22 October Tuesday

അവധൂതാശ്രമം സ്വാമിയെ ആക്രമിച്ച 
ബിജെപി ജില്ലാസെക്രട്ടറിക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024


കൊല്ലം
അഞ്ചൽ ഭാരതീപുരത്തെ അവധൂതാശ്രമം ചുമതലക്കാരനായ സ്വാമി നിത്യാനന്ദഭാരതിയെ ആക്രമിച്ച ബിജെപി ജില്ലാസെക്രട്ടറി കെ ആർ രാധാകൃഷ്‌ണനെതിരെ കേസെടുത്തു. അഞ്ചുദിവസം മുമ്പ്‌ നടന്ന ആക്രമണത്തിൽ ഏരൂർ പൊലീസാണ്‌ കേസെടുത്തത്‌. ആശ്രമത്തിലെ പുതിയ ക്ഷേത്രം സന്ദർശിക്കാനെന്ന പേരിൽ എത്തിയ രാധാകൃഷ്‌ണനും സംഘവും തിടപ്പള്ളിയോട്‌ ചേർന്ന മുറിയിൽ വിശ്രമിക്കുകയായിരുന്ന സ്വാമിക്കു നേരെ അസഭ്യവർഷം നടത്തി കാവിവസ്‌ത്രം വലിച്ചുകീറുകയും കണ്ണട പൊട്ടിക്കുകയുമായിരുന്നു. കഴുത്തിന്‌ കുത്തിപ്പിടിച്ചും മുഖത്തിടിച്ചും ക്രൂരമായി മർദിച്ചു. നാടുവിട്ടില്ലെങ്കിൽ കൊല്ലുമെന്ന്‌  ഭീഷണിമുഴക്കി. പൊലീസ്‌ സംരക്ഷണം വേണമെന്ന്‌ സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്‌.  കുറെനാൾ മുമ്പ്‌ സദാനന്ദപുരത്തുള്ള അവധൂതാശ്രമത്തിലെ മുതിർന്ന അംഗം സ്വാമി രാമാനന്ദഭാരതിക്കും മർദനമേറ്റിരുന്നു. കൊട്ടാരക്കര സിഐയുടെ നേതൃത്വത്തിൽ ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നു. ആശ്രമം വക കോടികളുടെ സ്വത്തുമായി ബന്ധപ്പെട്ടാണ്‌ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളെന്ന്‌ പൊലീസ്‌ പറയുന്നു.

സദാനന്ദപുരം ആശ്രമത്തിന്റെ ശാഖയാണ്‌ ഭാരതീപുരത്തുള്ളത്‌. ആറുവർഷമായി ഈ ആശ്രമത്തിന്റെ ചുമതലക്കാരനാണ്‌ നിത്യാനന്ദഭാരതി. മഠാധിപതിയായ ചിതാനന്ദഭാരതിയുടെ അനുമതിയോടെ ഭാരതീപുരത്ത്‌ പുതിയ ക്ഷേത്രനിർമാണം തുടങ്ങിയത്‌. പൂർത്തീകരണഘട്ടത്തിലാണ്‌. തന്നെ പുറത്താക്കി ഈ ക്ഷേത്രവും വരുമാനവും കൈക്കലാക്കുകയാണ്‌ ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്ന്‌ നിത്യാനന്ദ ഭാരതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ നിത്യാനന്ദഭാരതിക്കെതിരെ നൽകിയ പരാതിയിലും കേസുണ്ട്‌.

രാമാനന്ദഭാരതിയെ നേരത്തെ ബിജെപി ഭൂമാഫിയസംഘമാണ്‌ മുളക്‌ പൊടിയെറിഞ്ഞശേഷം മർദിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചത്‌. മുഖംമൂടി ധരിച്ചെത്തിയാണ്‌ അഞ്ചുപേർ ആക്രമിച്ചത്‌. 130 വർഷത്തിലധികം പഴക്കമുള്ളതാണ്‌ അവധൂതാശ്രമം. ആശ്രമത്തിന്‌ സദാനന്ദപുരത്ത്‌ 115 ഏക്കറും ഭാരതീപുരത്ത്‌ 41 ഏക്കറും കൊട്ടാരക്കരയിൽ മൂന്ന്‌ ഏക്കറും ഭൂമിയുണ്ട്‌. 250 കിലോ വെള്ളി,  അഞ്ച്‌  കിലോ സ്വർണം,  ആനക്കൊമ്പുകൾ എന്നിവയും സ്വത്തുക്കളിൽപെടുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top