മൂവാറ്റുപുഴ
കൈക്കൂലിക്കേസിൽ മൂവാറ്റുപുഴ മുൻ ആർഡിഒ കാഞ്ഞിരപ്പള്ളി കുന്നപ്പിള്ളി പട്ടിമറ്റം വെച്ചുകുന്നേൽവീട്ടിൽ വി ആർ മോഹനൻപിള്ളയ്‌ക്ക് (63) ഏഴുവർഷം കഠിനതടവ്. അഴിമതിനിരോധന നിയമപ്രകാരം മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്‌ജി എൻ വി രാജുവാണ് ശിക്ഷ വിധിച്ചത്. 25,000 രൂപ പിഴയും അടയ്‌ക്കണം.
മഞ്ഞള്ളൂർ വില്ലേജിലെ വാഴക്കുളം വേങ്ങച്ചുവട്ടിൽ പാടത്തോടുചേർന്നുള്ള ഭൂമിയിലെ ഇടിഞ്ഞുവീണ സംരക്ഷണഭിത്തി നിർമാണത്തിന്റെ പേരിൽ 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ. ആലുവ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ നടത്തിപ്പുകാരൻ വീട്ടൂർ സ്വദേശി വരിക്ലായിൽ മാത്യു വി ഡാനിയേലായിരുന്നു പരാതിക്കാരൻ. നിർമാണം തടയാതിരിക്കാൻ 2016 മെയ് 24ന് മോഹനൻപിള്ള 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിക്കാരൻ വിവരം വിജിലൻസിൽ അറിയിച്ചു. മെയ് 30ന് വിജിലൻസ് ഒരുക്കിയ കെണിയിൽ മോഹനൻപിള്ള കുടുങ്ങി. പണം വാങ്ങുന്നതിനിടെ എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി എം എൻ രമേശാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്‌പി ഡി അശോക്‌കുമാർ കുറ്റപത്രം സമർപ്പിച്ചു.
കഴിഞ്ഞ മെയ് 24ന് തുടങ്ങിയ വിചാരണയിൽ 25 സാക്ഷികളെെ വിസ്തരിച്ചു. പരാതിക്കാരനും മറ്റൊരാളും വിചാരണക്കാലത്ത് കൂറുമാറിയെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ജാമ്യം ലഭിക്കാത്തതിനാൽ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലടച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി എ സരിത ഹാജരായി.
തിരുവനന്തപുരം
പോക്കുവരവ് നടത്താൻ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർക്ക് ഏഴു വർഷം തടവും 20,000 രൂപ പിഴയും. പാങ്ങോട് വില്ലേജ് ഓഫീസറായിരുന്ന സജിത് എസ് നായരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. 2015ലാണ് കേസിനാസ്‌പദമായ സംഭവം. പരാതിക്കാരിയുടെ മകളുടെ പേരിലുള്ള പുരയിടം പോക്കുവരവ് ചെയ്ത് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്‌ത് ഡിവൈഎസ്‌പിയായിരുന്ന ആർ മഹേഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..