08 September Sunday

ബംഗളൂരുവിൽ പൊള്ളലേറ്റ്‌ കുടുംബത്തിലെ 3 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 22, 2022


കുഴൽമന്ദം
ബംഗളൂരുവിൽ തീപ്പൊള്ളലേറ്റ്‌ മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു. പാലക്കാട് തേങ്കുറുശി മഞ്ഞളൂർ പ്രീതി നിവാസിൽ എസ് സന്തോഷ്‌കുമാർ (55), ഭാര്യ ഓമന (45), മകൾ സനുഷ (17) എന്നിവരാണ് മരിച്ചത്.  ബംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വാടകവീട്ടിൽ വെള്ളി രാവിലെ ആറോടെയാണ് അപകടം.

സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചതാണെന്നാണ് പൊലീസ് നൽകുന്ന സൂചന. വീട്ടിൽനിന്ന് തീ പടരുന്നത്‌ ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ ആദ്യം രക്ഷിക്കാൻ ശ്രമിച്ചു. തുടർന്ന്‌ അഗ്നിരക്ഷാ സേനയെത്തി തീ അണച്ചപ്പോഴേയ്ക്കും ഓമനയും സനുഷയും മരിച്ചു. സന്തോഷ്‌കുമാർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. എച്ച്‌എസ്ആർ ലേഔട്ട് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ മടിവാള സെന്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്‌. 

35 വർഷമായി സന്തോഷ്‌കുമാർ ബംഗളൂരുവിലാണ് സ്ഥിരതാമസം. എച്ച്എസ്ആർ ലേഔട്ടിൽ ഇരുനില വീടിന്റെ താഴത്തെ നിലയിൽ വാടകയ്‌ക്കാണ്‌ കുടുംബം താമസിച്ചിരുന്നത്‌. നിർമാണ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരനായ സന്തോഷ്‌കുമാർ ബൊമ്മനഹള്ളിയിൽ എസ്എൽഎൻ എൻജിനിയറിങ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. മകൾ സനുഷ പ്ലസ് വൺ വിദ്യാർഥിനിയാണ്‌.പരേതരായ ശേഖരൻ നായരുടെയും തങ്കമാളു അമ്മയുടെയും മകനാണ്‌ സന്തോഷ്‌കുമാർ. സഹോദരങ്ങൾ: ശാന്ത അമ്മാളുക്കുട്ടി (ബംഗളൂരു), ശങ്കുണ്ണി (റിട്ട. ആർമി ), പാർവതി വത്സല (ബംഗളൂരു), ഭരത് പ്രസാദ് (ഫിലിം ഓപ്പറേറ്റർ), മണികണ്ഠൻ (ബംഗളൂരു), പ്രീതി (ബംഗളൂരു).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top