തൃക്കാക്കര
തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ പി എം യൂനസിന്റെ രാജിക്കത്ത് പൂഴ്ത്തിയ മുനിസിപ്പൽ കമ്മിറ്റിക്കെതിരെ മുസ്ലിംലീഗിൽ പോരുമുറുകുന്നു. കത്തിൽ ഉടൻ തീരുമാനം എടുക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം ലീഗ് നേതാക്കൾ രംഗത്തെത്തി. പാർടി വാട്‌സാപ് ഗ്രൂപ്പിൽ ഇരുവിഭാഗവും ഏറ്റുമുട്ടൽ തുടരുകയാണ്.
വൈസ് ചെയർമാൻ പദവി സ്വതന്ത്ര അംഗം അബ്ദു ഷാനയ്‌ക്ക് നൽകാമെന്ന വാഗ്ദാനം നടപ്പാക്കുന്നതിനാണ് യൂനസ് രാജിസന്നദ്ധത അറിയിച്ച് മുനിസിപ്പൽ കമ്മറ്റിക്ക് കത്ത് നൽകിയത്. അബ്ദുവിന് പദവി ഏതാനും നേതാക്കളുടെ വാഗ്ദാനം ആയിരുന്നെന്നും പാർടി തീരുമാനം അല്ലെന്നുമാണ് മറുവിഭാഗത്തിന്റെ വാദം.
അബ്ദുവിന് പദവി വാഗ്ദാനംചെയ്‌ത ജില്ലാ നേതാക്കളെ പാർടി നടപടി എടുത്ത് മുനിസിപ്പൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. അതിനാലാണ് യൂനസ് മുനിസിപ്പൽ കമ്മിറ്റിക്ക് കത്ത് നൽകിയത്. കത്ത് മണ്ഡലം, ജില്ലാ കമ്മിറ്റികൾക്ക് കൈമാറി തീരുമാനം വേഗത്തിൽ നടപ്പാക്കണമെന്ന ആവശ്യം ഒരുവിഭാഗം ശക്തമാക്കിയിട്ടുണ്ട്.
യൂനസ് രാജിവച്ചാൽ വനിതാ ലീഗ് ജില്ലാ ഭാരവാഹികൂടിയായ സജീന അക്ബറിനെയോ സംസ്ഥാന കൗൺസിൽ അംഗം എ എ ഇബ്രാഹിംകുട്ടിയെയോ വൈസ് ചെയർമാനായി ജില്ലാ നേതൃത്വം തീരുമാനിക്കും എന്ന് ആശങ്കയുള്ള മുനിസിപ്പൽ നേതൃത്വം യൂനസിനോട് തുടരാൻ നിർദേശിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ യോഗം ചേരാനോ കത്ത് മേൽകമ്മിറ്റിക്ക് വിടാനോ ഇവർ തയ്യാറല്ല. ലീഗിലെ ചേരിപ്പോര് വരുംദിവസങ്ങളിൽ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..