത്‌. വവ്വാൽ, പന്നി എന്നിവയിൽനിന്നാണ് വൈറസ്‌ പകരുന്നതെന്നാണ്‌ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്‌. കുട്ടിയുടെ വീടിന്റെ പത്ത്‌ കിലോമീറ്റർ ചുറ്റളവിൽ പന്നി ഫാമുകളില്ല. മൃഗസംരക്ഷണ വകുപ്പ്‌ ശേഖരിക്കുന്ന സാമ്പിളുകൾ തിരുവനന്തപുരം പാലോടുള്ള സ്‌റ്റേറ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ അനിമൽ ഡിസീസിലേക്കും (എസ്‌ഐഎഡി) ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്കും (ഐസിഎആർ)ആണ്‌ അയക്കുക.

വവ്വാൽ സാമ്പിളും ശേഖരിച്ചേക്കും

ചെമ്പ്രശേരി ഭാഗത്തുനിന്ന് വവ്വാലിന്റെ സാമ്പിളുകൾ ശേഖരിക്കുന്നതും പരിഗണനയിലുണ്ട്‌. ഇതിന് വനംവകുപ്പ് നേതൃത്വം നൽകും. 2018ൽ കോഴിക്കോട്‌ ചങ്ങാരോത്ത്‌ നിപാ സ്ഥിരീകരിച്ചപ്പോൾ പുണെയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയിലെ പ്രത്യേക സംഘം എത്തിയാണ്‌ വവ്വാലിനെ പിടികൂടി സാമ്പിളുകൾ ശേഖരിച്ചത്‌.

ഐസൊലേഷനിലുള്ളവരെ സഹായിക്കാന്‍ വള​ന്റിയര്‍മാര്‍

പാണ്ടിക്കാട് നിപാ സ്ഥിരീകരിച്ചതോടെ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കാൻ തദ്ദേശസ്ഥാപനങ്ങൾ വള​ന്റിയർമാരെ നിയോ​ഗിച്ചു. തദ്ദേശപ്രതിനിധികളുടെ യോ​ഗത്തിൽ മന്ത്രി വീണാ ജോർജ് ഇതിന് നിർദേശം നൽകിയിരുന്നു. ഇത്തരം വീടുകളിലുള്ള വളർത്തുമൃ​ഗങ്ങളുടെ പരിചരണവും വള​ന്റിയർമാർ ഏറ്റെടുക്കും.

പ്രതിരോധ പ്രവർത്തനങ്ങൾ കൃ‍ത്യമായി നടത്താനും ഐസൊലേഷനിൽ കഴിയുന്നവർക്ക് പിന്തുണ ഉറപ്പാക്കാനുമാണ്‌ തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോ​ഗം ഓൺലൈനായി ചേർന്നത്. പാണ്ടിക്കാട്, ആനക്കയം, പോരൂർ, കീഴാറ്റൂർ, തുവ്വൂർ പഞ്ചായത്ത് പ്രസിഡന്റുമാരും പെരിന്തൽമണ്ണ, മഞ്ചേരി നഗരസഭാ അധ്യക്ഷന്മാരും പങ്കെടുത്തു.



പനി ക്ലിനിക്കുകൾ ആരംഭിക്കും

നിപാ സ്ഥിരീകരിച്ച പഞ്ചായത്തിനുസമീപമുള്ള വണ്ടൂർ, നിലമ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിക്കും. പനിബാധിതരായി എത്തുന്നവർ മറ്റ് രോ​ഗികളുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കാനാണ് ആരോഗ്യകേന്ദ്രങ്ങളിൽ പ്രത്യേകം പനി ക്ലിനിക്കുകൾ തുടങ്ങുന്നത്.

നിപാ: മലപ്പുറത്ത്‌ പ്ലസ് വൺ പ്രവേശനം പ്രോട്ടോകോൾ പാലിച്ച്

തിങ്കളാഴ്‌ച മലപ്പുറത്ത്‌ നടക്കുന്ന പ്ലസ്‍ വൺ പ്രവേശനത്തിൽ നിപാ പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലായി മൂന്ന് ഹയർ സെക്കൻഡറി സ്‌കൂളാണുള്ളത്. ഇവിടെ കൃത്യമായ സാമൂഹ്യ അകലം പാലിച്ചും എൻ 95 മാസ്ക് ധരിച്ചുമാണ്‌ കുട്ടികളും രക്ഷിതാക്കളും പ്രവേശനത്തിന്‌  എത്തേണ്ടത്. സാനിറ്റൈസർ ഉപയോഗിക്കുകയും ആൾക്കൂട്ടം ഒഴിവാക്കുകയും വേണം. സമ്പർക്ക പട്ടികയിലുള്ളവർ ഹാജരാവുന്നെങ്കിൽ അതത്‌ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരെ അറിയിക്കണം. ഇവർ പൊതുവാഹനങ്ങൾ ഉപയോഗിക്കാതെ സ്വകാര്യ വാഹനത്തിൽ സ്‌കൂളിൽ നേരത്തേ അറിയിച്ചുവേണം ഹാജരാകാൻ. പ്രവേശന നടപടി വേഗത്തിൽ  പൂർത്തിയാക്കണം.

മറ്റിടങ്ങളിലും സാമൂഹ്യ അകലം പാലിച്ചും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചും നിപാ പ്രോട്ടോകോൾ പാലിച്ചുംമാത്രമേ നടത്താവൂ. ഇതിന്‌ പൊലീസിന്റെ സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ചതായും വീണാ ജോർജ്‌ പറഞ്ഞു.
 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top