24 December Tuesday

പൌരോഹിത്യത്തെ വെല്ലുവിളിച്ച അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ഇന്നും പ്രസക്തി

കെ എന്‍ സനില്‍Updated: Monday Aug 22, 2016

അരുവിപ്പുറം > നെയ്യാറില്‍നിന്നുവീശുന്ന കാറ്റിന് ഇന്നും ആ വെല്ലുവിളിയുടെ ഗാംഭീര്യമുണ്ട്. നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ് എന്ന് സവര്‍ണമേലാളന്മാരോട് വിളിച്ചുപറഞ്ഞ ഗാംഭീര്യം. കേരളക്കരയിലെ പൌരോഹിത്യ ആധിപത്യത്തിനുമേല്‍ പതിച്ച ആദ്യത്തെ പ്രഹരമായിരുന്നു ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ. ശ്രീനാരായണഗുരു കൊളുത്തിവിട്ട സാമൂഹ്യപരിഷ്കരണപോരാട്ടങ്ങളുടെയും അതില്‍നിന്ന് ഊര്‍ജമാവാഹിച്ച് വളര്‍ന്ന തൊഴിലാളിവര്‍ഗ പോരാട്ടങ്ങളുടെയും കരുത്തില്‍ ജന്മിത്തവും നാടുവാഴിത്തവും ഇല്ലാതായെങ്കിലും പൌരോഹിത്യം നിലനില്‍ക്കുന്ന സമൂഹത്തില്‍ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ഇന്നും പ്രസക്തിയേറെ.

1888 മാര്‍ച്ച് 11ന് ഞായറാഴ്ച(കൊല്ലവര്‍ഷം 1063 കുംഭം 29 ശിവരാത്രി ദിവസം)യാണ് ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടന്നത്. അരുവിപ്പുറത്ത് നെയ്യാറിനുതീരത്തെ ഗുഹയില്‍ ഏറെനേരത്തെ ധ്യാനത്തിനുശേഷമാണ് അദ്ദേഹം പ്രതിഷ്ഠ നടത്തിയത്. നെയ്യാറില്‍ ശങ്കരന്‍കുഴിയില്‍നിന്ന് മുങ്ങിയെടുത്ത വലിയ കല്ലാണ് അദ്ദേഹം ശിവപ്രതിഷ്ഠയ്ക്കായി ഉപയോഗിച്ചത്. പ്രതിഷ്ഠയ്ക്കുസമീപം അദ്ദേഹം തന്റെ പ്രസിദ്ധമായ 'ജാതിഭേദം മതദ്വേഷം  ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്ന മഹാസന്ദേശവും  ആലേഖനംചെയ്തു.

പൌരോഹിത്യത്തെ ചട്ടമ്പിസ്വാമി സൈദ്ധാന്തികമായി നേരിട്ടപ്പോള്‍ അതിന് പ്രായോഗികഭാഷ്യം ചമയ്ക്കുകയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരു. ബ്രാഹ്മണനല്ലാത്ത ഒരാള്‍ ദൈവപ്രതിഷ്ഠ നടത്തുന്നത് ആദ്യമായിരുന്നു. പൌരോഹിത്യത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ  ചെയ്തത്. കല്ലിലോ ലോഹങ്ങളിലോ മറ്റാരെങ്കിലും നിര്‍മിച്ച സുന്ദരശില്‍പ്പങ്ങളായിരുന്നു ബ്രാഹ്മണപുരോഹിതര്‍ അന്നുവരെ പ്രതിഷ്ഠിച്ചത്. അതിനുപകരം പ്രകൃതിതന്നെ മിനുക്കിയെടുത്ത കല്ല് പുഴയില്‍നിന്ന് മുങ്ങിയെടുത്ത് പ്രതിഷ്ഠിക്കുകവഴി ആരാധനാസങ്കല്‍പ്പങ്ങളെ അദ്ദേഹം പൊളിച്ചെഴുതി. ശില്‍പ്പിയോ പൂജാരിയോ ആവശ്യമില്ലെന്നും ആര്‍ക്കും പ്രതിഷ്ഠനടത്താം, ആരാധിക്കാം എന്ന് അദ്ദേഹം ഇതിലൂടെ പ്രഖ്യാപിച്ചു.

ജാതിവ്യവസ്ഥയും അതിന് നേതൃത്വംനല്‍കുന്ന പൌരോഹിത്യവും ഇന്നും നിലനില്‍ക്കുന്നതിനാല്‍ അരുവിപ്പുറത്തുനിന്ന് ഗുരുദേവനുയര്‍ത്തിയ കലാപത്തിന്റെ പ്രസക്തി ഇന്നും നിലനില്‍ക്കുകയാണ്. ജാതിവ്യവസ്ഥ ഉലയാതെനില്‍ക്കുന്നതിനാലാണ് ഇന്നും ആരാധനയ്ക്കുള്ള പലവിധ വിലക്കുകള്‍ തുടരുന്നത്. അദ്ദേഹത്തിന്റെ പൌരോഹിത്യത്തിനെതിരായ പേരാട്ടങ്ങളുടെ തുടര്‍ച്ചയാണ് കണ്ണാടിപ്രതിഷ്ഠയും നമുക്ക് ജാതിയോ മതമോ ഇല്ല എന്ന പ്രഖ്യാപനവും. താന്‍തന്നെ രൂപംകൊടുത്ത എസ്എന്‍ഡിപിയുടെ അന്നത്തെ നേതൃത്വത്തിന്റെ നിലപാടുകളെ തള്ളിക്കൊണ്ടാണ് നാം ഏതെങ്കിലും പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല എന്ന വിളംബരം അദ്ദേഹം നടത്തിയത്. ഗുരുവിനെ ഈഴവ സമുദായാംഗമായി അന്നത്തെ എസ്എന്‍ഡിപി നേതൃത്വം ഉയര്‍ത്തിക്കാട്ടിയപ്പോഴാണ് നമുക്ക് ജാതിയോ മതമോ ഇല്ല എന്ന വിളംബരം അദ്ദേഹം നടത്തിയത്്. മതാധിപത്യത്തിനും പൌരോഹിത്യത്തിനുമെതിരായി പോരാടാന്‍ ശ്രീനാരായണദര്‍ശനങ്ങള്‍ പിന്തുടരുന്നവര്‍ക്കെല്ലാം ബാധ്യതയുണ്ടെന്ന സന്ദേശമാണ് അരുവിപ്പുറം നല്‍കുന്നത്. ശ്രീനാരായണ പ്രസ്ഥാനത്തെ ഹൈന്ദവപൌരോഹിത്യത്തിന്റെ തൊഴുത്തില്‍കെട്ടാനുള്ള നീക്കം നടക്കുന്ന കാലത്ത് ഏറെ പ്രസക്തമാകുകയാണ് അരുവിപ്പുറം പ്രതിഷ്ഠ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top